അടുക്കളമുറ്റത്തെ 'അമൃത്'; കാൻസർ കോശങ്ങളെ തുരത്താൻ മുരിങ്ങയ്ക്ക് കഴിയുമെന്ന് മസ്കത്ത് സർവകലാശാലയുടെ കണ്ടെത്തൽ

മുലക്കാൻസർ, അണ്ഡാശയ കാൻസർ, വയറിലെ കാൻസർ തുടങ്ങിയ കോശങ്ങളിലാണ് പ്രധാനമായും ഗവേഷകർ പരീക്ഷണം നടത്തിയത്. മുരിങ്ങയില സത്ത് ഉയർന്ന അളവിൽ പ്രയോഗിച്ചപ്പോൾ കാൻസർ കോശങ്ങളുടെ അതിജീവന ശേഷി കുറയുകയും അവ പടരുന്നത് ഗണ്യമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു

author-image
Ashraf Kalathode
New Update
WhatsApp

മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട മുരിങ്ങയിലയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള അത്ഭുതകരമായ ശേഷിയുണ്ടെന്ന് ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ (SQU) ഗവേഷകർ. കാൻസർ കോശങ്ങളുടെ വളർച്ച തടയാനും അവയെ സ്വയം നശിപ്പിക്കാനും മുരിങ്ങയിലയുടെ സത്തിന് (Extract) സാധിക്കുമെന്ന് സർവകലാശാലയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് കോളേജിലെ ഡോ. ഷാദിയ ബിൻത് മുഹമ്മദ് അൽ ബഹ്ലാനിയുടെ നേതൃത്വത്തിൽ നടന്ന പഠനം വ്യക്തമാക്കുന്നു.

മുലക്കാൻസർ, അണ്ഡാശയ കാൻസർ, വയറിലെ കാൻസർ തുടങ്ങിയ കോശങ്ങളിലാണ് പ്രധാനമായും ഗവേഷകർ പരീക്ഷണം നടത്തിയത്. മുരിങ്ങയില സത്ത് ഉയർന്ന അളവിൽ പ്രയോഗിച്ചപ്പോൾ കാൻസർ കോശങ്ങളുടെ അതിജീവന ശേഷി കുറയുകയും അവ പടരുന്നത് ഗണ്യമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. ഇതിൽ വയറിലെ കാൻസർ കോശങ്ങളിലാണ് മുരിങ്ങയില സത്ത് ഏറ്റവും വേഗത്തിൽ ഫലം കണ്ടതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കാർഷിക-സമുദ്ര ശാസ്ത്ര വിഭാഗങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ചേർന്നാണ് ഈ പഠനം പൂർത്തിയാക്കിയത്. നിലവിൽ ലബോറട്ടറി തലത്തിൽ നടത്തിയ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എങ്കിലും ഇത് ഒരു ചികിത്സാരീതിയായി മനുഷ്യരിൽ പ്രയോഗിക്കുന്നതിന് മുൻപായി കൂടുതൽ മൃഗപരീക്ഷണങ്ങളും ക്ലിനിക്കൽ ട്രയലുകളും ആവശ്യമാണെന്നും ഡോക്ടർ ഷാദിയ വ്യക്തമാക്കി. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ കാൻസർ ചികിത്സയിൽ പുതിയ വഴിത്തിരിവാകാൻ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.


റിപ്പോർട്ട്: ശാഫി എം.കെ കടപ്പാട്: മസ്കത്ത് ടൈംസ്

gulf medical university