/kalakaumudi/media/media_files/2026/02/05/whats-2026-02-05-13-34-08.jpeg)
മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷന്റെ 2026-27 വർഷത്തേക്കുള്ള പുതിയ നിർവാഹക സമിതിയെ മനാമ എമിറേറ്റ്സ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഫിറോസ് മാഹിയെ പുതിയ പ്രസിഡന്റായി യോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു. സംഘടനയുടെ വരുംകാല പ്രവർത്തനങ്ങളിൽ ഏവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും വേണമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം അഭ്യർത്ഥിച്ചു.
വി.പി. ശംസുദ്ധീന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി നവാസ് സ്വാഗതം ആശംസിച്ചു. സംഘടനയുടെ കഴിഞ്ഞ കാലത്തെ സാമ്പത്തിക വിനിയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് ട്രഷറർ അഫ്സൽ അവതരിപ്പിച്ചു. യോഗത്തോടനുബന്ധിച്ച് നടന്ന ഉദ്ബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് മുഖ്യാതിഥിയായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും വിശ്വാസികളുടെ കേവലമൊരു ഔദാര്യമല്ലെന്നും, മറിച്ച് അത് സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ വ്യക്തിയും ഈ ബാധ്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
നസീബ് യോഗത്തിന് ആശംസകൾ നേർന്നു. ചടങ്ങുകൾ റാഷിദ്, നൗഷാദ് ഖാലിദ് എന്നിവർ നിയന്ത്രിച്ചു. സാദിഖ്, ജാവേദ്, മിഥിലാജ്, ഫിറോസ് വി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച യോഗത്തിൽ റയീസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: റഫീഖ് അബ്ബാസ്, ബഹ്‌റൈൻ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
