/kalakaumudi/media/media_files/2026/02/22/tass_87635808-2026-02-22-11-06-40.jpg)
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ അൽതായ് മേഖലയിൽ പാർട്ടി നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ പ്രകടനം.
മോസ്കോ: വരാനിരിക്കുന്ന സ്റ്റേറ്റ് ഡ്യൂമ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയെ (കെ.പി.ആർ.എഫ്) തളയ്ക്കാൻ റഷ്യൻ ഭരണകൂടം നീക്കം ശക്തമാക്കുന്നു. സൈബീരിയയിലെ അൽതായ് മേഖലയുൾപ്പെടെയുള്ള പ്രവിശ്യകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് വ്യാപകമായ പോലീസ് റെയ്ഡുകളും അറസ്റ്റുകളുമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അൽതായ് മേഖലയിൽ മാത്രം മുതിർന്ന നേതാവ് യൂറി ക്രോപോട്ടിൻ ഉൾപ്പെടെ പതിനൊന്നോളം പാർട്ടി അംഗങ്ങളെ വിവിധ കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്തു.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ വെല്ലുവിളിയാകുമെന്ന് കണ്ടാണ് ഈ അടിച്ചമർത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് പല നേതാക്കൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. എന്നാൽ ഇവയെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ജനപിന്തുണ ഏറിവരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാനാണ് ക്രെംലിൻ ശ്രമിക്കുന്നതെന്നും പാർട്ടി നേതാവ് ഗെന്നഡി സ്യൂഗനോവ് ആരോപിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ്സുകാർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്വാധീനം ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽതായ് മേഖല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ കോട്ടകളിലൊന്നാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യയ്ക്ക് തൊട്ടുപിന്നിലായി മികച്ച പ്രകടനം കാഴ്ചവെക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഭരണവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കുമെന്ന് ഭയന്നാണ് നേതാക്കളെ ജയിലിലാക്കി പാർട്ടിയെ ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. അൽതായ്ക്ക് പുറമെ പ്രിമോറി, ലിപെറ്റ്‌സ്‌ക് തുടങ്ങിയ മേഖലകളിലും സമാനമായ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ വേട്ടയാടപ്പെടുന്നുണ്ട്. പുടിൻ ഭരണകൂടത്തിന്റെ ഈ നീക്കങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കടുപ്പിക്കാനാണ് അധികൃതരുടെ നീക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
