കാത്തിയുടെ വിഹ്വലതകളിലൂടെ -കഥ- ബീനാ മോഹൻ

കാറ്റ് കനക്കുന്നതായി തോന്നിയപ്പോൾ ജനാലചില്ലുകൾ പതുക്കെ അടച്ചു. അകത്തളത്തിലെ നിശ്ശബ്ദതക്ക് പുറത്തെ കാറ്റിന്റെ മുരൾച്ച ഒരു പശ്ചാത്തലസംഗീതമായി ചേർന്നു. ആ ശബ്ദം — ഒരേസമയം ഭീതിയും ആശ്വാസവും പകരുന്ന ഒരു ദൂരനാദം. ബോറടിയോടെ ഞാൻ ടെലിവിഷൻ ഓൺ ചെയ്തു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-25 at 12.22.24 PM

കാത്തിയുടെ വിഹ്വലതകളിലൂടെ…

കഥ 
ബീനാ മോഹൻ

വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഞാൻ. പനി ശരീരത്തെ പിണഞ്ഞു പിടിച്ച് അസ്ഥികളോളം തളർത്തിയിരിക്കുന്നു. ജാലകത്തിന്റെ പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇന്നലത്തെ ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ ഒരു വിഷാദസ്മരണയായി പരന്നുകിടക്കുന്നത് കണ്ടു — കൊഴിഞ്ഞ ഇലകൾ, കൂമ്പിപ്പോയ പൂക്കൾ, ഒടിഞ്ഞ് തൂങ്ങിയ മരച്ചില്ലകൾ. പ്രകൃതി ഒരു അനാവൃത ദുഃഖത്തിന്റെ കറുത്ത ശാലു മൂടി നിശ്ചലമായി നിന്നുപോലെ. ശീതകാലത്തിന്റെ കാലൊച്ചകൾ ദൂരെയായി കേൾക്കാൻ തുടങ്ങിയതുമുതൽ സൂര്യൻ പകൽ ചുരുക്കിയിരുന്നു; വെളിച്ചം പോലും അലസമായി മാറിയിരിക്കുന്നു.

കാറ്റ് കനക്കുന്നതായി തോന്നിയപ്പോൾ ജനാലചില്ലുകൾ പതുക്കെ അടച്ചു. അകത്തളത്തിലെ നിശ്ശബ്ദതക്ക് പുറത്തെ കാറ്റിന്റെ മുരൾച്ച ഒരു പശ്ചാത്തലസംഗീതമായി ചേർന്നു. ആ ശബ്ദം — ഒരേസമയം ഭീതിയും ആശ്വാസവും പകരുന്ന ഒരു ദൂരനാദം. ബോറടിയോടെ ഞാൻ ടെലിവിഷൻ ഓൺ ചെയ്തു.

സ്ക്രീനിൽ The Martian. പ്രസിദ്ധമായ ഹോളിവുഡ് സിനിമ. പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണാൻ താൽപ്പര്യം തോന്നുന്ന കഥ. വിധിവൈപരീത്യം കാരണം നാസയുടെ പേടകത്തിൽ നിന്ന് ചിതറിപ്പോയ നായകൻ, ചുവന്ന നിർജ്ജനഗ്രഹമായ Mars-ൽ ഒറ്റപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്നു. അനന്തമായ ഏകാന്തതയുടെ നടുവിൽ ആത്മധൈര്യം മാത്രം കൂട്ടായി. മനുഷ്യൻ ഒറ്റപ്പെടുമ്പോൾ അവന്റെ ഉള്ളിൽ നിന്ന് പൊന്തിവരുന്ന ജീവിക്കാനുള്ള ദാഹം ഒരേ സമയം എത്ര ഭീകരവും എത്ര മഹത്തരവുമായതുമാണെന്ന് സിനിമ വീണ്ടും ഓർമ്മിപ്പിച്ചു. ചുവന്ന മണലുകൾക്കിടയിൽ ഒരു ചെറിയ പച്ചച്ചെടി വളർത്താനുള്ള അവന്റെ ശ്രമം — പ്രതീക്ഷയുടെ അതിസൂക്ഷ്മമായൊരു ജ്വാല.

അപ്പോഴാണ് കോളിംഗ് ബെൽ തുടർച്ചയായി മുഴങ്ങിയത്.

അപ്രതീക്ഷിത ശബ്ദങ്ങൾ നമ്മുടെ ബോധതലത്തെ ഒരുതരം കഠിനമുള് പോലെ കുത്തിപ്പുറത്തെടുക്കും. പെട്ടെന്ന് വാതിൽ തുറക്കാൻ ഭയപ്പെട്ടു. കർട്ടന്റെ അരികിലൂടെ നോക്കിയപ്പോൾ — മഴയിൽ നനഞ്ഞു വിറങ്ങലിച്ച് നിൽക്കുന്ന കാത്തി.

വാതിൽ തുറന്നതും “Oh, God…” എന്ന് വിറയലോടെ പറഞ്ഞ് അവൾ അകത്തേക്ക് ഓടിക്കയറി. കണ്ണുകളിൽ പൂർണ്ണമായ ഭയം; ശ്വാസം മുറിഞ്ഞുപോയതുപോലെ.
“Somebody is following me… I am scared. Don’t leave me alone.”

images

അവളെ സെറ്റിയിൽ ഇരുത്തി വാതിൽ പൂട്ടി. ടീപ്പോയിലുണ്ടായിരുന്ന വെള്ളക്കുപ്പി അവൾ ഒറ്റവലിക്ക് കുടിച്ചു തീർത്തു. പിന്നെ ബാഗിൽ നിന്ന് ഒരു ഗുളിക എടുത്ത് വിഴുങ്ങി. കണ്ണടച്ചു. ഒരു നിമിഷം — അസ്പഷ്ടമായ സ്വരത്തിൽ അവൾ വിളിച്ചു…
“ഹാരീ… നീ എവിടെ? I am waiting for you…”

ആ വിളി ഒരു അഗാധ ശൂന്യതയിലേക്കു പതിക്കുന്ന ശബ്ദംപോലെ കേട്ടു. ഞാൻ നോക്കി നിൽക്കേ അവൾ മയക്കത്തിലേക്ക് വീണു. ഭയത്തിന്റെ മൂർച്ചകൾ പതുക്കെ മങ്ങിയുപോയതുപോലെ.

വീണ്ടും ബെൽ.

കാത്തി ഞെട്ടി കണ്ണുതുറന്നു. ഭയത്തിന്റെ മങ്ങിയ നിഴൽ വീണ്ടും മുഖത്ത് തെളിഞ്ഞു. കർട്ടൻ നീക്കി നോക്കിയപ്പോൾ — അവളുടെ മകൻ. വാതിൽ തുറന്നപ്പോൾ അവൻ ക്ഷമ ചോദിച്ചു. കുറച്ചു ദിവസങ്ങളായി അമ്മയ്ക്ക് മാനസിക വിഭ്രമം. ഹാലുസിനേഷനുകൾ. ആരോ പിന്തുടരുന്നുവെന്ന തോന്നൽ.

മകനെ കണ്ടിട്ടും കാത്തിയുടെ മുഖത്ത് ആശ്വാസം പൂർണ്ണമായില്ല. അവൾ എന്നെ നോക്കി വീണ്ടും പറഞ്ഞു —
“Please… don’t leave me alone, dear…”

അമ്മയെ താങ്ങിപ്പിടിച്ച് മകൻ കൂട്ടിക്കൊണ്ടുപോയി. കാത്തി മതിഭ്രമത്തിലൂടെ പിച്ച വെച്ചവളെപ്പോലെ നടന്നു പോകുന്നത് കണ്ടപ്പോൾ മനസ്സ് മുറിഞ്ഞു.

വീട് വീണ്ടും നിശ്ശബ്ദമായി. എന്നാൽ ആ നിശ്ശബ്ദതയിൽ കാത്തിയുടെ ശബ്ദം കുടുങ്ങിക്കിടന്നു — “Don’t leave me alone…”

വീണ്ടും സ്ക്രീനിലേക്കു നോക്കി. ചുവന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട മനുഷ്യൻ. അവന്റെ ചുറ്റും ശൂന്യത. അവന്റെ ഉള്ളിൽ പ്രതീക്ഷ. കാത്തിയുടെ ഉള്ളിൽ? അവൾക്കും സ്വന്തം ‘മാർസ്’ ഉണ്ടാകാമോ? ആരും കാണാത്ത, പക്ഷേ അവൾക്കു യാഥാർത്ഥ്യമാകുന്ന ഒരു ഭീതിഗ്രഹം — അനന്തമായ ചുവന്ന മണൽമേഘങ്ങൾ നിറഞ്ഞ മനസ്സിന്റെ മരുഭൂമി.

Puerto Ricoയിൽ നിന്ന് Canadaയിലേക്ക് കുടിയേറി, അധ്യാപികയായി ജോലി ചെയ്ത്, സിംഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ടുപോയ അവൾ. കഴിഞ്ഞ ആഴ്ച, ഏറ്റവും അടുത്ത സുഹൃത്ത് മരിച്ച കാര്യം പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ദുഃഖത്തിന്റെ അലയടികൾ ഞാൻ കണ്ടിരുന്നു. “Love you, dear…” എന്ന് പറഞ്ഞ് ചേർന്നു നിന്നപ്പോൾ, അവൾ പൊതിഞ്ഞു വച്ചിരുന്ന ദുഃഖങ്ങൾ അണപൊട്ടിയൊഴുകി. അത് ഒരു പുതിയ Niagara Falls ആയി പൊട്ടിത്തെറിക്കുമോ എന്ന് ഞാൻ ഭയന്നു.

അവളുടെ സുഹൃത്ത് — അവളുടെ ദുഃഖങ്ങളുടെ outlet ആയിരുന്നോ?
ആ ആശ്വാസത്തിന്റെ വാതിൽ അടഞ്ഞപ്പോൾ, ദുഃഖം വഴിതെറ്റി മനസ്സിന്റെ ഇടുക്കുകളിൽ കയറി ഇരുണ്ട നിഴലുകളായി മാറിയോ?

download

രാത്രിയിൽ ബെഡ്റൂമിന്റെ ജനാലയിലൂടെ കാത്തിയുടെ വീട്ടിലേക്കു നോക്കി. വെളിച്ചമില്ലാത്ത ജാലകങ്ങൾ. ഉറക്കഗുളികയുടെ ആലസ്യത്തിൽ അവൾ എല്ലാം മറന്നുറങ്ങുന്നുണ്ടാകാം. പക്ഷേ മനസ്സിന്റെ മുറിവുകൾ ഉണക്കാൻ മരുന്നുണ്ടോ?

ഉറക്കം വരാതെ കിടന്നപ്പോൾ ടെലിവിഷനിൽ Louvre Museum-ലെ ഒരു ലോകപ്രശസ്ത ചിത്രത്തെക്കുറിച്ചുള്ള വിവരണം. Mona Lisa — മോഷണത്തിനിരയായിട്ടും, ആയിരങ്ങൾക്കു മുമ്പിൽ കാഴ്ചവെച്ചിട്ടും, അവൾ പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി — സംശയവും ദുഃഖവും രഹസ്യവും ചേർന്ന ഒരു നിശ്ശബ്ദ നിലവിളി പോലെയോ?

കാത്തിയെ കാണുമ്പോൾ പലപ്പോഴും ആ മുഖം ഓർമ്മ വരുമായിരുന്നു. ഒരു കവിളിൽ പുഞ്ചിരി… മറുകവിളിൽ മുത്തുപോലെ ഒരു കണ്ണീർത്തുള്ളി. അധ്യാപികയുടെ ശാന്തമായ പുഞ്ചിരി. സിംഗിൾ മദറിന്റെ ഉറച്ച പുഞ്ചിരി. എന്നാൽ ആ പുഞ്ചിരിയുടെ പിന്നിൽ അടങ്ങിയിരുന്നത് എത്ര മൗനമായ നിലവിളികളായിരുന്നു?

മോണാലിസയുടെ പുഞ്ചിരിയിലേക്ക് മനസ്സ് തിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ അത് വീണ്ടും കാത്തിയുടെ കണ്ണീരിലേക്കാണ് വഴുതി വീണത്.

മനുഷ്യൻ ഒറ്റപ്പെടുമ്പോൾ രണ്ടുവഴികൾ മാത്രം — ഒരാൾ മാർസിൽ കുടുങ്ങിയാലും ജീവനോടെ തുടരാനുള്ള പോരാട്ടം തിരഞ്ഞടുക്കാം. മറ്റൊരാൾ, ചുറ്റും ആളുകൾ നിറഞ്ഞാലും, മനസ്സിന്റെ ഇരുണ്ട ഗുഹകളിൽ ഒറ്റപ്പെടാം.

ഉറക്കത്തിന്റെയും ഉണർവിന്റെയും ഇടയിൽ തലയിണയിൽ മുഖം അമർത്തി കിടന്നപ്പോൾ, കാത്തിയുടെ ശബ്ദം വീണ്ടും കേട്ടു —
“ഹാരീ…”
“Don’t leave me alone…”

അവളുടെ പ്രിയപ്പെട്ട ഹാരി ഭൂലോകത്തിനുമപ്പുറമുള്ള ഏതോ ശാന്തിതീരത്ത് ശാന്തി നഷ്ടപ്പെട്ട് വിതുമ്പുന്നുണ്ടാവുമോ? അതോ അവളുടെ മനസ്സിന്റെ തകർന്ന കണ്ണാടിത്തുണ്ടുകളിൽ പ്രതിഫലിക്കുന്ന ഒരു ഓർമ്മയുടെ നിഴലോ?

ചിന്തകളെ മാറ്റിനിർത്താൻ ശ്രമിച്ച് പതുക്കെ നിദ്രയുടെ നീരാഴിയിലേക്ക് മുങ്ങുമ്പോഴും, ആരൊക്കെയോ സ്വന്തം വിജനഗ്രഹങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്നുവെന്ന ബോധം മനസ്സിനെ അലോസരപ്പെടുത്തി കൊണ്ടേയിരുന്നു.

കാത്തിയുടെ വിഹ്വലതകളുടെ നോവ് പുതച്ച്, ഉറക്കത്തിന്റെ അബോധതലങ്ങളിൽ ഞാൻ ഒരു പൊങ്ങുതടി പോലെ അലയടിച്ചു കിടന്നു — ആരോ ഒരാൾ തന്റെ ‘മാർസ്’ വിട്ട് തിരിച്ചു വരും എന്ന പ്രതീക്ഷയുടെ വെളിച്ചം ദൂരെയായി മിന്നിമറയുന്നതു കാണുന്നവളായി…


ബീനാ മോഹൻ 
യാത്രകളുടെയും മനുഷ്യഹൃദയങ്ങളുടെയും ഇടവഴികളിലൂടെ സഞ്ചരിക്കുന്നൊരു സൂക്ഷ്മദർശിനിയാണ്. ജീവിതാനുഭവങ്ങളുടെ നനുത്ത നിറങ്ങളും അന്തർലോകത്തിന്റെ വിഹ്വലതകളും ചേർത്ത് എഴുത്തിനെ ഒരു ആത്മയാത്രയായി രൂപപ്പെടുത്തുന്ന എഴുത്തുകാരി. ഹൃദയ വഴികളിലെ അക്ഷരപ്പൂക്കൾ എന്ന ഒരു Book (travelogue + Short stories) Publish ചെയ്തിട്ടുണ്ട്. Puzha.com പോലെയുള്ള online platform കളിൽ എഴുതാറുണ്ട്. FB ലും മിക്കവാറും സജീവമായി എഴുതാറുണ്ട്.
ബിരുദാനന്തര ബിരുദം....മുമ്പ് ഇന്ത്യാ പോസ്റ്റിൽ ജോലി ചെയ്തിരുന്നു.....ഇപ്പോൾ ഭർത്താവിനൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു. രണ്ട് പെൺമക്കൾ കാനഡയിലും യുകെയിലും സ്ഥിരതാമസമാക്കി..... മാനേജ്മെന്റ് കൺസൾട്ടന്റും ഐടി പ്രൊഫഷണലും. മിക്ക സമയവും പെൺമക്കളോടൊപ്പം വിദേശത്താണ്..
story