/kalakaumudi/media/media_files/2026/02/09/62823369-2026-02-09-11-41-48.jpg)
മസ്കത്ത്: ഒമാൻ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ടുഗതർ മൂവിങ് ഫോർവേഡ്' ഫോറത്തിന്റെ നാലാമത് പതിപ്പിന് മസ്കത്തിൽ തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം മന്ത്രിയും സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയുമായ സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സഈദ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറിയേറ്റ് ജനറൽ വർഷം തോറും സംഘടിപ്പിക്കുന്ന ഈ ദ്വിദിന പരിപാടി, ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പുവരുത്തുക എന്ന സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ രാജകീയ നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടക്കുന്നത്. സർക്കാരും സമൂഹവും തമ്മിലുള്ള വിടവ് നികത്തി, പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കാൻ ഈ വേദി അവസരമൊരുക്കുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/09/629062-2026-02-09-11-42-32.jpg)
രാജ്യത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ വിവിധ മേഖലകളെക്കുറിച്ചുള്ള ഉന്നതതല ചർച്ചാ സെഷനുകളാണ് ഫോറത്തിന്റെ പ്രധാന ആകർഷണം. 'ഒമാൻ വിഷൻ 2040' ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മുൻഗണനാ സാമ്പത്തിക മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഫോറം ആഴത്തിൽ ചർച്ച ചെയ്യും. വിവിധ ഗവർണറേറ്റുകളുടെ വികസനവും പ്രാദേശിക നിക്ഷേപവും രാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്ക് എപ്രകാരം സഹായകരമാകുമെന്നും സെഷനുകളിൽ വിലയിരുത്തപ്പെടും.
യുവജനങ്ങളുടെ സർഗ്ഗാത്മകമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച "ഐഡിയ മേക്കേഴ്‌സ് - ഹമത്ത്" പ്രോഗ്രാമിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. മസ്കത്ത് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫോറത്തിൽ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ട്: ശാഫി എം.കെ (കടപ്പാട്: ONA, ടൈംസ് ഓഫ് ഒമാൻ)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
