കുവൈത്തിൽ റെന്റ്-എ-കാർ നിയമങ്ങൾ മാറുന്നു; വാടക നിരക്കുകൾക്ക് ഏകീകൃത പരിധി വരുന്നു

വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ഉപഭോക്തൃ പരാതികൾക്കും പരിഹാരമായി വാടക വ്യവസ്ഥകൾ സമഗ്രമായി ഭേദഗതി ചെയ്യാൻ വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

author-image
Ashraf Kalathode
New Update
dow

കുവൈത്ത് സിറ്റി: രാജ്യത്തെ റെന്റ്-എ-കാർ (വാഹന വാടക) വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ഉപഭോക്തൃ പരാതികൾക്കും പരിഹാരമായി വാടക വ്യവസ്ഥകൾ സമഗ്രമായി ഭേദഗതി ചെയ്യാൻ വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനിച്ചു. വാടക കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള നിയമതർക്കങ്ങൾ കുറയ്ക്കുന്നതിനും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ നീക്കം.

ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം, നീതിന്യായ മന്ത്രാലയത്തിലെ വിദഗ്ധ സമിതി, ഇൻഷുറൻസ് യൂണിറ്റ് എന്നിവരുടെ ത്രികക്ഷി യോഗം വരുംദിവസങ്ങളിൽ ചേരും. നിലവിലെ കരാറുകളിലെ അശാസ്ത്രീയമായ വ്യവസ്ഥകൾ നീക്കം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

പ്രധാന പരിഷ്കാരങ്ങൾ ഇവയാണ്: വാടക നിരക്കിൽ നിയന്ത്രണം: വാഹനങ്ങളെ ഇക്കണോമി, മിഡ്-റേഞ്ച്, ലക്ഷ്വറി എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഓരോ വിഭാഗത്തിനും വിപണി മൂല്യത്തിന് അനുസൃതമായ നിശ്ചിത വാടക നിരക്ക് ഏർപ്പെടുത്തും.

ഏകീകൃത കരാർ: എല്ലാ റെന്റ്-എ-കാർ ഓഫീസുകളിലും വാണിജ്യ മന്ത്രാലയം അംഗീകരിച്ച ഒരേ മാതൃകയിലുള്ള കരാർ നിർബന്ധമാക്കും. ഇത് ഒളിച്ചുവെച്ച നിബന്ധനകൾ വഴിയുള്ള ചൂഷണം തടയാൻ സഹായിക്കും.

അന്യായമായ പിഴകൾക്ക് നിരോധനം: ഫയൽ ഓപ്പണിംഗ് ഫീസ്, അപകടങ്ങൾ മൂലമുള്ള അധിക ചാർജുകൾ, വർക്ക് ഷോപ്പുകളിലെ അറ്റകുറ്റപ്പണിക്കായി ഈടാക്കുന്ന അമിത തുക എന്നിവയ്ക്ക് നിരോധനം വരും.

കുടിശ്ശിക വർദ്ധനവ് തടയൽ: വാഹനം തിരികെ നൽകാൻ വൈകുകയോ പണമടയ്ക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ, ഉപഭോക്താവിനെ അറിയിക്കാതെ വലിയ തുക കുടിശ്ശികയായി ഈടാക്കുന്നത് തടയാൻ നിയമ നടപടികൾ വേഗത്തിലാക്കും.

പകരമായി മറ്റൊരു വാഹനം: വാടക കാലയളവിൽ സാങ്കേതിക തകരാറുകൾ മൂലം വാഹനം പണിമുടക്കിയാൽ ഉപഭോക്താവിൽ നിന്ന് അധിക ചാർജ് ഈടാക്കാതെ പകരം വാഹനം നൽകണം. ടോയിംഗ് ചാർജും ഉപഭോക്താവ് നൽകേണ്ടതില്ല.

അധിക കിലോമീറ്റർ നിരക്ക്: നിലവിലെ നിശ്ചിത നിരക്കിന് പകരം വാഹനത്തിന്റെ വിപണി വിലയും വിഭാഗവും പരിഗണിച്ചുള്ള ന്യായമായ അധിക കിലോമീറ്റർ നിരക്ക് നിശ്ചയിക്കും.

വാഹനങ്ങളുടെ അപകട ചരിത്രം, റിപ്പയർ ബില്ലുകൾ, കരാർ പകർപ്പുകൾ എന്നിവയുടെ സമഗ്രമായ രേഖകൾ സൂക്ഷിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുവൈത്തിലെ വാടക വാഹന വിപണിയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

rent a bike project