/kalakaumudi/media/media_files/2026/01/17/church-2026-01-17-17-32-35.png)
KUNA - കുവൈത്ത് സിറ്റി: അറേബ്യൻ ഉപദ്വീപിലെ ക്രൈസ്തവ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് കുവൈത്തിലെ അഹമ്മദിയിലുള്ള ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന് 'മൈനർ ബസിലിക്ക' പദവി. വെള്ളിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയട്രോ പരോളിൻ വിശുദ്ധ കുർബാനയ്ക്കും അനുബന്ധ ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ഗൾഫ് മേഖലയിൽ ഇത്തരമൊരു പദവി ലഭിക്കുന്ന ആദ്യ ദേവാലയമായി ഇതോടെ അഹമ്മദി പള്ളി മാറി.
ദേവാലയത്തിന്റെ ആത്മീയവും ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് വത്തിക്കാൻ ഈ ഉന്നത പദവി നൽകി ആദരിച്ചത്. 1948-ൽ കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) നിർമ്മിച്ച ഈ ദേവാലയം പതിറ്റാണ്ടുകളായി മേഖലയിലെ വിശ്വാസികളുടെ പ്രധാന കേന്ദ്രമാണ്.
അഹമ്മദിയിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ കുവൈത്ത് സ്ഥാനപതി യൂജിൻ മാർട്ടിൻ ന്യൂജെന്റ്, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ കാര്യ അസിസ്റ്റന്റ് മന്ത്രി സാദിഖ് മറാഫി, കെ.ഒ.സി പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ബുസൈരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
കുവൈത്തിന്റെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമായാണ് ഈ അംഗീകാരം കാണപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ദേവാലയത്തിൽ എത്തിയിരുന്നു. കെ.ഒ.സിയുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
