എംടി.യെ പ്പോലെ മറ്റൊരെഴുത്തുകാരനും മലയാള ഭാഷയെ കയ്യിലെടുത്ത് ഇത്രയേറെ താലോലിച്ചിട്ടില്ല.വഴുതിപ്പോയൊരു വാക്കോ വെറുതെ വീണൊരു ശബ്ദമോ ഇല്ലാതെ എം.ടി. എഴുതി.പൗർണമി രാവിൽ നിളയിലലിഞ്ഞ നിലാവ് പോലെ മലയാള ഭാഷാ സാഹിത്യത്തിൽ ഒളിമിന്നി കുളിർ ചീകി പരന്നുകിടക്കുന്നുണ്ട് ആ ഭാവനാ വിലാസം.പ്രണയ സാന്ദ്രമായ അജന്താ ശില്പങ്ങൾ പോലെ എം.ടിയുടെ ഭാവാത്മകത നറുമഞ്ഞിൻ്റെ നിഷ്ക്കളങ്കതയോടെ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാതെ പടർന്നുകിടക്കുന്നു.പ്രണയവും വൈകാരികതയും വറ്റിപ്പോയി യാന്ത്രികത പാകപ്പെടുത്തിയ പുതിയ കാലത്തെ ഏറ്റവും ഒടുവിലത്തെ പടവുകളിൽ നിന്നാണ് എം ടി എഴുതി നടന്നു കയറിയത്.പഴയ കാലത്തിന്റെ ക്ലാവ് പിടിച്ച ചുവരുകളും അതിനുള്ളിൽ അന്യവല്ക്കരിക്കപ്പെട്ട ജന്മങ്ങളുടെ ഗദ്ഗദങ്ങളുടെ ശബ്ദവും അതിലുണ്ടായിരുന്നു. കാലത്തിൻ്റെ കാണാ തീരങ്ങളിലെവിടെയോ മറഞ്ഞ കെയ്ത്തിൻ്റെയും വിതയുടെയും ഘോഷ സ്മൃതികളുടെ ഒരു കാലം ഞരക്കത്തോടെ മറയുന്നതിന്റെ ഒടുക്കത്തെ കാഴ്ചയയും എം.ടിയുടെ എഴുത്തിൽ മിന്നിമറിയുന്നുണ്ടായിരുന്നു.
ഒടുക്കം വിള്ളൽ വീണ് തകരാനിരുന്ന നാലുകെട്ടു വിട്ട് പുറത്തു കടക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ പുതിയ ലോകത്തിന്റെ വെയിലിലേക്ക് നടക്കുമ്പോഴുള്ള കിതപ്പുകളും പങ്കപ്പാടും ഉത്സാഹവും അതിലുണ്ടായിരുന്നു.. ബന്ധങ്ങളുടെ സാമൂഹ്യഘടനകളിലുണ്ടായ മാറ്റവും വൈകാരികത വെടിഞ്ഞ് യാന്ത്രികതയാൽ നിർവ്വികാരമായിപ്പോയ പുതിയ കാലത്തിൻ്റെ കരിപുരണ്ട അമാവാസിയും എഴുത്തിലുണ്ടായിരുന്നു..
മലയാളി നാടനായ് നടന്ന നടപ്പാത വിട്ട് ആധുനികതയിലേക്ക് നടന്ന നടവരമ്പിൽ എം.ടി. സത്യസാക്ഷിയും അതിന്റെ എഴുത്തുകാരനുമൊക്കെയായിരുന്നു. മലയാളമെന്നൊരു ഭാഷ അതിന്റെ മണിപ്രവാള ഭാരങ്ങളഴിച്ചുവെച്ച് ഒരു പുഴയുടെ തെളിമയിലന്നെ പോലെ ലളിത സുന്ദരപൂർണ്ണതയിൽ കണ്ണാടി നോക്കിയത് എം.ടിയിലായിരുന്നു.
ദേശാന്തരങ്ങളുടെ അകം പുറങ്ങൾ തൊട്ട മലയാള സമൂഹത്തിന്റെ ദേശവും ഭാഷയും അതിന്റെ വസന്ത പൂർണ്ണമായ ഋതുഭേദങ്ങളും എം.ടിയിൽ നിറഞ്ഞു പരിലസിച്ചിരുന്നു.മലയാളമെന്ന ദേശം അതിന്റെ ഭാഷയും നന്മയും കൊണ്ടുമാത്രമല്ല അതിന്റെ ഭാവനാ വിശുദ്ധിയുടെ മൂശകൊണ്ടുണ്ടാക്കിയ എഴുത്തുകാരനായിരുന്നു എം.ടി. " പക്ഷെ, അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം എന്ന വാക്കിൽ ഭാഷയും ദേശവും നഷ്ടപ്പെടുന്ന മലയാളിക്ക് എംടി പറഞ്ഞതിൻ നിന്ന് ഊഹിക്കാൻ പലതുമുണ്ടായിരുന്നു.." ഇനിയൊരു മടക്കമില്ലാത്ത യാത്രയിലേക്ക് നടന്നു പോയ ദേശത്തിൻ്റെയും ഋതു സംക്രമങ്ങളുടെയും കഥാകാരാ ഒറ്റയായ മനുഷ്യരുടെ മൗനം കൊണ്ട് നിറച്ചുവെച്ച ചെപ്പുകളാണ് താങ്കൾ എനി ജീവിക്കുക .
ഒരു പക്ഷെ..വീണ്ടും ഞാനവിടെക്ക് ആ പ്രിയപ്പെട്ട നിളയുടെ തീരത്തേക്ക് തിരിച്ച് വരുമെന്ന് പറഞ്ഞ് നമ്മെ മോഹിപ്പിച്ചതും ആശ്വസിപ്പിച്ചതും താനൊര് പരിധിയിലാണെന്ന് സ്വയം ബോധ്യപ്പെടത് കൊണ്ടാവാം !ഒടുവിലെ യാത്ര തൻ ശന്തിനീലിമയിൽ ലയിക്കാൻ നടന്ന കാല്പ്പാടുകൾ നിളയുടെ പഞ്ചാര മണിലിലെന്നും മലയാള ഭാഷ ഉള്ള കാലത്തോളം മായാതെ കിടക്കും...വിമലമാം നറുമഞ്ഞിന്റെ നിർമ്മലതയുള്ള മലയാള ഭാഷയ്ക്ക് എഴുത്താണി കൊണ്ടു കഥവരഞ്ഞ് ഗൃഹാതുരത്വങ്ങളുടെ പ്രണയ വർണ്ണമാം ആകാശോഭയിലേക്ക് കൊണ്ടുപോകാൻ മലയാള സാഹിത്യ തറവാടിൻ്റെ നാലുകെട്ടിൽ " ഇല്ല ഇനി ഇല്ല ഇതുപോലെര് പെരുന്തച്ചനായ് രണ്ടാമൂഴമൊരാൾ".
ബഷീർ വടകര