റഷ്യയിൽ ടെലിഗ്രാമിന് പൂട്ടിടാൻ നീക്കം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഷ്യയിലെ വിവിധ നഗരങ്ങളിൽ ടെലിഗ്രാം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആപ്പ് വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.

author-image
Ashraf Kalathode
New Update
TASS_87886404

https://www.themoscowtimes.com/2026/02/10/roskomnadzor-tightens-restrictions-on-telegram-as-users-report-disruptions-a91907

മോസ്കോ: റഷ്യയിൽ ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പായ ടെലിഗ്രാമിന് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പുടിൻ സർക്കാർ. റഷ്യൻ വാർത്താവിനിമയ നിയന്ത്രണ ഏജൻസിയായ 'റോസ്കോംനാഡ്സർ' (Roskomnadzor) ആപ്പിന് മേൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേത്തുടർന്ന് രാജ്യമൊട്ടാകെ ടെലിഗ്രാം സേവനങ്ങളിൽ വലിയ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റഷ്യയിലെ വിവിധ നഗരങ്ങളിൽ ടെലിഗ്രാം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആപ്പ് വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു. വിപിഎൻ (VPN) സഹായമില്ലാതെ ആപ്പ് തുറക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ വിരുദ്ധ സന്ദേശങ്ങളും നിയമവിരുദ്ധമായ വിവരങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ടെലിഗ്രാമിന് മേൽ റഷ്യൻ ഏജൻസി പിടിമുറുക്കുന്നത്. റഷ്യൻ നിയമങ്ങൾ പാലിക്കാത്ത ചാനലുകളെ നീക്കം ചെയ്യണമെന്ന് സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ടെലിഗ്രാം അധികൃതർ വഴങ്ങാത്തതാണ് ഇപ്പോഴത്തെ നടപടികൾക്ക് കാരണം.

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനും സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും റഷ്യയിൽ ഏക ആശ്രയമായിരുന്നു ടെലിഗ്രാം. ഈ പശ്ചാത്തലത്തിൽ ആപ്പിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം റഷ്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018-ലും സമാനമായ രീതിയിൽ ടെലിഗ്രാം നിരോധിക്കാൻ റഷ്യ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതികമായി പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആപ്പിന്റെ പ്രവർത്തനം പൂർണ്ണമായും തടയാനാണ് സർക്കാർ നീക്കം.


വാർത്താ വിഭാഗം, മോസ്കോ.

telegram