/kalakaumudi/media/media_files/2026/02/03/dep-2026-02-03-15-13-33.jpg)
കുവൈറ്റ് സിറ്റി: ജീവിതശൈലിയിലെ പുരോഗതിയും മികച്ച ആരോഗ്യപരിരക്ഷയും കുവൈറ്റിലെ ജനങ്ങളുടെ ആയുർദൈർഘ്യത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നൂറു വയസ്സ് പിന്നിട്ടവരുടെ എണ്ണം കുവൈറ്റിൽ മുന്നൂറിലധികം പിന്നിട്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 316 പേരാണ് നൂറു വയസ്സ് പൂർത്തിയാക്കി കുവൈറ്റിലുള്ളത്.
ശതാബ്ദി പിന്നിട്ടവരിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ എന്നത് ശ്രദ്ധേയമാണ്. ആകെയുള്ള 316 പേരിൽ 151 പേർ സ്വദേശികളായ കുവൈറ്റികളാണ്. ഇതിൽ 109 സ്ത്രീകളും 42 പുരുഷന്മാരും ഉൾപ്പെടുന്നു. കുവൈറ്റ് ഇതര വിഭാഗത്തിൽപ്പെട്ട പ്രവാസികളിലും സമാനമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. 165 പ്രവാസികളാണ് നൂറാം വയസ്സിലും കുവൈറ്റിൽ ജീവിക്കുന്നത്. ഇതിൽ 127 പേർ സ്ത്രീകളും 38 പേർ പുരുഷന്മാരുമാണ്.
മുബാറക് ഹോസ്പിറ്റലിലെ ഗെരിയാട്രിക് യൂണിറ്റ് മേധാവി ഡോ. അലി അൽഖത്താൻ സൂചിപ്പിക്കുന്നത് പ്രകാരം, ആധുനിക മെഡിക്കൽ സൗകര്യങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ് കുവൈറ്റിൽ വയോധികരുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണം. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം 65 വയസ്സിന് മുകളിലുള്ളവരാണ്. വരും വർഷങ്ങളിൽ ഇത് 10 മുതൽ 15 ശതമാനം വരെയായി വർദ്ധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ കണക്കാക്കുന്നത്. സ്വദേശികളും വിദേശികളുമായി ഏകദേശം ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തിലധികം പേർ ഇപ്പോൾ 65 വയസ്സിന് മുകളിലുള്ളവരായി കുവൈറ്റിലുണ്ട്. ഗൾഫ് മേഖലയിൽ മികച്ച രീതിയിലുള്ള വയോജന പരിചരണവും ആരോഗ്യ സംവിധാനങ്ങളും ഒരുക്കുന്നതിൽ കുവൈറ്റ് മുൻപന്തിയിലാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
