/kalakaumudi/media/media_files/2026/02/18/traini-2026-02-18-12-32-30.jpg)
സൗദി അറേബ്യയുടെയും ഖത്തറിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പ് വരുന്ന റെയിൽവെ ലൈനിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി . ഗൾഫ് മേഖലയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത് .
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന കരാറിന് പച്ചക്കൊടി വീശിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും നേരത്തെ തന്നെ ഈ പദ്ധതിക്ക് പിന്തുണ അറിയിച്ചിരുന്നു.
ജിസിസിയിലെ മറ്റുരാജ്യങ്ങളും സമാനമായ റെയിൽവെ പാതകൾ ഒരുക്കും. നിലവിൽ ഒമാനിൽ നിന്ന് യുഎഇയിലേക്ക് വിപുലമായ പാത ഒരുങ്ങുന്നുണ്ട്.റിയാദിൽ നിന്ന് ദോഹയിലേക്കാണ് ബുള്ളറ്റ് ട്രെയിൻ വരുന്നത്. 785 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറിൽ എത്താൻ സാധിക്കുമെന്നതാണ് നേട്ടം. മണിക്കൂറിൽ 400 കിലോമീറ്ററോളം വേഗത്തിലാണ് ട്രെയിൻ ഓടുക.
അൽ ഹുഫൂഫ്, ദമ്മാം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് സൽമാൻ വിമാനത്താവളം, അൽ അഹ്‌സ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാത വരുന്നത്.വിമാനത്തിൽ പോകുന്നതിനേക്കാൾ വേഗത്തിൽ ട്രെയിനിൽ എത്താൻ പറ്റുമെന്നതാണ് നേട്ടം. നേരിട്ട് ഒരു കേന്ദ്രത്തിലേക്ക് മാത്രമല്ല യാത്ര എന്നതും വിമാനയാത്രയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. റെയിൽപാത വരുന്നതോടെ ടൂറിസം മേഖല ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് ജലപാത ഒരുക്കിയപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനേക്കാൾ മികച്ച പ്രതികരണം ട്രെയിൻ യാത്രയ്ക്ക് കിട്ടിയേക്കും.ഗൾഫ് കോപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കിടയിലുള്ള റെയിൽവേ ശൃംഖലയുടെ നിർമ്മാണത്തിൽ വലിയൊരു നാഴികക്കല്ലാണ് ഈ തീരുമാനം. ടൂറിസം, വ്യാപാരം എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യും .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
