ഷാർജ : പ്രശസ്ത സൂഫീ ഗുരു ശൈഖ് മുഹമ്മദ് ബാവ ഉസ്താദിൻ്റെ "ഹൃദയ വെളിച്ചം " "ജ്ഞാനപ്പുകഴ്ചി "എന്നീ രണ്ട് ഗ്രന്ഥങ്ങൾ ഷാർജ ഇൻ്റർനാഷണൽ ബുക്ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു.മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡണ്ട് പ്രകാശൻ ഷാർജ, അറിയപ്പെടുന്ന സംസ്കാരിക പ്രവർത്തകൻ ബശീർ വടകര ,യു എ യിലെ പ്രമുഖ പ്രവാസി വ്യവസായി സിദ്ധീഖ് ലിയോടെക് എന്നിവർ വ്യത്യസ്ത പുസ്തകങ്ങൾ ഏറ്റുവാങ്ങി.
കണക്കാക്കപ്പെടുന്ന ശരാശരി മനുഷ്യായുസിനെക്കാൾ കൂടുതൽ ജീവിച്ച് അനേകം ആത്മജ്ഞാന ഗ്രന്ഥങ്ങൾ എഴുതിയ തക്കല മുഹമ്മദ് പീർ വലിയുല്ലാഹിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് ജ്ഞാനപ്പുകഴ്ചി.
മതങ്ങൾക്കതീതമായ ആത്യന്തിക ദൈവീക ജ്ഞാനത്തിൻ്റെ ഉൾസാര രഹസ്യങ്ങൾ അയ്യായിരത്തിലധികം ഈരടികളിലായി വിശദീകരിക്കപ്പെടുന്നുണ്ട് എന്നതാണ് അദ്ദേഹത്തിൻെറ കൃതികളുടെ പ്രത്യേകത.
എം സ്വലാഹുദ്ദീൻ ഏർവാടി വിശദീകരണമെഴുതിയ തമിഴ് കൃതിയുടെ മൊഴിമാറ്റമാണ് രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശിതമായത്
ശൈഖ് മുഹമ്മദ് ബാവ ഉസ്താദിൻ്റെ മാർഗനിർദേശങ്ങളിൽ റാഹിദ് സുൽത്വാനി ദുബൈ ആണ് മലയാള ഭാഷാന്തരം നിർവഹിച്ചത്.ശൈഖ് മുഹമ്മദ് ബാവ ഉസ്താദിൻ്റെ ഉപദേശങ്ങളും ആത്മജ്ഞാന സംസാരങ്ങളും ക്രോഡീകരിച്ചാണ് ഹൃദയ വെളിച്ചം എന്ന പുസ്തകം തയ്യാറാക്കിയത്.
മനസ്സുകൾ നിർമ്മലീകരിച്ച് മനുഷ്യത്വത്തെ ജീവിപ്പിക്കുകയും തീവ്രവാദവും വർഗീയതയും മതജാതീയതയും ഇല്ലാതാക്കി മാനവ ഐക്യവും സഹിഷ്ണുതയും വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംസാരങ്ങളുടെ കാതൽ.
സ്വന്തത്തെ അറിയുന്നതിലൂടെ മാത്രമേ ദൈവത്തെ അറിയാനാകൂ എന്നും അതിന് ഗ്രന്ഥങ്ങൾക്കപ്പുറം സ്വന്തത്തെ അനുഭവിച്ചറിഞ്ഞ ജ്ഞാന ഗുരുക്കൻമാരുടെ സഹവാസം കൊണ്ട് മാത്രമേ മാർഗമുള്ളൂവെന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് വായനക്കാരെ ഓർമപ്പെടുന്നു.
പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകനും ഗവേഷകനുമായ ഫൈസൽ എളേറ്റിൽ,പ്രശസ്ത എഴുത്തുകാരനായ ബഷീർ തിക്കോടി ഉസ്മാൻ യുവത ബുക്സ്,യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി
അക്ബർ ലിപി ബുക്സ്, തുടങ്ങിയവർ സംസാരിച്ചു.സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. അബ്ദുന്നാസ്വിർ മഹ്ബൂബി പുസ്തക പരിചയം നിർവഹിച്ചു.കവി സൈഫുദ്ദീൻ കണ്ണൂർ, സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ പ്രസിഡണ്ട് സയ്യിദ് മുസ്ഥഫ അൽ ഐദറൂസി ഷാർജ തുടങ്ങിയവർ സംബന്ധിച്ചു.