/kalakaumudi/media/media_files/2026/01/28/the-2026-01-28-17-21-50.webp)
ലോക കേരള സഭയോട് പ്രവാസിയുടെ ചോദ്യങ്ങൾ?
അഷ്റഫ് കാളത്തോട്
ഗൾഫ് മലയാളിക്ക് ഇത് പരീക്ഷണങ്ങളുടെയും അതിജീവനത്തിന്റെയും കാലമാണ്. ഒരു വശത്ത് സ്വദേശിവൽക്കരണം ശക്തമാക്കി ഗൾഫ് രാഷ്ട്രങ്ങൾ നിയമങ്ങൾ കടുപ്പിക്കുമ്പോൾ, മറുവശത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുറഞ്ഞ വേതനക്കാരായ തൊഴിലാളികളുടെ കുത്തൊഴുക്ക് മലയാളി പ്രവാസിയുടെ തൊഴിൽ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു. ഈ പ്രതിസന്ധികൾക്കിടയിൽ പെട്ടുഴലുന്ന പ്രവാസി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ അവനെ കാത്തിരിക്കുന്നത് അന്യതാബോധവും തകർന്ന സാമ്പത്തിക അടിത്തറയുമാണ്. ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണമയക്കുമ്പോൾ താൽക്കാലികമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഈ നാണയപ്പെരുപ്പം നാട്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത് അതേ പ്രവാസിയെത്തന്നെയാണ് വീണ്ടും ചതിക്കുന്നത്. അധ്വാനത്തിന്റെ വലിയൊരു പങ്കും നിത്യജീവിത ചെലവുകൾക്കായി ഹോമിക്കപ്പെടുന്നു എന്നതിനാൽ സമ്പാദ്യമൊന്നും മിച്ചമില്ലാത്ത അവസ്ഥയിലാണ് പലരും.
പ്രവാസം ഒരാളുടെ ജന്മനാട്ടിലെ വേരുകളെ മെല്ലെ നശിപ്പിക്കുന്നു എന്നതാണ് പച്ചയായ സത്യം. ദശാബ്ദങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി തിരിച്ചെത്തുമ്പോൾ സ്വന്തം നാട്ടിൽ താൻ ഒരു 'അന്യൻ' ആയി മാറുന്ന അവസ്ഥ പ്രവാസിയെ മാനസികമായി തളർത്തുന്നു.
സമ്പാദ്യമെല്ലാം ചേർത്ത് വീടും സ്ഥലവും വാങ്ങിക്കൂട്ടിയവർ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. അത്യാവശ്യ ഘട്ടത്തിൽ ഒരു വസ്തു വിൽക്കാൻ പോലും കഴിയാത്ത വിധം റിയൽ എസ്റ്റേറ്റ് മേഖല മരവിച്ചു നിൽക്കുന്നു. ഇതിനെക്കാൾ ഗൗരവകരമായ മറ്റൊരു വിഷയം തിരിച്ചെത്തുന്ന പ്രവാസിയുടെ ആരോഗ്യമാണ്. ജീവിതത്തിന്റെ നല്ല കാലമത്രയും മണലാരണ്യത്തിലെ കഠിനമായ കാലാവസ്ഥയിൽ പണിയെടുത്തു തീർക്കുന്ന പലരും പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുമായാണ് മടങ്ങുന്നത്. വാർദ്ധക്യത്തിൽ ശരിയായ ഇൻഷുറൻസ് പരിരക്ഷയോ ചികിത്സാ സഹായമോ ലഭിക്കാതെ ഇവർ വലയുന്നു. അതോടൊപ്പം, ഗൾഫിലെ വരുമാനം നിലയ്ക്കുന്നതോടെ പകുതിവഴിയിലായ മക്കളുടെ ഉന്നതവിദ്യാഭ്യാസവും വിവാഹവും എങ്ങനെ പൂർത്തിയാക്കും എന്ന ആശങ്കയും ഓരോ മടങ്ങിപ്പോക്കുകാരനെയും വേട്ടയാടുന്നുണ്ട്.
ലോക കേരള സഭയും നോർക്കയുടെ (NORKA) ഡിവിഡന്റ് പദ്ധതികളും പ്രതീക്ഷ നൽകുന്നവയാണ്. മടങ്ങിവന്ന പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പയും 15% സബ്‌സിഡിയും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഈ ആനുകൂല്യങ്ങൾ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തുന്നു എന്നത് വലിയ ചോദ്യമാണ്.
വായ്പ ലഭിക്കാനായി ബാങ്കുകൾ കയറിയിറങ്ങുന്ന പ്രവാസി നേരിടുന്ന നൂലാമാലകൾ പലപ്പോഴും അവനെ നിരാശനാക്കുന്നു. പൂട്ടിക്കെട്ടുന്ന ചെറുകിട വ്യവസായങ്ങളും, പണിതുയർത്തിയ വീടിന്റെ ടാക്സ് പോലും അടയ്ക്കാൻ കഴിയാത്ത ദയനീയാവസ്ഥയും പല പ്രവാസികളെയും മാനസിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.
ശീതീകരിച്ച ഹാളുകളിൽ ഇരിക്കുന്ന ലോക കേരള സഭയിലെ ഉയർന്ന സാമ്പത്തിക നിലയുള്ള അംഗങ്ങൾ, വെറും കൈയോടെ മടങ്ങുന്ന സാധാരണ പ്രവാസിയുടെ വിലാപങ്ങൾ കേൾക്കുന്നുണ്ടോ? "ഇനി എങ്ങനെ ജീവിക്കും?" എന്ന ഓരോ സാധാരണക്കാരന്റെയും വ്യാകുലതകൾക്ക് സഭയിൽ നിന്ന് കൃത്യമായ മറുപടിയുണ്ടാകണം.
പ്രവാസി ക്ഷേമ പദ്ധതികൾ വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്. നിയമങ്ങൾ കർശനമാകുന്ന ഗൾഫ് മണ്ണിൽ പിടിച്ചുനിൽക്കാൻ സർക്കാരിന്റെയും സംഘടനകളുടെയും ശക്തമായ പിന്തുണ അനിവാര്യമാണ്.
വോട്ടു ചെയ്യാനുള്ള അവകാശം ഉൾപ്പെടെയുള്ള പൗരാവകാശങ്ങൾക്കായി ഇന്നും പ്രവാസിക്ക് നെട്ടോട്ടമോടേണ്ടി വരുന്നു. പ്രവാസിയുടെ സമ്പത്ത് മാത്രം ലക്ഷ്യം വയ്ക്കാതെ, അവനെ ഒരു പൗരനായി പരിഗണിക്കാനും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടത് ലോക കേരള സഭയുടെ ഉത്തരവാദിത്തമാണ്. അർഹമായ അവകാശങ്ങൾ ചോദിച്ചു വാങ്ങാനുള്ള ആർജ്ജവമാണ് ലോക കേരള സഭയിൽ നിന്ന് ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നത്. നാടിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാസിയുടെ മടക്കം മാന്യമായിരിക്കണം, അത് അവനെ കുഴപ്പങ്ങളിലേക്ക് തള്ളിയിടാനാവരുത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
