/kalakaumudi/media/media_files/2026/01/21/whats-2026-01-21-12-53-49.jpeg)
കബീർ കൊണ്ടോട്ടി - സൗദി അറേബ്യ
മക്ക: പ്രവാസലോകത്തെ സർഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ സൗദി വെസ്റ്റ് നാഷണൽ ‘പ്രവാസി സാഹിത്യോത്സവ്’ ജനുവരി 23 വെള്ളിയാഴ്ച മക്കയിൽ അരങ്ങേറും. മലയാളിയുടെ തനത് സംസ്കാരവും സർഗ്ഗാത്മകതയും ആഗോളതലത്തിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിങ്ങനെ വിവിധ വൻകരകളിലെ 26 രാജ്യങ്ങളിലായി നടക്കുന്ന സാഹിത്യോത്സവങ്ങളുടെ ഭാഗമായാണ് സൗദി വെസ്റ്റിലും മത്സരങ്ങൾ നടക്കുന്നത്. ഫാമിലി സാഹിത്യോത്സവങ്ങളിൽ തുടങ്ങി യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ വിജയികളായ പ്രതിഭകളാണ് നാഷണൽ തലത്തിൽ മാറ്റുരയ്ക്കുന്നത്. ജിസാൻ, അസീർ, അൽബഹ, താഇഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് എന്നീ 11 സോണുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ മത്സരരംഗത്തുണ്ടാകും.
പ്രധാന സവിശേഷതകൾ:
വൈവിധ്യമാർന്ന മത്സരങ്ങൾ: മാപ്പിളപ്പാട്ട്, ദഫ്മുട്ട്, പ്രസംഗം, കവിത പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം റിസാല റിവ്യൂ, സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്റ്റാറ്റ് മാഗസിൻ തുടങ്ങി 80 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
മത്സര വിഭാഗങ്ങൾ: ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നിങ്ങനെ 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രത്യേക വേദികൾ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘പ്രോത്സാഹം’, കലാപ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്തവർക്കായി ‘കലോത്സാഹം’, സ്ത്രീകൾക്കായി ‘ഒരിടം’ എന്നീ പ്രത്യേക സംഗമങ്ങളും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും.
സാഹിത്യോത്സവ നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ സാംസ്കാരിക കോർണറിൽ സാഹിത്യ ചർച്ചകളും നടക്കും. എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുഖ്മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംവദിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഷാഫി ബാഖവി (ചെയർമാൻ, സംഘാടക സമിതി), ജമാൽ കക്കാട് (എക്സിക്യൂട്ടീവ് കൺവീനർ), മൻസൂർ ചുണ്ടമ്പറ്റ (സെക്രട്ടറി, ആർ.എസ്.സി ഗ്ലോബൽ), ഉമൈർ വയനാട് (ജനറൽ സെക്രട്ടറി, ആർ.എസ്.സി സൗദി വെസ്റ്റ് നാഷണൽ), ഷബീറലി തങ്ങൾ, റഫീഖ് കൂട്ടായി എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
