/kalakaumudi/media/media_files/2026/02/27/whatsapp-2026-02-27-19-45-02.jpeg)
തിരുവല്ല: മലയാള കവിതാലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ യുവകവിയും നോവലിസ്റ്റുമായ സാൻ മാവിലയുടെ നാലാമത്തെ പുസ്തകമായ 'മാർജാരസരസൻ' പ്രകാശനം ചെയ്തു. തിരുവല്ല മാർത്തോമ്മ കോളേജ് ക്യാമ്പസിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെയും യൂണിയൻ ഉദ്ഘാടനത്തിന്റെയും പ്രൗഢമായ വേദിയിൽ വെച്ച് സാംസ്കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. വൈകുന്നേരം 05.30 നായിരുന്നു ചടങ്ങ് നടന്നത്.
കാസർഗോഡ് ജില്ലയിലെ പട്ല സ്വദേശിയായ സാൻ മാവിലയുടെ സാഹിത്യയാത്ര സ്കൂൾ കാലഘട്ടം മുതൽക്കേ ശ്രദ്ധേയമാണ്. കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് കവിതാലോകത്തേക്ക് കാൽവെപ്പ് നടത്തിയ സാൻ, ജിഎച്ച്എസ്എസ് പട്ലയിലെ ഹൈസ്‌കൂൾ പഠനകാലത്താണ് തന്റെ ആദ്യ പുസ്തകമായ 'കയ്പ്പ്' പ്രസിദ്ധീകരിച്ചത്. പ്രശസ്ത വാഗ്മി ഡോ. വത്സൻ പീലിക്കോടായിരുന്നു അന്ന് പ്രകാശനം നിർവ്വഹിച്ചത്. തുടർന്ന് തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ പഠനകാലത്ത് 'തീ' എന്ന കവിതാസമാഹാരം പുറത്തിറങ്ങി. പ്രശസ്ത ചിന്തകൻ നാരായണൻ പേരിയ മാഷാണ് ഇതിന്റെ പ്രകാശനം നടത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2026/02/27/whatsapp-2026-02-27-19-56-22.jpeg)
ബ്രണ്ണൻ കോളേജിലെ ചരിത്ര പഠനകാലത്ത് പ്രശസ്ത എഴുത്തുകാരൻ ഷിനി ലാലിന്റെ അവതാരികയോടെ 'ലാസ്റ്റ് സ്റ്റോപ്പ്' എന്ന നോവലും സാനിന്റേതായി പുറത്തിറങ്ങി. ഡോ. ആർ രാജശ്രീയായിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തിന് പുറമെ നാടകരംഗത്തും സാൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ പഠനത്തിനിടെ സാൻ രചിച്ച 'പുഞ്ചിരി വിപ്ലവം' എന്ന നാടകം സർവ്വകലാശാലാ യുവജനോത്സവത്തിൽ തെരുവ് നാടക വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
നിലവിൽ പത്തനംതിട്ട ഇലന്തൂർ സി പി എ എസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ രണ്ടാം വർഷ സോഷ്യൽ സയൻസ് വിദ്യാർത്ഥിയായ സാൻ, ഒപ്പം ഇഗ്നോ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജിയിൽ പി ജി പഠനവും നടത്തുന്നുണ്ട്. താൻ പഠിക്കുന്ന കലാലയ മുറ്റത്ത് വെച്ച് തന്നെ സ്വന്തം പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞത് സാനിനും അധ്യാപകർക്കും ഒരുപോലെ അഭിമാന നിമിഷമായി. ഹിബാഷിക പബ്ലിക്കേഷനാണ് പുതിയ പുസ്തകത്തിന്റെ പ്രസാധകർ. പ്രശസ്ത അമേരിക്കൻ ചിത്രകാരൻ ലാറി സ്റ്റോഡാർഡ് കവർ ആർട്ടും കനേഡിയൻ ചിത്രകാരി ഇൽഡിക്കോ ഇ ടൊറോക്ക് സാനിൻ്റെ ഛായാചിത്രവും നിർവ്വഹിച്ചിരിക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
