/kalakaumudi/media/media_files/2025/07/16/kuwait-today-2025-07-16-12-55-20.jpg)
കുവൈത്ത് സിറ്റി : കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു, ഇന്നലെ അല്‍ റാബിയയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. ജഹ്‌റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയര്‍ന്നതായി കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദം കുവൈത്തിലേക്കുള്ള ചൂട് കാറ്റിന് കാരണമാകുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. ഇതിന്റെ ഫലമായി ശക്തമായ വരണ്ട കാറ്റുകള്‍ക്കും വടക്ക് - പടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ഒറ്റപ്പെട്ട കാറ്റിനും സാധ്യത ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ അതീവ ചൂട് അനുഭവപ്പെടും. രാത്രികളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നുമാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ ഈര്‍പ്പനിലയില്‍ വേഗത്തില്‍ വര്‍ധനവുണ്ടാകുമെങ്കിലും, വെള്ളിയാഴ്ചയ്ക്ക് ശേഷം ഈര്‍പ്പം കുറയാമെന്നാണ് അനുമാനം. ചില പ്രദേശങ്ങളില്‍ ശനിയാഴ്ചവരെ പരമാവധി താപനില 50 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 52 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.