നിലവിളികൾ - കവിത - നസീർ കാതിയാളം

ഓരോ തുള്ളി രക്തവും സ്വർഗത്തിലേക്കുള്ള പാതയെ ക്രോധത്തിലാക്കുന്നു. അന്ധകാര പാതയാക്കുന്നു. വേട്ടയാടപ്പെട്ട മുയലിൻ്റെ  നിലവിളികളാൽ, തലച്ചോറിൽനിന്നുള്ള നാരുകൾ സ്തംഭനത്തിലാഴുന്നു. കുഞ്ഞാടുകളുടെ ദുരുപയോഗം  പൊതുകലഹത്തിന് കാരണമാകുമ്പോഴും

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-06 at 6.30.24 PM

നിലവിളികൾ - കവിത -  നസീർ കാതിയാളം

ഒരു മണൽ തരിയിൽ ഒരു ലോകവും, 
ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗവും കാണുക. 
തെരുവിൽ ദുരുപയോഗം ചെയ്യപ്പെട്ട 
ബാലിക 
ക്ഷതമേറ്റ ശരീരം നോക്കി
നിലവിളിക്കുമ്പോൾ
നരകം വിറയ്ക്കുന്നു.
മനുഷ്യർചിന്തുന്ന 
ഓരോ തുള്ളി രക്തവും സ്വർഗത്തിലേക്കുള്ള
പാതയെ ക്രോധത്തിലാക്കുന്നു.
അന്ധകാര പാതയാക്കുന്നു.
വേട്ടയാടപ്പെട്ട മുയലിൻ്റെ  നിലവിളികളാൽ,
തലച്ചോറിൽനിന്നുള്ള നാരുകൾ സ്തംഭനത്തിലാഴുന്നു.
കുഞ്ഞാടുകളുടെ ദുരുപയോഗം 
പൊതുകലഹത്തിന് കാരണമാകുമ്പോഴും ന്യായാധിപന്മാർ ദീർഘ നിദ്രയിലാഴുന്നു.
അനന്തമായ രാത്രിയിൽ 
ഇലയിലെ കാറ്റർപില്ലർ ഒരു വില്ലു    നെയ്യുമ്പോൾ,
ഒരമ്മയുടെ ദുഃഖം എന്നോട് ആവർത്തിക്കുന്നു.
മൂങ്ങകൾ 
പകലുകളിൽ
കണ്ണു കാണാതെ അലയുന്നു.
വവ്വാലുകൾ
മസ്തിഷ്കം ഉപേക്ഷിച്ച് തല കീഴായി
തൂങ്ങുന്നു.
ഭ്രാന്തൻമാർ ഭയമില്ലാതെ 
പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്നു.
ചെന്നായകളുടെയും സിംഹങ്ങളുടേയും അലർച്ചകൾ
നരകത്തിൽനിന്ന് ഒരു മനുഷ്യാത്മാവിൻ്റെ
നെടുവീർപ്പോളം വരില്ലെന്നാരോ സ്വകാര്യം
പറയുന്നു.
എല്ലാ കപടതയും ഇരുട്ടിന്റെ മറവിൽ
മാത്രമല്ലെന്ന തിരിച്ചറിവിൽ
നേരിൻ്റെ വഴിയിലൂടെ 
നമുക്ക്  നടക്കാം.
ജീവിതസമരത്തിനിറങ്ങാം.
കൂർത്ത നഖങ്ങൾക്കിടയിലൂടെ 
ആകാശത്തെ തൊട്ടു നോക്കാം.
മഹാന്ധകാരത്തിൽ
മനസുകൊണ്ടെങ്കിലും
ഇരകൾക്കായി 
നമുക്ക്
ചെറുവിളക്കുകൾ തെളിയിച്ച് കൊണ്ടിരിക്കാം


നസീർ കെ. എച്ച് (കാതിയാളം), തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത സ്വദേശിയും ഇപ്പോൾ എറിയാട് താമസക്കാരനും ആണ്. 25 വർഷത്തിലധികം ദുബായ് എയർപോർട്ടിൽ 20 വർഷം അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തു. നിലവിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനാണ്. കവിത, കഥ, ലേഖനം, മാപ്പിളപ്പാട്ട് മേഖലകളിൽ സജീവ എഴുത്തുകാരനും നാടകം, ഷോർട്ട് ഫിലിം രംഗങ്ങളിലും ശ്രദ്ധേയ സാന്നിധ്യവുമാണ്. ആദ്യ കവിതാസമാഹാരം “മണ്ണിരയുടെ വിലാപം” (2021) പ്രസിദ്ധീകരിച്ചു. നിരവധി സാഹിത്യ–കലാപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.