/kalakaumudi/media/media_files/2026/02/23/whatsapp-2026-02-23-10-18-41.jpeg)
|കവിത|
ഇരയായവൾ
ഷീന അഭി ചെറുവായിൽ
നിലാവ്
തല്ലിക്കൊഴിച്ചിട്ടൊരുരാത്രിയിൽ
ആതുരശുശ്രൂഷാലയത്തിൻ്റെ
വിജനമാം വരാന്തയിൽ കർത്തവ്യനിരതയായവൾ,
വേട്ടയാടപ്പെട്ടൂ, കാമവെറിയന്മാരാൽ;
പിച്ചിച്ചീന്തപ്പെട്ട
നഗ്നമാംദേഹത്തിൽ,
ദംഷ്ട്രചിഹ്നങ്ങളിൽ നിണംനുരചിന്തും
നാഭിയും നിതംബവും മാറിടങ്ങളും
തനുവിലാകെപ്പുളയും ചാട്ടുളിവേദന.
ജനൽപാളിയിലൂടെ കണ്ണിമയിൽ ചൂടിടും
അർക്കരശ്മിയാൽ പുളഞ്ഞവൾ ഒന്ന്,
മൂകമായിതേങ്ങീ ഗതകാലത്തിന്നോർമ്മയിൽ,
ഉള്ളുപിടയും മിഴിനീരുപ്പിൻ നനവിനാൽ.
ഇന്നലെയോളം
വെള്ളയുടുപ്പിട്ട മാലാഖ,
ഇന്നോ, ക്രൂരപീഢനത്തിന്നിരയായവൾ.
ജീവന്മരണപോരാട്ടത്തിൽ ബോധമറ്റ്-
അഴലിൻചുഴിയിൽ മയങ്ങീടുന്നു.
വാർത്താദാരിദ്ര്യംപേറും മാധ്യമകാട്ടാളർ
വിശപ്പടക്കാനുള്ളൊരു ഇരയെന്നപോൽ,
കൂട്ടമായ് കൊത്തിപ്പറിച്ചെടുത്തൂ ,പിന്നെയും
ബാക്കിയായുള്ളോരാ പാതിജീവനെ...
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
