ചരിത്രം കാതോർക്കുന്ന  ശ്രീനാരായണ ഗുരു ദർശനം !

സ്വതസിദ്ധമായ ശൈലിയിൽ ഭാരതീയ ദർശനങ്ങൾ അവതരിപ്പിയ്ക്കുന്ന നിത്യചൈതന്യ യതിയുടെ ലേഖനങ്ങൾ അക്ഷരാർത്ഥത്തിൽ നമുക്ക് പരിചയപ്പെടുത്തുന്നത് ശ്രീനാരായണ ഗുരു ദർശനമാണ്.  

author-image
Greeshma Rakesh
Updated On
New Update
sreenarayana guru latest
Listen to this article
0.75x 1x 1.5x
00:00 / 00:00

By Daies Idiculla (President, World Malayalee Council, Ajman)  

 

അറേബ്യൻ മഹാസമുദ്രത്തിൻ്റെ തീരത്തിരുന്ന് തയ്യാറാക്കിയ ഈ ലേഖനത്തിന് നൽകിയ ശീർഷകം കാലിക പ്രസക്തവും അർത്ഥസമ്പുഷ്ടവുമാണ്. ആദരണീയനായ സന്ന്യാസി ശ്രേഷ്ടൻ നിത്യചൈതന്യ യതിയുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും നിന്നുമാണ്  "ശ്രീനാരായണ ഗുരു ദർശനം" - എന്ന വിഷയം ആദ്യമായി പരിചയപ്പെടുന്നത്. സ്വതസിദ്ധമായ ശൈലിയിൽ ഭാരതീയ ദർശനങ്ങൾ അവതരിപ്പിയ്ക്കുന്ന നിത്യചൈതന്യ യതിയുടെ ലേഖനങ്ങൾ അക്ഷരാർത്ഥത്തിൽ നമുക്ക് പരിചയപ്പെടുത്തുന്നത് ശ്രീനാരായണ ഗുരു ദർശനമാണ്.  

കോളജ് വിദ്യാഭ്യാസ കാലയളവിലാണ്  ഗുരു നിത്യ ചൈതന്യ യതിയെ പരിചയപ്പെടുന്നത്. ആകാശം പോലൊരു സന്ന്യാസി…..! "നിത്യ ചൈതന്യം" പേരിലും ജീവിതത്തിലും തിളങ്ങി നിന്ന ഗുരു. ചൈതന്യമുള്ള "ശ്രീനാരായണ ഗുരു ദർശനം" നിത്യ ചൈതന്യമായി പൊതു സമൂഹത്തിന് പകർന്ന ആ പ്രഭാവവും പ്രഭാഷണങ്ങളും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്തിയ ഒരു ആചാര്യശ്രേഷ്ടൻ വിശ്വസംസ്‌കൃതിയ്ക്ക് സമ്മാനിച്ച "ഏകതയുടെ ഗുരുദേവ ദര്‍ശനം" എത്ര മഹത്തരമാണ്.  

 

ഏഷ്യയിലെ ആദ്യ സര്‍വമത സമ്മേളനം

”പല മതസാരവും ഏകം” എന്ന സത്യം  അറിയുകയും അറിയിക്കുകയും ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത ഏഷ്യയിലെ ആദ്യ സര്‍വമത സമ്മേളനം ആലുവാ അദ്വൈതാശ്രമത്തിൽ ഉദ്‌ഘാടനം ചെയ്ത് ആചാര്യ ശ്രേഷ്ടനാണ്‌ ശ്രീ നാരായണ ഗുരു. 1924 മാർച്ച് 3, 4 തീയതികളിൽ നടന്ന ആ മഹാസമ്മേളനം ലോക സമൂഹത്തിന് നൽകിയ  സന്ദേശം ഇന്നും പ്രസക്തമാണ്. 

ചരിത്രം കാതോർക്കുന്ന ഏകതയുടെ ഗുരു ദർശനമാണ് ആലുവാ അദ്വൈതാശ്രമത്തിൽ നടന്ന സര്‍വമത സമ്മേളനം. തിരുവിതാംകൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർ.ടി.സദാശിവ അയ്യരായിരുന്നു സമ്മേളന അധ്യക്ഷൻ. മിതവാദി പത്രാധിപർ സി. കൃഷ്ണൻ, പണ്ഡിറ്റ് ഋഷിറാം (ആര്യസമാജം), കെ. കുരുവിള (ക്രിസ്തുമതം), സ്വാമി ശിവപ്രസാദ് (ബ്രഹ്മ സമാജം), മുഹമ്മദ് മൗലവി (ഇസ്ലാം), മഞ്ചേരി രാമകൃഷ്ണയ്യർ (ബുദ്ധമതം) തുടങ്ങിയ പ്രഗത്ഭരാണ് വിവിധ മത തത്വങ്ങളെ കുറിച്ച് പ്രഭാഷങ്ങൾ നടത്തിയത്.

ഈശ്വര ചൈതന്യമുള്ള ആചാര്യന്മാർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു പ്രഭാഷണം ആലുവാ അദ്വൈതാശ്രമത്തിൽ ഗുരു നിർവഹിച്ചു. സൂര്യചന്ദ്രാദി നക്ഷത്രങ്ങൾ ഉള്ള കാലത്തോളം സമസ്‌ത ലോക സമൂഹത്തിനും പ്രസക്തമായ ഈ പ്രഭാഷണത്തിൽ ഒരു വിശ്വ ഗുരുവിനെയാണ് നാം ദർശിയ്ക്കുന്നത്.  

മഹാന്മാർ അവതരിയ്ക്കുന്നത് മഹത്കർമ്മങ്ങൾ നിർവഹിയ്ക്കാനാണ്. അത് പ്രകൃതിയുടെ താളമാണ്. ഈശ്വര ഹിതമാണ്. സമൂഹം തിരിച്ചറിയാൻ കാലങ്ങൾ എടുക്കും. തപസ്സിലൂടെ "സിദ്ധാർഥ രാജകുമാരൻ" ശ്രീബുദ്ധനായി, "ശ്രീശങ്കരൻ" ശങ്കരാചാര്യരായി, "നാരായണൻ" ശ്രീനാരായണ ഗുരുവായി...! ഇത് ചരിത്രം  അടയാളപ്പെടുത്തിയ സത്യം. 

 

തപചര്യയിൽ ഈശ്വര ചൈതന്യം അനുഭവിച്ച നിമിഷങ്ങൾ ഗുരു തന്നെ കുറിച്ചത് ഇപ്രകാരമാണ്:-

"ഒരു കോടി ദിവാകരരൊത്തുയരും   

പടി പാരോടു  നീരനലാദികളും 

കെടുമാറു കിളിർന്നുവരുന്നൊരു നിൻ 

വടിവെന്നുമിരുന്നു വിളങ്ങിടണം"

കോടാനുകോടി സൂര്യന്മാർ ഒരേസമയം  ഉദിച്ചാൽ ഉണ്ടാകുന്ന പ്രഭ എത്ര വലുതാണോ അത്തരം ഈശ്വരാനുഭവം തപചര്യയി  ആസ്വദിച്ച മഹാഗുരുവിനെയാണ് നാം ഇന്ന് സ്മരിയ്ക്കുന്നത്‌. ബ്രഹ്മത്തെ അറിഞ്ഞവൻ ഇഹ ലോക ജീവിതത്തിൽ  ബ്രഹ്മമായി പ്രകാശിയ്ക്കുന്നു എന്നതാണ് ഭാരതീയ ദർശനം. അതാണ് ശ്രീനാരായണ ഗുരു ധർമ്മത്തിലും ജീവിതത്തിലും നാം കണ്ടത്.

 

പ്രയോഗിക വേദാന്ത ദർശനം  ലോകത്തിന് പകർന്ന വിശ്വഗുരു

ഭാരതീയ വേദ ദർശനങ്ങളുടെ പ്രൗഢമായ ചിന്തകൾ അക്ഷരാർത്തിൽ ഗ്രഹിയ്ക്കാൻ സാധാരണക്കാർക്ക് പ്രയാസമാണ്. ഗിരിഗഹ്വരങ്ങളിലും സൈന്ധവ സൈകതങ്ങളിലും തപസ്സനുഷ്ഠിച്ച സർവ്വസംഗ പരിത്യാഗികളായ ഋഷിമാർ സംസ്‌കൃത ഭാഷയിൽ രചിച്ച വേദഗ്രന്ഥങ്ങൾ  ഈ വിജ്ഞാന വിസ്ഫോടന യുഗത്തിലും ഗവേഷണം നടത്തുന്ന വിഷയമാണ്.

സമസ്‌ത സമൂഹത്തിനും മനസ്സിലാകാവുന്ന ഭാഷയിൽ പ്രയോഗിക വേദാന്ത ദർശനം  ലോകത്തിന് പകർന്ന വിശ്വഗുരു കുറിച്ച വരികൾ എത്ര പ്രസക്തമാണ്.

 

"അവനിവനെന്നറിയുന്നതൊക്കെയോർത്താ-

ലവനിയിലാദിമമായൊരാത്മരൂപം.

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം"    

ആത്മാവിനെയും മോക്ഷത്തെയും പ്രതിപാദിയ്ക്കുന്ന ദാർശനിക കൃതിയായ  "ആത്മോപദേശശതകത്തിൽ" - എത്ര മനോഹരമായാണ് പ്രയോഗിക വേദാന്ത ദർശനം ഗുരു  ലോകത്തിന് പകർന്നത്.സാമൂഹിക ദുരാചാരങ്ങൾ നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ മനുഷ്യ സ്നേഹവും സാഹോദര്യവും അടയാളപ്പെടുത്തുന്ന  പ്രയോഗിക വേദാന്ത സന്ദേശം. നാം പല പേരുകളിൽ ആരാധിയ്ക്കുന്നതെല്ലാം  ഒരേ ഈശ്വരനാണ്. ഞാനും ഇവനും അവനും തമ്മിൽ ഭേദമില്ല. എല്ലാവരും ഒരേ ഈശ്വരനിൽ അംശമാണ്. 

നമ്മുടെ ആത്മ സുഖത്തിന് ആചരിയ്ക്കുന്നത് അപരന്  സുഖത്തിനായ് വന്നാൽ പിന്നെ എന്ത് പ്രശ്‍നം. ഇതിനേക്കാൾ വലിയോരു സന്ദേശമുണ്ടോ ?. സമസ്‌ത വേദങ്ങളുടെയും സന്ദേശം ഈ വരികളിലുണ്ട്.       "ആത്മോപദേശശതകം" ആരംഭിക്കുന്നത് ജ്ഞാനസ്വരൂപനായ പരബ്രഹ്മത്തെ പഞ്ചേന്ദ്രിയങ്ങൾ അടച്ചു വണങ്ങുവാൻ ആഹ്വാനം ചെയ്തു കൊണ്ടാണ്. 

അദ്വൈത ദർശനങ്ങളുടെ ആഴങ്ങൾ അടയാളപ്പെടുത്തുന്ന  "ആത്മോപദേശം" ഗുരു അവസാനിപ്പിക്കുന്നതു ഓംകാര മന്ത്രം ശാന്തമായി ഓതിയാണ്.  സമസ്ത സമൂഹവും ഈശ്വരനിൽ  ലയിയ്ക്കുവാൻ ഉപദേശിയ്ക്കുന്ന പ്രയോഗിക വേദാന്ത ദർശനം. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പടുത്തുയർത്താൻ ജീവിതാന്ത്യം വരെ പ്രവർത്തിച്ച വിശ്വഗുരുവിന് പ്രണാമം.

ചരിത്രം കാതോർക്കുന്ന  ശ്രീനാരായണ ഗുരു ദർശനത്തിൽ അധിഷ്ഠിതമായ ഒരു ലോകമാണ് സന്മനസ്സുള്ളവർ ആഗ്രഹിയ്ക്കുന്നത്. ചരിത്രം കാതോർക്കുന്ന  "ശ്രീനാരായണ ഗുരു ദർശനം" സ്വജീവിതത്തിൽ പകർത്താൻ നമുക്കും  പരിശ്രമിയ്ക്കാം.  

 

കലാകൗമുദി ഗൾഫ് എഡീഷൻ : വാർത്തകളും സാഹിത്യ സൃഷ്ടികളും നൽകാൻ അവസരം

പ്രീയരെ,

കലാകൗമുദി പത്രം "ഗൾഫ് എഡീഷൻ"  ആരംഭിയ്ക്കുകയാണ്. മലയാള പത്രപ്രവർത്തന  മേഖലയിൽ തനതായ വ്യക്തിത്വവും പൈതൃകവുമുള്ള  കലാകൗമുദി പബ്ലിക്കേഷൻസ് പ്രസിദ്ധീകരണങ്ങൾ പ്രവാസി മലയാളികൾക്കൊപ്പം സഞ്ചരിയ്ക്കാൻ തയ്യാറെടുക്കുകയാണ്.

ജന്മനാടിനെ സ്നേഹിയ്ക്കുന്ന പ്രവാസി മലയാളികൾ ഗൾഫിൽ നടത്തുന്ന പ്രോഗ്രാമുകൾ കലാകൗമുദി ഗൾഫ് എഡീഷനിൽ പ്രസിദ്ധീകരിയ്ക്കാൻ അവസരം.  

പ്രവാസി മലയാളികളിൽ നിന്ന് സാഹിത്യ സൃഷ്ടികൾ (കഥ, കവിത, ലേഖനം) ക്ഷണിക്കുന്നു.

വാർത്തകളും സാഹിത്യ സൃഷ്ടികളും ഗൂഗിൾ  സ്ക്രിപ്റ്റിൽ തയ്യാറാക്കി നൽകേണ്ട വിലാസം : Email: kalakaumudigulf@gmail.com

Visit:  https://www.kalakaumudi.com/

 

 

gulf news sreenarayana guru dharsan