തടവറ - കവിത - സുജാത അപ്പാഴത്ത്

താണ്ടിയദൂരമത്രയും അവൾ കൂടെ ഉണ്ടായിരുന്നു മിണ്ടുന്നതു കേട്ട് പരിഭവിക്കുന്നതുനുണഞ്ഞ് കരയുന്നത് ശ്വസിച്ച് എൻ്റെ നിഴലിൽ,  നിലാവിൽ വിരലറ്റത്ത്, ഞാൻ തൊടാതെ  മിണ്ടാതെ. അവൾ മാത്രം ചിരിച്ചു, എന്നെ തലോടി, എൻ്റെ കവിളുകളിൽ, കണ്ണുകളിൽ, ചുണ്ടുകളിൽ, മുടിയിഴകളിൽ,

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-02 at 4.13.03 AM

സുജാത അപ്പാഴത്ത്

തടവറ

|കവിത|

സുജാത അപ്പാഴത്ത്


ഇരുട്ടതിരിട്ട മുറിയിലെ
ജനലോരത്തിരുന്നയാൾ 
ആകാശം തൊടും
പകലുകൾ കീറിമുറിച്ച്
കിനാക്കൾക്കു പകുത്തു നൽകും |
നക്ഷത്രരാവുകളിൽ 
അവയ്ക്കു നിവേദ്യം വയ്ക്കും. 
നീണ്ടഇടനാഴികളിൽ ആരുടേയോകാലൊച്ച

അടുത്തു വരുന്നല്ലോയെന്ന് 
സന്ദേഹിക്കും.
പ്രിയമൊരാൾകടന്നു വന്ന് വിരലിൽ

സ്പർശിക്കുന്നതായി ' നിനക്കും.

താണ്ടിയദൂരമത്രയും
അവൾ കൂടെ ഉണ്ടായിരുന്നു
മിണ്ടുന്നതു കേട്ട്
പരിഭവിക്കുന്നതുനുണഞ്ഞ്
കരയുന്നത് ശ്വസിച്ച്
എൻ്റെ നിഴലിൽ, 
നിലാവിൽ
വിരലറ്റത്ത്,
ഞാൻ തൊടാതെ 
മിണ്ടാതെ.

അവൾ മാത്രം ചിരിച്ചു,
എന്നെ തലോടി,
എൻ്റെ കവിളുകളിൽ,
കണ്ണുകളിൽ,
ചുണ്ടുകളിൽ,
മുടിയിഴകളിൽ,
എൻ്റെതെന്ന് ഞാൻ കെറുവിച്ചപ്പോൾ
അവൾ പൊള്ളി

എൻ്റെ പകലുകളെ ഞാൻ വേവിച്ചു
രാത്രികളെ ഞാൻ ഭക്ഷിച്ചു.

എന്നുമവൾ ഉണ്ടുറങ്ങുന്നതെൻ്റെ കൂടെ

എന്നും 
അവളെന്ന വസന്തത്തെ, ജ്വലിപ്പിക്കുന്നു 
എൻ്റെ കണ്ണുകളിൽ
പാട്ടുകളിൽ
കഥകളിൽ
ചിരിയിൽ
കരച്ചിലിൽപോലും.

ഏതോ 
ഒരുൾവിളിയിൽ 
കരുണയില്ലാതെ അവളെ തീർത്ത 
ആ നാളുകളിൽ 
ഉച്ചിയിൽ ഉച്ചസൂര്യൻ
 കത്തിനിന്നിരുന്നു
ശ്വാസത്തിൽ
വരണ്ടകാറ്റു വീശിയിരുന്നു

അവളുടെ കിനാവുകളിലോ
നക്ഷത്രങ്ങൾ പൂത്തിരുന്നു.
ഉടലിൽ ഉന്മാദത്തിരകളടിച്ചിരുന്നു.
മഞ്ഞജെമന്തിപ്പൂക്കൾ
 പ്രണയപൂർവ്വം ചില്ലകളാട്ടി
ഉടൽ പകുത്തിരുന്നു

എത്ര ഇരുണ്ടപകലുകളെ,
രാത്രികളെയാണിന്നു ചുട്ടെരിക്കുന്നത്
അവൾ 
വരികയില്ലെന്നറിഞ്ഞിട്ടും!

poem