യെമനിൽ നിർണ്ണായക റോഡ് വികസന പദ്ധതിയുമായി സൗദി; അൽ-അബർ റോഡ് നവീകരണത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചു

40 കിലോമീറ്റർ നീളത്തിലുള്ള റോഡ് നവീകരണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. ഇതിനോടകം തന്നെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 90 കിലോമീറ്റർ റോഡ് പണി പൂർത്തിയാക്കിയിരുന്നു. 

author-image
Ashraf Kalathode
New Update
4683645-60937285

റിയാദ്: യെമനിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി സൗദി അറേബ്യ. യെമനിലെ മാരിബ് ഗവർണറേറ്റിലെ തന്ത്രപ്രധാനമായ അൽ-അബർ (Al-Abr) റോഡിന്റെ വികസന നവീകരണ പ്രവർത്തനങ്ങളുടെ പുതിയ ഘട്ടം ആരംഭിച്ചതായി 'സൗദി ഡെവലപ്‌മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യെമൻ' (SDRPY) അറിയിച്ചു.

40 കിലോമീറ്റർ നീളത്തിലുള്ള റോഡ് നവീകരണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. ഇതിനോടകം തന്നെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 90 കിലോമീറ്റർ റോഡ് പണി പൂർത്തിയാക്കിയിരുന്നു. സൗദി അറേബ്യയെയും യെമനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര പാതയാണിത്. യെമനിലെ വിവിധ നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലും ഈ റോഡ് വലിയ പങ്ക് വഹിക്കുന്നു.

ഏകദേശം 11 ദശലക്ഷത്തിലധികം (1.1 കോടി) ജനങ്ങൾക്ക് ഈ പാത ഗുണകരമാകും. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കും.യെമനിലെ ഗതാഗത മേഖലയിൽ മാത്രം ഏകദേശം 200 കിലോമീറ്ററോളം റോഡുകളുടെ പുനരുദ്ധാരണമാണ് സൗദി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വിമാനത്താവളങ്ങളുടെ നവീകരണം, ലാൻഡ് പോർട്ടുകളുടെ (കരമാർഗ്ഗമുള്ള തുറമുഖങ്ങൾ) വികസനം എന്നിവയിലൂടെ യെമനെ ആഗോള തലത്തിൽ ബന്ധിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊർജ്ജം, ജലം, കൃഷി തുടങ്ങി എട്ട് പ്രധാന മേഖലകളിലായി ഇതിനോടകം 268 പദ്ധതികളാണ് സൗദി അറേബ്യ യെമനിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മേഖലയിലെ സാമ്പത്തിക വളർച്ചയും ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ഇത്തരം പദ്ധതികളിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

saudi arabia