/kalakaumudi/media/media_files/2026/02/25/whatsap-2026-02-25-11-36-26.jpeg)
ഓർമ്മകൾക്ക് പിറകെ സഞ്ചരിക്കുന്നവർ
കവിത
ആശ അഭിലാഷ് മാത്ര
വേലിയിലെ മുള്ളിൽക്കൊരുത്തുമുറിഞ്ഞതാണ്
ഓർമ്മകളുടെ ഞരമ്പുകൾ.
വേലിക്കല്ലിൽ തട്ടിയുടഞ്ഞ ചില അർഥങ്ങളിൽ,
പിറ്റേന്നു മുതൽ ചില ബലിക്കാക്കകൾ കാവലിരുന്നു..
യൗവനം പടിയിറങ്ങിയതിന് പിറകേ പോയപ്പോൾ,
വാർദ്ധക്യമൊരണകെട്ടി.
വീടുറങ്ങിയ നിശ്ശബ്ദതയിൽ പുകയോടൊപ്പം
എല്ലു നുറുങ്ങുന്ന ശബ്ദവും ഓർമ്മകളിൽ ചന്ദനത്തിരിയുടെ ഗന്ധം പടർത്തി.
ഓർമ്മകളുടെ സ്വാദുമാത്രം
പൊതിയാറുള്ള വാഴയിലയിൽ
കറുത്ത ചോരപ്പൂക്കളാൽ ഉടയാടയണിഞ്ഞ
വൃദ്ധ നീണ്ടുനിവർന്നുകിടന്നു.
ഓർമ്മകളുടെ വളം നൽകി,
നട്ട മാവിൻ കൊമ്പിൽ
ദഹിച്ചുതീരുമ്പോൾ
" കല്യാണപ്പട്ടുകൂടി"
യെന്നാരൊക്കെയോ പറഞ്ഞു...
ഓർമ്മകൾ പലപ്പോഴും ദഹിക്കുകയാണ്..
മേഘമായും മഴയായും പുനർജ്ജനിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
