/kalakaumudi/media/media_files/2026/02/17/whatsap-2026-02-17-16-31-08.jpeg)
അബുദാബി: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന മാസപ്പിറവി നിരീക്ഷിക്കുന്നതിനായി യുഎഇ നിവാസികളോട് നിർണ്ണായക അഭ്യർത്ഥനയുമായി യുഎഇ ഫത്വ കൗൺസിൽ. ഹിജ്‌റ കലണ്ടറിലെ ശഅ്ബാൻ 29 ആയ ഇന്ന് (ചൊവ്വാഴ്ച, ഫെബ്രുവരി 17) വൈകുന്നേരം ആകാശത്ത് മാസപ്പിറവി നിരീക്ഷിക്കണമെന്ന് കൗൺസിൽ അറിയിച്ചു.
മാസപ്പിറവി ദർശിക്കുന്നവർക്ക് അത് റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും ഹോട്ട്‌ലൈൻ സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മാസപ്പിറവി നിർണ്ണയ സമിതി ഇന്ന് വൈകിട്ട് 6 മണിക്ക് അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹോസനിൽ (Qasr Al Hosn) യോഗം ചേരും.
യുഎഇ ഫത്വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ശൈഖ് അൽ മഹ്ഫൂസ് ബിൻ ബയ്യ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിയും സന്നിഹിതനായിരിക്കും. മഗ്രിബ് നമസ്‌കാരത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സാക്ഷ്യങ്ങളും സമിതി പരിശോധിക്കും.
ഇന്ന് മാസപ്പിറവി കണ്ടാൽ: നാളെ, ഫെബ്രുവരി 18 ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ: ശഅ്ബാൻ മാസം 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച വിശുദ്ധ റമദാൻ വ്രതാരംഭം ആരംഭിക്കും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം വ്യാഴാഴ്ച വ്രതാരംഭം തുടങ്ങാനാണ് കൂടുതൽ സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും, ഔദ്യോഗിക ദർശന സമിതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവാസലോകം.
റിപ്പോർട്ട്: ഷാഫി എം.കെ.
കടപ്പാട്: ഖലീജ് ടൈംസ്, യുഎഇ മാധ്യമങ്ങൾ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
