/kalakaumudi/media/media_files/2025/03/19/000mwgWWQvnJjRdlTDi2.jpeg)
ദുബായ്:- നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ലേബർ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെയായി എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- 6 ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനി മെമ്പർമാരായ മുന്നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ മഹത്തായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.
“ഈ അഭിമാനകരമായ പദ്ധതിയുടെ ഭാഗമാകുന്നതിന് മാത്രമല്ല, നമ്മുടെ സമൂഹം ഒന്നായി ചേർന്ന് പരസ്പരം സഹായിക്കാനാകുന്നതിന്റെ മഹത്ത്വം കാണാൻ കഴിഞ്ഞതിലും അതിയായ സന്തോഷമാണ്,” എന്ന് വോളണ്ടിയർ ഷംസ അൽ മുഹൈരി പറഞ്ഞു. “നേരിട്ട് ഇവരുടെ ഇടയിൽ ചെറുതും വലിയതുമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് റമദാനിന്റെ ഐക്യഭാവം ഓർമ്മിപ്പിക്കുന്നു.”
ഈ സംരംഭം, നൂർ ദുബായ് ഫൗണ്ടേഷനും AKCAF അസോസിയേഷനും തമ്മിൽ ഒപ്പുവച്ച പുതിയ ധാരണാപത്ര (MoU) അടിസ്ഥാനത്തിലായുള്ള ആദ്യത്തെ സംരംഭമാണ്. ഭാവിയിൽ കണ്ണ് പരിശോധനാ ക്യാമ്പുകളും ആവശ്യമായ ശസ്ത്രക്രിയകളും നൽകാനുള്ള പിന്തുണയും ഉറപ്പാക്കുന്നതിനായി ഇരുകൂട്ടരും ഒരുമിച്ചു പ്രവർത്തിക്കും.
“സമൂഹക്ഷേമം ലക്ഷ്യമാക്കി നൂർ ദുബായ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ AKCAF അസോസിയേഷൻ ഏറെ അഭിമാനിക്കുന്നതായി AKCAF അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് അഭിപ്രായപ്പെട്ടു.
സൗജന്യ നേത്രപരിശോധന, വായനക്കണ്ണാടികൾ, അത്യാവശ്യ ശസ്ത്രക്രിയകൾ എന്നിവയിലൂടെ UAEയിൽ മാത്രമല്ല, വിദേശത്തും സമൂഹത്തിലെ അനാഥരായവർക്കും ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളവർക്കും സഹായം എത്തിക്കാനാകുമെന്നതിൽ അഭിമാനമുണ്ട്. നൂർ ദുബായ് ഫൗണ്ടേഷന്റെ ദൃശ്യ വൈകല്യം ഇല്ലാതാക്കാനുള്ള പ്രതിജ്ഞ ഞങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ലക്ഷ്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നു. അവരുടെ അതുല്യമായ പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയർപ്പിക്കുന്നു. വെസ്റ്റ് സോൺ, അൽ ജാബർ ഓപ്റ്റിക്കൽ, അലോക്ക ഐ ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളും നേത്രപരിശോധനയും ഭക്ഷണ വിതരണവും സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
“സമൂഹത്തിലെ ദീർഘകാല ആരോഗ്യ നേട്ടങ്ങൾ ഉറപ്പാക്കുക എന്നതാണു് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം,” എന്ന് നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് മെമ്പറും സിഇഒയുമായ ഡോ. മനാൽ തര്യം(Dr. Manal Taryam, Board Member and CEO at Noor Dubai Foundation.) പറഞ്ഞു. “വിഷൻ പരിശോധന, രോഗനിർണയത്തിന് ആവശ്യമായ ആശുപത്രി റഫറലുകൾ, ചികിത്സയ്ക്കുള്ള മരുന്ന്, വായനക്കണ്ണാടികൾ, ശസ്ത്രക്രിയകൾ എന്നിവ സൗജന്യമായി നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഓരോരുത്തർക്കും ‘ദൃശ്യാവകാശം’ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാം ഒന്നിച്ച് പ്രവർത്തിക്കുന്നു.”
ഈ സംരംഭം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ SDG 3, 5, 8, 17 എന്നിവയുമായി പൊരുത്തപ്പെടുന്നു. സമൂഹാരോഗ്യ സംരക്ഷണം, ലിംഗസമത്വം, സാമ്പത്തിക വളർച്ച, ആഗോള പങ്കാളിത്തം എന്നിവയെ ഉൽക്കൃഷ്ടമാക്കുന്ന ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നൂർ ദുബായ് ഫൗണ്ടേഷനും AKCAF അസോസിയേഷനും പ്രതിജ്ഞാബദ്ധരാണ്. പത്രസമ്മേളനത്തിൽ നൂർ ദുബായ് ഫൗണ്ടേഷൻ നാഷണൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി , നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ വി ചന്ദ്രൻ, ഇഫ്താർ ബോക്സ് -6 ജനറൽ കൺവീനർ ജോഷി കെ വി , സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ പങ്കെടുത്തു.