/kalakaumudi/media/media_files/2026/01/21/20240-2026-01-21-13-25-09.jpg)
ദോഹ: ആഗോളതലത്തിൽ സാമൂഹിക നീതിയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ഖത്തർ വഹിക്കുന്ന മുൻനിര പങ്കിന് അടിവരയിട്ടുകൊണ്ട് രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ദോഹയിൽ ഉജ്ജ്വല തുടക്കം. കോപ്പൻഹേഗനിൽ നടന്ന ആദ്യ ഉച്ചകോടിക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ലോകം നേരിടുന്ന പുതിയ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ഭരണാധികാരികളും വിദഗ്ധരും ദോഹയിൽ ഒത്തുചേരുന്നത്.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലോകരാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകി. സാമൂഹിക വികസനം എന്നത് കേവലം ഒരു ആഡംബരമോ രാഷ്ട്രീയ തീരുമാനമോ അല്ലെന്നും, മറിച്ച് സമൂഹങ്ങളുടെ നിലനിൽപ്പിനും സുസ്ഥിരതയ്ക്കും അത്യാവശ്യമായ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് സാമ്പത്തിക ഉൽപ്പാദനം കൊണ്ട് മാത്രമല്ല, മറിച്ച് പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കുന്നതിലൂടെയാണെന്നും അമീർ വ്യക്തമാക്കി.
വികസനത്തിന്റെ ഖത്തർ മാതൃക 'പരിചരണത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക്' എന്ന ലക്ഷ്യത്തോടെ ഖത്തർ നടപ്പിലാക്കുന്ന 2025–2030 സാമൂഹിക വികസന-കുടുംബ നയം ഉച്ചകോടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിദ്യഭ്യാസം, സാമ്പത്തിക ശാക്തീകരണം, കുടുംബ സുരക്ഷ എന്നിവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ മാതൃകയായി അവതരിപ്പിക്കപ്പെട്ടു.
പലസ്തീൻ വിഷയത്തിൽ ഉറച്ച നിലപാട് പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവർ നേരിടുന്ന വിവേചനങ്ങൾക്കും അധിനിവേശത്തിനും എതിരെ അന്താരാഷ്ട്ര സമൂഹം നിലകൊള്ളണമെന്നും അമീർ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിൽ ഖത്തർ എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ദുരിതബാധിത രാജ്യങ്ങളെ സഹായിക്കാൻ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (QFFD) നടത്തുന്ന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രശംസിക്കപ്പെട്ടു. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ വിദ്യാഭ്യാസവും തൊഴിലും എത്തിക്കുന്നതിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ഖത്തർ നൽകുന്ന പിന്തുണ വലുതാണെന്ന് ഉച്ചകോടി വിലയിരുത്തി. ദോഹ പ്രഖ്യാപനത്തിലൂടെ, മാനുഷിക അന്തസ്സും നീതിയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആഗോള വികസന മാതൃകയ്ക്ക് ഈ ഉച്ചകോടി വഴിതെളിക്കുമെന്ന് പ്രത്യാശിക്കുന്നു.
(അവലംബം: ദി പെനിൻസുല ഖത്തർ)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
