തണൽ |കവിത| സനീഷ് സജീബ്

ഇനിയും പോകുവാൻ ഏറെ ദൂരമുള്ളവന് ബാക്കിയായത് ഈ തണലാണ്. കൂടെ നടന്നവൻ അതിൻ്റെ പ്രയോഗം പഠിച്ചതും ആ തണൽച്ചുവട്ടിലാണ്. വസന്തം മോഹിപ്പിച്ച് കാട്ടിലെ തൻ്റെ കുടിൽ, എരിയുന്ന നാളത്തിൽ രതി കലർത്തിയ തമ്പ്രാൻ ജിപ്സിക്ക് അവശേഷിപ്പിച്ചതും ഈ തണൽ മാത്രം.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-24 at 8.33.59 AM

തണൽ

|കവിത|

സനീഷ് സജീബ് 

12019-art-85758_1280


സ്വയം എരിഞ്ഞ്, വിരിഞ്ഞ ഈ തണൽ

ഉപ്പുരസം അലിഞ്ഞ ഒരു ഉറവയുടേതാണ്,
ജീവിതമെന്ന തീരത്തിൻ്റെ മുറിവുകൾ ഒപ്പിയെടുത്ത്

സ്വന്തം രുചിയൊഴുക്കിവിട്ട ഒരു ഉറവയുടെ തണൽ.
ആ ഉറവ ഇന്നത്തെ മുറിവിന് മതിയാവാതെ വരുന്നു,
ഈ തണൽ ഒന്നിനും മുറിവേൽക്കാതെ

മറയൊരുക്കി വിയർക്കുന്നു.
ദിശ തെറ്റാതെ കൂടെനടന്ന കൂട്ടുകാരൻ

പാതിവഴിയിൽ വടക്കുനോക്കിയന്ത്രം പിടിച്ചുപറിച്ചപ്പോൾ

ഇനിയും പോകുവാൻ ഏറെ ദൂരമുള്ളവന് ബാക്കിയായത് ഈ തണലാണ്.
കൂടെ നടന്നവൻ അതിൻ്റെ പ്രയോഗം പഠിച്ചതും ആ തണൽച്ചുവട്ടിലാണ്.
വസന്തം മോഹിപ്പിച്ച് കാട്ടിലെ തൻ്റെ കുടിൽ, എരിയുന്ന നാളത്തിൽ

രതി കലർത്തിയ തമ്പ്രാൻ ജിപ്സിക്ക് അവശേഷിപ്പിച്ചതും ഈ തണൽ മാത്രം.
തമ്പ്രാൻ്റെ ലഹരിക്ക് വീര്യമേകിയതും അതേ തണൽ തന്നെ.
നീതിയുടെ അവശമായ ഒറ്റനോട്ടത്തിൽ

അന്ധയായ പാവം പെണ്ണിനും ആ തണൽ തുണയായി.
നിർഭയത്വം എന്ന വാക്ക് നൊന്തുപെറ്റ നീതി

അഭയം പ്രാപിച്ചതും ആ തണൽമറവിൽ.
വാത്സല്യം പൂശിയ കരങ്ങളിൽ ഒളിഞ്ഞിരുന്ന കൂർത്ത മുനകൾക്ക് മുന്നിൽ

ചുമന്ന ഭാരം ഇറക്കിവെച്ച മിണ്ടാപ്രാണികൾക്ക് വേണ്ടി

ആ തണൽ, വെട്ടം കേറാൻ പാകത്തിന് ഒരു ചെറിയ വിടവ് ഒരുക്കിക്കാത്തിരുന്നു.
ആ മുനകൾ കൂർപ്പിച്ചതോ ഈ തണൽവക്കിലും.

കാലത്തെ അതിശയിപ്പിക്കാൻ മനുഷ്യൻ കണ്ണുമൂടി അമ്പെയ്തപ്പോൾ,
അവന് വേണ്ടി കാലത്തെ അതിജീവിക്കാൻ ഭൂമിയമ്മ വായമൂടി കവചം അഴിച്ചു;

ഒടുവിൽ, ആ ഉറവ ചുവന്നു വറ്റി.
ആ അമ്മയുടെ നൊമ്പരമെരിഞ്ഞ് വിരിഞ്ഞതായിരുന്നു ആ തണൽ.

ഒരായിരം കഥകൾ പറഞ്ഞിട്ടും, അതിലേറെ പറയാൻ ബാക്കിവെച്ച ഒരമ്മ,
ഓർമ്മകളുടെ ഒരു ശരത്കാലമെന്നപോൽ

ഇന്നും ആ തണൽവക്കിൽ ഇലപൊഴിക്കുന്നു.

ബിഷപ്പ് മൂർ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ബാംഗ്ലൂരിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലും മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. സ്വദേശം കോട്ടയം. Phone: 8086834230
poem