കുവൈറ്റിൽ ജോലി വിസയിൽ നിന്ന് ഫാമിലി വിസയിലേക്ക് മാറണോ? അറിയേണ്ട കാര്യങ്ങളും നടപടിക്രമങ്ങളും

ആർട്ടിക്കിൾ 18 (ജോലി വിസ) പ്രകാരം താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ ഫാമിലി വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ രേഖകളും ഘട്ടം ഘട്ടമായുള്ള നടപടികളും പാലിച്ചാൽ വളരെ വേഗത്തിൽ തന്നെ വിസ മാറ്റം സാധ്യമാകും

author-image
Ashraf Kalathode
New Update
107612

Arab Times

അറബ് ടൈംസ് കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആർട്ടിക്കിൾ 18 (ജോലി വിസ) പ്രകാരം താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ ഫാമിലി വിസയിലേക്ക് (ആർട്ടിക്കിൾ 22) മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ രേഖകളും ഘട്ടം ഘട്ടമായുള്ള നടപടികളും പാലിച്ചാൽ വളരെ വേഗത്തിൽ തന്നെ വിസ മാറ്റം സാധ്യമാകും.

ആവശ്യമായ പ്രധാന രേഖകൾ: വിസ മാറ്റുന്നതിനായി താഴെ പറയുന്ന രേഖകളാണ് പ്രധാനമായും വേണ്ടത്:

ഭാര്യയുടെ രേഖകൾ: ഒറിജിനൽ പാസ്‌പോർട്ടും കോപ്പിയും, നിലവിലെ സിവിൽ ഐഡി, ആർട്ടിക്കിൾ 18 വിസയുടെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, നാട്ടിൽ നിന്നും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ് (നാട്ടിലെ മന്ത്രാലയം, കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, എംബസി എന്നിവയുടെ അറ്റസ്റ്റേഷൻ നിർബന്ധം).

ഭർത്താവിന്റെ രേഖകൾ (പുതിയ സ്പോൺസർ എന്ന നിലയിൽ): ഒറിജിനൽ സിവിൽ ഐഡി, പാസ്‌പോർട്ട് കോപ്പി, കമ്പനിയിൽ നിന്നുള്ള പുതിയ സാലറി സർട്ടിഫിക്കറ്റ് (അറബിക്), വർക്ക് പെർമിറ്റ് കോപ്പി.

കമ്പനിയിൽ നിന്ന്: വിസ മാറ്റുന്നതിനായുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC), നിലവിലെ വിസ റദ്ദാക്കിയ രേഖകൾ.

നടപടിക്രമങ്ങൾ ഇങ്ങനെ:

രേഖകൾ തയ്യാറാക്കൽ: ആദ്യം അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴി അപേക്ഷാ ഫോമുകൾ തയ്യാറാക്കി സിവിൽ ഐഡിയിലെ അഡ്രസ് അനുസരിച്ചുള്ള ജവാസാത്തിനെ (ഇമിഗ്രേഷൻ വിഭാഗം) സമീപിക്കണം. ഈ സമയത്ത് നിലവിലെ കമ്പനിയുടെ മന്ദൂബിന്റെ (പ്രതിനിധി) സാന്നിധ്യം അത്യാവശ്യമാണ്.

ഇമിഗ്രേഷൻ പരിശോധന: ജവാസാത്തിലെ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അംഗീകാരം നൽകും. മന്ദൂബ് വഴി വേണം പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ.

PACI നടപടികൾ: കമ്പനിയുടെ ബാധ്യതകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിൽ (PACI) നിന്ന് എൻ.ഒ.സി വാങ്ങുകയും പഴയ വിസ റദ്ദാക്കിയ വിവരം സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

ഇൻഷുറൻസും ഫീസും: ആരോഗ്യ ഇൻഷുറൻസ് തുകയും മറ്റ് സർക്കാർ കുടിശ്ശികകളും ഉണ്ടെങ്കിൽ അവ അടച്ചു തീർക്കണം.

വിസ അനുവദിക്കൽ: എല്ലാം പൂർത്തിയാക്കിയ ശേഷം വീണ്ടും ജവാസാത്തിൽ എത്തി 20 ദിനാർ ഫീസ് അടച്ചാൽ വിസ മാറ്റം പൂർത്തിയാകും. മിനിറ്റുകൾക്കുള്ളിൽ തന്നെ പുതിയ വിസ അനുവദിക്കപ്പെടും.

സിവിൽ ഐഡി പുതുക്കൽ: വിസ ലഭിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ PACI വെബ്സൈറ്റ് വഴി സിവിൽ ഐഡി ഫീസ് അടയ്ക്കാം. അരമണിക്കൂറിനുള്ളിൽ തന്നെ മൊബൈൽ ഐഡിയിൽ പുതിയ സ്റ്റാറ്റസ് ലഭ്യമാകും.

ജോലി വിസയിൽ നിന്ന് ഫാമിലി വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിർദ്ദേശങ്ങൾ ഏറെ സഹായകരമാകും. കൂടുതൽ നിയമപരമായ സംശയങ്ങൾക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റോ ഇമിഗ്രേഷൻ ഓഫീസോ സന്ദർശിക്കാവുന്നതാണ്.

family vissa