എടപാടിന്റെ മൂന്നാംദിവസം കവിത:   അജിത റ്റി. പി കൃഷ്ണ

മടക്കിവച്ച അഞ്ഞൂറുകൾ എണ്ണികൊടുത്ത് ഇറക്കിയ ഭാരം തിരികെവെക്കാനുള്ള തയ്യാറെടുപ്പിൽ ഊരക്കാന്നു കൈയൂന്നി  അച്ഛനൊന്നു കിതച്ചു,  അടുത്തിരുന്ന കുടിവെള്ളത്തിന്റെ കൂജയിൽനിന്നും അരഗ്ലാസ്സെടുത്ത് അമ്മയൊന്നു തൊണ്ടനനച്ചു,

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-19 at 10.49.06 AM

എടപാടിന്റെ മൂന്നാംദിവസം

കവിത:  

അജിത റ്റി. പി കൃഷ്ണ 
🟡🟡🟡🟡🟡 

തിരക്കേറിയ
വരാന്തയിൽനിന്നവൾ
സാവധാനം
പടിയിറങ്ങി, 

വിജയക്കൊടിപാറിച്ച്
അതിവേഗമവളുടെയരികിലേക്ക്
ഓടിവന്നയൊരു
കറുത്തകോട്ടിനുള്ളിലേക്ക്
വെളുപ്പുപതിയെ
പിൻവാങ്ങി, 

മടക്കിവച്ച
അഞ്ഞൂറുകൾ
എണ്ണികൊടുത്ത്
ഇറക്കിയ ഭാരം
തിരികെവെക്കാനുള്ള
തയ്യാറെടുപ്പിൽ
ഊരക്കാന്നു കൈയൂന്നി 
അച്ഛനൊന്നു കിതച്ചു, 

അടുത്തിരുന്ന
കുടിവെള്ളത്തിന്റെ
കൂജയിൽനിന്നും
അരഗ്ലാസ്സെടുത്ത്
അമ്മയൊന്നു
തൊണ്ടനനച്ചു,

നെഞ്ചിൽ തെളിഞ്ഞുകിടന്ന താലിയൊന്നു 
തെരുപ്പിടിച്ച്
പതിയെയവൾ
ഉള്ളിലേക്കിട്ടു, 

എണ്ണം തികച്ചപ്പോൾ
തൂക്കം തികച്ചുവച്ചതുകണ്ട്
അത് അവൾക്കുതന്നെ
കിട്ടിയിരുന്നു, 

വാദത്തിനും 
മറുവാദത്തിനുമൊടുവിൽ
രാത്രികൾ
തീരാതിരിക്കുമ്പോൾ
അവളുടെ ചുണ്ടുകൾ
ആ താലിയിൽ
പതിയെ ഉമ്മവച്ചിരുന്നു, 

ആദ്യദിനങ്ങളിൽ
അവനോടു 
ചേർന്നുറങ്ങിയിരുന്നപ്പോൾ
കിട്ടിയിരുന്ന തണുപ്പിനെ
ഇരുട്ടിനോടവൾ
കടം ചോദിച്ചിരുന്നു, 

ഒന്നുമൊന്നും
തിരിച്ചുകിട്ടാതെ
നെടുവീർപ്പുകൾ
തുന്നിക്കൂട്ടി അവളൊരു
ബുർക്കയുണ്ടാക്കി, 

കടൽക്കരയും 
തെന്നിമാറിവീണ്ടുമൊന്നു ചേരുന്ന
തിരകളും
കണ്ടുമതിയാവാത്ത
കാഴ്ചയാക്കി, 

അലയടിയിൽ തെറിച്ചുവീണ
ചിപ്പികളെ ഓടിവന്നെടുക്കുന്ന
തിരകളെകണ്ട്
ഒന്നുകൂടിയൊന്നാവാൻ 
അവർ
കൊതിച്ചിരുന്നോ?

പിന്നേയും  പിന്നേയും
തിരയെണ്ണുന്നവളോട്
അവനൊന്നുകൂടി ചേർന്നിരുന്നു, 

പച്ചമുറിവിലെ
രക്തമുറഞ്ഞ്
നോവുണങ്ങുന്നതിന്റെ
ആശ്വാസംകൊണ്ട്
അവളും 
അകലാൻ 
മറന്നിരുന്നുപോയി....
🟡🟡🟡🟡🟡
കവി: അജിത റ്റി. പി കൃഷ്ണ 
മലപ്പുറംജില്ലയിലെ എടപ്പാൾ പൊൻകുന്ന് സ്വദേശിനിയാണ്.
മാറഞ്ചേരി കരുണ പാലിയേറ്റീവുകെയറിൽ നഴ്സായി ജോലിചെയ്യുന്നു.
കവിതാസമാഹാരം: 'സന്ധ്യ പോകുന്നിടം'
poem