സിനിമകൾക്ക് കർശന നിയന്ത്രണവുമായി റഷ്യ; 'പാരമ്പര്യ മൂല്യങ്ങൾ' ലംഘിച്ചാൽ പ്രദർശനാനുമതി ലഭിക്കില്ല

വിനോദ മേഖലയിലൂടെ പാശ്ചാത്യ സംസ്കാരം രാജ്യത്ത് അടിച്ചേൽപ്പിക്കുന്നത് തടയാനും റഷ്യൻ പാരമ്പര്യം സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

author-image
Ashraf Kalathode
New Update
TASS_37115700-1

മോസ്കോ: രാജ്യത്തെ സിനിമകളുടെയും വിനോദ പരിപാടികളുടെയും മേൽ നിയന്ത്രണം കടുപ്പിച്ച് റഷ്യ. രാജ്യത്തിന്റെ 'പാരമ്പര്യ മൂല്യങ്ങളെ' അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സെൻസർഷിപ്പ് സംവിധാനം ഏർപ്പെടുത്തുമെന്ന് റഷ്യൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. മാർച്ച് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

ഔദ്യോഗിക വിതരണാനുമതി ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമകളെയാണ് പ്രധാനമായും നിരീക്ഷിക്കുക. പരാതികൾ ലഭിക്കുന്ന പക്ഷം അത്തരം സിനിമകൾ പ്രത്യേക വിദഗ്ധ സമിതി പരിശോധിക്കും.

പരാതി ലഭിച്ചാൽ 20 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. നിയമലംഘനം കണ്ടെത്തിയാൽ വിവരങ്ങൾ റഷ്യൻ മാധ്യമ നിരീക്ഷണ ഏജൻസിയായ 'റോസ്‌കോംനാഡ്‌സോറിന്' (Roskomnadzor) കൈമാറും.

പാരമ്പര്യ മൂല്യങ്ങളെ ഹനിക്കുന്നവ എന്ന് കണ്ടെത്തുന്ന സിനിമകൾക്ക് വിതരണാവകാശം നിഷേധിക്കും. പ്രതിദിനം ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 5 ലക്ഷത്തിലധികം സന്ദർശകരുള്ള സോഷ്യൽ മീഡിയകളിലും ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല.

2022-ൽ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം സാംസ്കാരിക മേഖലയിൽ റഷ്യ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ LGBTQ+ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കും മയക്കുമരുന്ന് ഉപയോഗം കാണിക്കുന്ന ദൃശ്യങ്ങൾക്കും റഷ്യയിൽ നിരോധനമുണ്ട്.

പാരമ്പര്യ മൂല്യങ്ങൾക്ക് വിരുദ്ധമായ ദൃശ്യങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്താൻ കോടിക്കണക്കിന് രൂപ ചിലവഴിച്ച് പുതിയ സോഫ്റ്റ്‌വെയർ സംവിധാനം വികസിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

വിനോദ മേഖലയിലൂടെ പാശ്ചാത്യ സംസ്കാരം രാജ്യത്ത് അടിച്ചേൽപ്പിക്കുന്നത് തടയാനും റഷ്യൻ പാരമ്പര്യം സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

russia