/kalakaumudi/media/media_files/2026/02/08/download-5-2026-02-08-13-05-36.jpg)
വിഭജനം, അതിജീവനം, പൗരത്വം ഒരു ചരിത്രപരമായ പുനർചിന്ത
അഷ്റഫ് കാളത്തോട്
1947-ലെ വിഭജനം വെറുമൊരു ഭൂപടം വരയ്ക്കലായിരുന്നില്ല; അത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിലൂടെ കീറിമുറിച്ച ഒരു വലിയ മുറിവായിരുന്നു. ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മുസ്ലിംങ്ങളുടെയും പാക്കിസ്ഥാനിലും ഇപ്പോഴത്തെ ബംഗ്ലാദേശിലും തുടരാൻ തീരുമാനിച്ച ഹിന്ദു-ക്രിസ്ത്യൻ-സിക്ക് സമുദായക്കാരുടെ തീരുമാനത്തെ കേവലം "ദേശസ്നേഹം" എന്ന വികാരത്തിലോ അല്ലെങ്കിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്ന യുക്തിയിലോ മാത്രം ഒതുക്കി നിർത്തുന്നത് പൂർണ്ണമായ ശരിയാകില്ല. ഇവ രണ്ടിന്റെയും സങ്കീർണ്ണമായ ഒരു മിശ്രിതമായിരുന്നു ആ തീരുമാനം. ഭയവും പ്രതീക്ഷയും ഇഴചേർന്ന ആ കാലഘട്ടത്തിൽ, വേരുകൾ പറിച്ചെറിയുന്നതിനേക്കാൾ വലിയൊരു വേദന മറ്റൊന്നുമുണ്ടായിരുന്നില്ല.
/filters:format(webp)/kalakaumudi/media/media_files/2026/02/08/download-2-2026-02-08-13-05-53.jpg)
ദക്ഷിണേന്ത്യയിലെ മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാൻ എന്നത് ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഭാഷാപരമായും തികച്ചും അപരിചിതമായ ഒരിടമായിരുന്നു. വിഭജനത്തിന്റെ രാഷ്ട്രീയ ചർച്ചകൾ ഉത്തരേന്ത്യൻ കേന്ദ്രീകൃതമായിരുന്നപ്പോൾ, ദക്ഷിണേന്ത്യയിലെ വൈവിധ്യപൂർണ്ണമായ ജീവിതസാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. അവിടെയുള്ളവർക്ക് അന്യമായൊരു ഭൂമികയിലേക്ക് പലായനം ചെയ്യുക എന്നത് ചിന്തിക്കാൻ പോലും ആവാത്ത ഒന്നായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/08/download-1-2026-02-08-13-06-05.jpg)
ഒരു മലയാളി മുസ്ലിമിന് അവന്റെ പ്രാർത്ഥനാ ഭാഷ അറബിയായിരുന്നിരിക്കാം, പക്ഷേ അവന്റെ ചിന്തയുടെയും സ്വപ്നത്തിന്റെയും ഭാഷ മലയാളമായിരുന്നു. ഉറുദു അടിച്ചേൽപ്പിക്കപ്പെട്ട പാകിസ്ഥാനിലേക്ക് പോകുന്നത് സ്വന്തം വ്യക്തിത്വം പണയം വെക്കുന്നതിന് തുല്യമായിരുന്നു. തലമുറകളായി അധ്വാനിച്ചുണ്ടാക്കിയ മണ്ണും സ്വത്തും ബന്ധങ്ങളും—അതിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതത്തിനപ്പുറമുള്ള അരക്കിട്ടുറപ്പിച്ച മൈത്രി—അത് ഉപേക്ഷിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ചോരനീരാക്കി ഉണ്ടാക്കിയ കൃഷിയിടങ്ങളും, കളിച്ചു വളർന്ന നാട്ടുവഴികളും അന്യമാകുന്നതിനേക്കാൾ വലിയൊരു ദുരന്തം അവർക്ക് അനുഭവിക്കാനുണ്ടായിരുന്നില്ല.
/filters:format(webp)/kalakaumudi/media/media_files/2026/02/08/download-2026-02-08-13-06-18.jpg)
കേരളം പോലുള്ള ഇടങ്ങളിൽ വിഭജനകാലത്തെ വർഗീയ ലഹളകളുടെ കയ്പ്പ് കുറവായിരുന്നു. വടക്കേ ഇന്ത്യ കത്തിയെരിയുമ്പോഴും, അയൽക്കാരനായ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വിശ്വസിക്കാൻ ഇവിടുത്തെ മുസ്ലിങ്ങൾക്ക് സാധിച്ചു. ആ വിശ്വാസമാണ് പലരെയും ഇവിടെത്തന്നെ തങ്ങിനിൽക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം.
ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മുസ്ലിംങ്ങൾ കേവലം സ്വത്ത് മോഹിച്ചല്ല ഇവിടെ നിന്നത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്രമായി' മാറില്ലെന്നും, എല്ലാവർക്കും തുല്യ അവകാശമുള്ള 'മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കുമെന്നും' നെഹ്‌റുവിനെയും ഗാന്ധിയെയും പോലുള്ള നേതാക്കൾ നൽകിയ ഉറപ്പിൽ അവർ വിശ്വസിച്ചു. മൗലാനാ അബുൽ കലാം ആസാദിനെപ്പോലുള്ള നേതാക്കളുടെ ദീർഘവീക്ഷണമുള്ള വാക്കുകൾ അവർക്ക് കരുത്തായി. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ മടിച്ച അമുസ്ലീങ്ങളുടെയും അവസ്ഥ. ജനിച്ച മണ്ണും അവിടത്തെ മനുഷ്യരും നൽകുന്ന സ്നേഹം മറന്നു മറ്റൊരിടത്തു ചേക്കേറുക എന്നത് ഒരു ജാതിക്കും മതത്തിനും കഴിയാത്ത കാര്യമാണ്. അത് ഇനി ഏതു മതരാഷ്ട്രത്തിൽ ആയാൽ തന്നെയും മനുഷ്യത്വം എന്ന വികാരം അതിനെയെല്ലാം മറികടന്നു നിൽക്കുന്നു.
അന്നത്തെ ഭൂരിപക്ഷ സമൂഹം കാട്ടിയ സഹിഷ്ണുതയും കരുതലും ആർക്കും വിസ്മരിക്കാൻ കഴിയില്ല. പാകിസ്ഥാൻ ഒരു മതരാഷ്ട്രമായി മാറിയപ്പോൾ, ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായി തുടർന്നത് ഇവിടുത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ കൂടി വിശാലമനസ്കത കൊണ്ടാണ്. എന്നത് ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിൽ പൂത്തുനിൽക്കുന്ന കരുത്താണ്. ഞങ്ങൾ ഇന്ത്യക്കാർ എന്ന് അഭിമാനത്തോടെ അവർ വിളിച്ചു പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മാച്ചിൽ മുസ്ലിം-ഹിന്ദു വിവേചനമില്ല, മറിച്ച് രാഷ്ട്ര വിവേചനമാണ് അവിടെ സ്പന്ദിക്കുന്നത്. അവിടെ ഇന്ത്യയുടെ പരാജയം അവർക്കു സഹിക്കാൻ കഴിയില്ല; ഇന്ത്യയുടെ വിജയത്തിൽ അവർ ആർത്തലച്ച് ആഹ്ലാദിക്കും. അതാണ് മതനിരപേക്ഷമായ യഥാർത്ഥ ദേശീയത.
/filters:format(webp)/kalakaumudi/media/media_files/2026/02/08/download-4-2026-02-08-13-06-40.jpg)
ദേശീയത vs മതം അതാണ് ആധുനിക ഇന്ത്യയിൽ വ്യാപകമാകുന്നത്, അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നത്. ഒരു പൗരന് തന്റെ മതവിശ്വാസം മുറുകെ പിടിക്കുമ്പോൾ തന്നെ രാജ്യത്തോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിക്കേണ്ടി വരുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. പാകിസ്ഥാൻ ഇപ്പോഴും ഇന്ത്യൻ മുസ്ലിങ്ങളുടെ ശത്രു രാജ്യമാണ്, അവിടെ നിന്നും വരുന്ന കടന്നു കയറ്റം ഇന്ത്യൻ മുസ്ലിങ്ങൾക്ക് ഒരിക്കലും സഹിക്കില്ല. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും അത് അങ്ങനെ തന്നെ തുടരണമെന്നുമാണ് ഇന്ത്യൻ മുസ്ലീങ്ങൾ ആഗ്രഹിക്കുന്നത്. ആ നിലപാടിൽ ആർക്കും സംശയമുണ്ടാകേണ്ടതില്ല.
കളിയിൽ പലപ്പോഴും ആരാധകർ മതത്തിനതീതമായി ചിന്തിക്കണം. ഫുട്ബാളിൽ അര്ജന്റീനയെയും മെസ്സിയെയും എങ്ങനെയാണോ ഇന്ത്യക്കാർ സ്നേഹിക്കുന്നത്, അത് തന്നെയാകണം ക്രിക്കറ്റ് കളിയിലായാലും. പാകിസ്ഥാനെ അനുകൂലിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങൾ പോലും ഒരു വലിയ ജനവിഭാഗത്തിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന പ്രവണതയ്ക്ക് ഒരു തരത്തിലുള്ള നീതീകരണവുമില്ല. ഒരാൾ ചെയ്യുന്ന തെറ്റിന് ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/08/download-3-2026-02-08-13-07-31.jpg)
വിഭജനകാലത്ത് ഇവിടെ തുടരാൻ തീരുമാനിച്ചവരുടെ ഉള്ളിൽ പ്രായോഗിക ബുദ്ധിമുട്ടുകളും ഒപ്പം ഈ മണ്ണുമായുള്ള ആത്മബന്ധവും ഉണ്ടായിരുന്നു. ഇന്ത്യൻ/കേരളീയ, ഇന്ത്യൻ/മദ്രാസി, ഇന്ത്യൻ/കന്നഡ, ഇന്ത്യൻ/മറാത്തി, ഇന്ത്യൻ/സിക്ക് സ്വത്വം മറന്ന് മറ്റു സംസ്കാരങ്ങളെ പുൽകുവാൻ ആർക്കും കഴിയില്ല. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ചിന്തകൾക്ക് വിപരീതമായി, ഈ പ്രാദേശിക ദേശീയത തന്നെയാണ് വിഭജന കാലത്തും സ്വന്തം നാട്ടിൽ ഉറച്ചു നിൽക്കാൻ ഓരോ പൗരനെയും പ്രേരിപ്പിച്ചത് എന്ന ചരിത്രസത്യം നാം മറന്നു പോകരുത്. വൈവിധ്യങ്ങളുടെ ഈ ചേർച്ചയാണ് ഇന്ത്യയുടെ യഥാർത്ഥ സൗന്ദര്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
