കവിതയുടെ കലയും രാഷ്ട്രീയവും, ഭാവനയുടെ ചിറകുകളും

രാഷ്ട്രീയ പ്രജ്ഞ കവിതയ്ക്ക് ദിശാബോധം നൽകട്ടെ; എന്നാൽ അത് കവിതയുടെ ചിറകുകൾ കെട്ടിയിടാൻ പാടില്ല. കവിത ആയിരം നാക്കുകളോടെ സംസാരിക്കണം. ഓരോ അനുവാചകനിലേക്കും അതു വ്യത്യസ്ത വഴികളിലൂടെ കടന്നുചെന്നു, അവരുടെ അനുഭവങ്ങളുടെയും ഓർമ്മകളുടെയും ഭാവനകളുടെയും അടിസ്ഥാനത്തിൽ

author-image
Ashraf Kalathode
New Update
rear-view-woman-painting-canvas-workshop (1)
കവിതയുടെ കലയും രാഷ്ട്രീയവും, ഭാവനയുടെ ചിറകുകളും
          ലേഖനം 
അഷ്റഫ് കാളത്തോട്

ഒരു കവിതയുടെ മഹത്വം അത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഭാരം കൊണ്ടല്ല, ആ ഭാരം വാക്കുകളുടെ മൃദുലതയിൽ എങ്ങനെ ലയിപ്പിക്കുന്നു എന്നതുകൊണ്ടാണ് നിർണ്ണയിക്കപ്പെടുന്നത്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ നേരിട്ട് പ്രഖ്യാപനങ്ങളാക്കി എഴുതുമ്പോൾ കവിതയുടെ ശ്വാസം ചെറുതാകുന്നു; അവിടെ ആശയമുണ്ട്, പക്ഷേ ആ ആശയത്തെ ഉണർത്തുന്ന ആത്മസ്പർശമില്ല. കവിത ലേഖനമാകുന്ന നിമിഷം തന്നെ ഭാവന പിന്മാറുന്നു. അതുകൊണ്ടുതന്നെ കലയും നിലപാടും തമ്മിലുള്ള സന്തുലിതാവസ്ഥ കവി കണ്ടെത്തേണ്ട ഏറ്റവും സൂക്ഷ്മമായ അളവുകോലാണ്.

രാഷ്ട്രീയ പ്രജ്ഞ കവിതയ്ക്ക് ദിശാബോധം നൽകട്ടെ; എന്നാൽ അത് കവിതയുടെ ചിറകുകൾ കെട്ടിയിടാൻ പാടില്ല. കവിത ആയിരം നാക്കുകളോടെ സംസാരിക്കണം. ഓരോ അനുവാചകനിലേക്കും അതു വ്യത്യസ്ത വഴികളിലൂടെ കടന്നുചെന്നു, അവരുടെ അനുഭവങ്ങളുടെയും ഓർമ്മകളുടെയും ഭാവനകളുടെയും അടിസ്ഥാനത്തിൽ പുതുപുതിയ അർത്ഥങ്ങളായി വിരിയണം. ഒരാളിൽ അത് പ്രതിഷേധമായി ജ്വലിക്കുമ്പോൾ മറ്റൊരാളിൽ അത് കരുണയായി പതിയാം; മറ്റൊരാളിൽ അത് നിശബ്ദമായ ഒരു ചോദ്യംയായി നിൽക്കും. ഈ വ്യത്യാസങ്ങളിലാണ് കവിതയുടെ ജീവൻ.

കവിതയ്ക്ക് താളങ്ങളുണ്ടാകണം — ചിലപ്പോൾ ഉച്ചത്തിലുള്ള ഗർജ്ജനങ്ങളായി, ചിലപ്പോൾ കാതിനുള്ളിൽ മാത്രം കേൾക്കുന്ന നെടുവീർപ്പുകളായി. അതിന് ചിറകുകൾ വേണം; വായനക്കാരന്റെ ചിന്തയെ അതിജീവിച്ച് പറക്കാൻ. അത് പലപൂക്കളായി വിരിയണം, പലചില്ലകളായി ചിതറണം, അമരവള്ളിപോലെ മസ്തിഷ്കത്തിൽ പതുക്കെ പടരുകയും വേരുറക്കുകയും വേണം. അപ്പോഴാണ് എഴുത്തുകാരന്റെ ലക്ഷ്യം പൂർണ്ണമാകുന്നത്. ഒരു കവിത ഒരു തവണ വായിച്ചു തീരുന്ന ഒന്നല്ല; അത് വായനക്കാരന്റെ ഉള്ളിൽ വീണ്ടും വീണ്ടും ജനിക്കുന്ന ഒരു ജീവിയാണ്.

rm435-078 (1)



മലയാള കവിതയുടെ മഹത്തായ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് രാഷ്ട്രീയവും ഭാവനയും പരസ്പരം വിരോധികളല്ലെന്നതാണ്. അയ്യപ്പപ്പണിക്കർ പുരാണബിംബങ്ങളിലൂടെ സമകാലിക രാഷ്ട്രീയത്തിന്റെ ആന്തരിക സംഘർഷങ്ങളെ ദാർശനികമായി പുനർവ്യാഖ്യാനം ചെയ്തു. കടമ്മനിട്ട രാമകൃഷ്ണൻ വിശപ്പിനെയും അനീതിയെയും ഗോത്രതാളത്തിന്റെ രൗദ്രസംഗീതമായി ഉയർത്തി. സച്ചിദാനന്ദൻ ലോകവ്യാപകമായ മനുഷ്യവേദനകളെ സർവ്വലൗകിക കാവ്യഭാഷയിൽ അവതരിപ്പിച്ചു. കുമാരനാശാൻ നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ കരുണയുടെ ലാവണ്യത്തിലൂടെ ചാലിച്ചപ്പോൾ, എ. അയ്യപ്പൻ സ്വന്തം ജീവിതമുറിവുകളെ കവിതയാക്കി തെരുവിന്റെ രാഷ്ട്രീയം അനുഭവമാക്കി. ബാലചന്ദ്രൻ ചുള്ളിക്കാട് രാഷ്ട്രീയവും പ്രണയവും ഒരേ ശ്വാസത്തിൽ ചേർത്തു, വാക്കുകളുടെ സംഗീതത്തിൽ പ്രതിഷേധത്തിന്റെ തീ നിക്ഷേപിച്ചു.

ഇവരുടെ കവിതകളിൽ രാഷ്ട്രീയം മുദ്രാവാക്യമല്ല; അത് ആന്തരിക കലഹമാണ്. അവിടെ സന്ദേശം ഇല്ലെന്ന് പറയാനാകില്ല, പക്ഷേ സന്ദേശം വാക്കുകളെ പിടിച്ചടക്കാത്തിടത്ത് ഭാവന സ്വതന്ത്രമായി പറക്കുന്നു. അതുകൊണ്ടുതന്നെ അവരുടേതായ കവിതകൾ കാലാതീതമാകുന്നു.

ലോകസാഹിത്യത്തിലും ഇതേ സത്യമാണ് തെളിയുന്നത്. പാബ്ലോ നെരൂദയുടെ കവിതയിൽ വിപ്ലവവും പ്രണയവും ഒരേ ശിരസ്സിൽ നിന്നു പിറക്കുന്നു. മഹ്മൂദ് ദർവിഷ് തന്റെ ജനതയുടെ രാഷ്ട്രീയ വേദനയെ ദാർശനിക രൂപകങ്ങളാക്കി മാറ്റുന്നു. ഇവരിൽ രാഷ്ട്രീയം വാക്കുകളെ ദരിദ്രമാക്കുന്നില്ല; മറിച്ച് അവയെ സമ്പന്നമാക്കുന്നു.

94139 (1)


ഇന്ന് കവിതയ്ക്ക് നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി വേഗമാണ്. വാർത്തകളുടെ വേഗതയിൽ കവിത പിറക്കുമ്പോൾ അതിന് പാകമാകാനുള്ള സമയം കിട്ടുന്നില്ല. വിവരം അനുഭവമാകുന്നതിന് മുൻപ് തന്നെ അത് വരികളായി മാറുന്നു. അങ്ങനെ വരുമ്പോൾ കവിത ഒരു പ്രതികരണമായി മാത്രം നിലനിൽക്കും; ഒരു പുനർജന്മമായി മാറുകയില്ല. ഭാവനയുടെ സമ്പന്നതയ്ക്ക് നിശബ്ദതയും ധ്യാനവും ആവശ്യമാണ്.

കവി ഒരു രാഷ്ട്രീയപ്രവർത്തകനല്ല; പക്ഷേ സമൂഹത്തിന്റെ മൗനങ്ങളിലേക്ക് ചെവി ചായ്ക്കുന്ന സാക്ഷിയാണ്. കാലത്തിന്റെ നെടുവീർപ്പുകൾ കേൾക്കുക എന്നത് അദ്ദേഹത്തിന്റെ പ്രാഥമിക ബാധ്യതയാണ്. ആ നെടുവീർപ്പുകൾ വാക്കുകളായി മാറുമ്പോൾ അവയിൽ ചൂടുണ്ടാകണം; അനുഭവത്തിന്റെ ചൂട്. ഒരു കവിത വായിച്ചു കഴിഞ്ഞ് വായനക്കാരന്റെ ഉള്ളിൽ ഒരു നിശബ്ദ വിപ്ലവം ആരംഭിക്കുന്നുവെങ്കിൽ, അവിടെ കലയും രാഷ്ട്രീയവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിച്ചിരിക്കുന്നു.

കവിത ഒരൊറ്റ അർത്ഥത്തിൽ ചുരുങ്ങരുത്. അത് വായനക്കാരന്റെ ഭാവനയ്ക്കനുസരിച്ച് പലതരത്തിൽ വിരിയണം. ചിലർക്കത് കരുണയായിരിക്കും, ചിലർക്കത് കോപമായിരിക്കും, ചിലർക്കത് ആത്മവിചാരണയായിരിക്കും. ഈ അനവധി പാതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് കവിതയ്ക്ക് ആയിരം നാക്കുകൾ ലഭിക്കുന്നത്. അപ്പോൾ മാത്രമേ അത് ജീവിക്കൂ; അപ്പോൾ മാത്രമേ എഴുത്തുകാരന്റെ ദൗത്യം പൂർത്തിയാവൂ.​
 
Article