/kalakaumudi/media/media_files/2026/02/25/what-2026-02-25-18-45-25.jpeg)
തുടച്ചി
കഥ
ഫൈസി മന്ദലാംകുന്ന്
വെള്ളിയാഴ്ച പുലർച്ചെ നാലുമണി.."കന്നിനു വെള്ളം കൊടുത്തോ" സുബൈദ ഉറക്കെ വിളിച്ചു ചോദിച്ചു.
"കൊടുത്തു"
അലിമോൻ ഉറക്കെ തന്നെ ഉത്തരവും പറഞ്ഞു.
"ആ തെങ്ങിന്റെ ചുവട്ടിലേക്ക് മാറ്റി കെട്ടിക്കോ"
അലിമോൻ പോത്തിനെ ഇറച്ചിക്കടയുടെ പുറകിലുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് മാറ്റി കെട്ടി...
അപ്പോഴേക്കും അവരുടെ മറ്റു രണ്ട് സഹായികളായ കബീറും റസാക്കും അവിടെ എത്തിയിരുന്നു.
രണ്ട് കാലിലും കൂച്ചുവിലങ്ങിട്ട് കെട്ടി പോത്തിനെ ചെരിച്ചു കിടത്തി കഴുത്ത് ഒരു സൈഡിലേക്ക് തിരിച്ചുപിടിച്ച് ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന ആപ്തവാക്യം കൊണ്ട് തുടക്കമിട്ട് തക്ബീറിൽ അവസാനിപ്പിച്ച് സുബൈദ പോത്തിനെ അറുത്തു.
കുറച്ചു സമയത്തിന് ശേഷം
"എടാ ബാക്കി നോക്കിക്കോണേ ഞാനിപ്പോ വരാം കുട്ടികളെ സ്കൂളിലേക്ക് അയക്കട്ടെ "
/filters:format(webp)/kalakaumudi/media/media_files/2026/02/25/peeling-2026-02-25-19-15-54.jpg)
അലിമോന് പിന്നെയും എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു സുബൈദ വേഗം വീട്ടിലേക്ക് നടന്നു.
ഒരു വാഹനാപകടത്തിൽ കരീം മരിച്ചിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു.
അയൽക്കാരനായ
പയ്യന്റെ കെെയ്യും പിടിച്ച്
പ്രായത്തിളപ്പിന്റ ആവേശത്തിൽ
ആ കൗമാരക്കാരി വയനാടൻ കുന്നിറങ്ങുമ്പോൾ ജീവിതമെന്ന തോണി ഏത് കടവിലേക്കാണ് ഒഴുകുന്നതെന്ന് അവൾക്കറിയില്ലായിരുന്നു.
കുറച്ചുകാലം ജീവിച്ചു...
ബന്ധങ്ങളും ബന്ധനങ്ങളും നഷ്ടമായതിന്റെ പേരിൽ കുറെയേറെ കരഞ്ഞു.
പിന്നെയും പിടിച്ചു നിന്നു..
ജീവിതം വഴിമുട്ടിയ ഒരു ഘട്ടത്തിൽ കെട്ടിയവന്റെ ഇറച്ചിക്കച്ചവടം സുബൈദ ഏറ്റെടുക്കുകയായിരുന്നു.
ആദ്യമൊക്കെ പുറത്ത് നിന്നും ആളുകളെ വിളിച്ച് അറവ് നടത്തിയിരുന്നു. അവരുടെ കൂടെ നിന്നും കണ്ടും സുബൈദ അത് പെട്ടെന്ന് പഠിച്ചെടുത്തു . ഇന്നിപ്പോൾ അക്കാര്യത്തിൽ അവരെ വെല്ലാൻ ഒരു പുരുഷന് പോലും കഴിയുമെന്ന് തോന്നുന്നില്ല.
മൂത്തമകൾ നജിതാക്ക് വയസ്സ് പതിനാറുണ്ട്. അതിന് താഴെ ഒരു ആൺകുട്ടി നബീൽ അവന് പത്തു വയസ്സ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. നജിത പത്താം ക്ലാസ്സിൽ ഒരുവട്ടം തോറ്റു.
ഇപ്പോൾ ഫെയിൽഡ് ബാച്ചായി
അക്ഷര പാരലൽ കോളേജിൽ പോകുന്നുണ്ട്. രാവിലെ ചോറും കറിയും വെച്ച് കൊടുത്താൽ വീട്ടിലെ മറ്റു ചെറിയ പണികളുമെല്ലാം പാരലൽ കോളജിൽ പോകുമ്പേഴേക്കും നജിത നോക്കിക്കോളും.
അറവുകാരി സുബൈദ ആ നാട്ടിൽ ഒരു തരംഗമായിരുന്നു. പൊതുവേ ഈ രംഗത്ത് കുറവായിരുന്ന സ്ത്രീകൾക്കിടയിലേക്ക് സുബൈദ കയറിവന്നത് ചില മുറു മുറുപ്പുകൾ ചില അസ്വാരസ്യങ്ങൾ ഒക്കെ പലരിലും ഉണ്ടാക്കിയിട്ടുണ്ട് പ്രത്യേകിച്ചും സമുദായത്തിനിടയിൽ... ചില ആളുകളിൽ അസൂയ പോലും ഉടലെടുത്തിട്ടുണ്ട്
"ഇത്രേം ബല്യ പോത്തിനെ അറക്കാൻ ഒരു പെണ്ണോ"
സുബൈദാക്ക് വയസ്സ് 45 കഴിഞ്ഞിട്ടുണ്ട്.
അവർ ലോകം കുറെ കണ്ടിട്ടുമുണ്ട് അതുകൊണ്ടുതന്നെ അവർ ആരെയും വകവെച്ചില്ല. എന്റെ നാക്കിന് ഒരല്പം നീളം കൂടുതൽ തന്നെയാണെന്ന് അവൾ തീർത്തു പറഞ്ഞു. തന്റെ ഭർത്താവിന്റെ ഒരു ഫുൾക്കൈ കുപ്പായവും ഒരു ലുങ്കിയും ആണ് അവളുടെ വേഷം.
ചിലർ അടക്കം പറഞ്ഞു.
"അത് ആണാണെന്ന് തോന്നുന്നു"
പെണ്ണാണെന്ന് തെളിയിക്കുന്ന അവയവങ്ങൾ മുഴച്ചു നിന്നപ്പോൾ വീതിയുള്ള ഒരു തോർത്ത് നെഞ്ചിൽ ഇട്ടു കൊണ്ട് അവൾ അതിനെ മറച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/25/abstract-halloween-texture-design-2026-02-25-19-16-19.jpg)
കടയിലെ ഇറച്ചിയും ചോരയും മറ്റു വേസ്റ്റുകളും മുണ്ടിൽ ആകാതിരിക്കാൻ അവൾ മുണ്ട് മടക്കിക്കുത്തി നിന്നു.
പിന്നെ അതൊരു ശീലമായി..
അങ്ങനെ അവൾ നാട്ടുകാർക്ക് ആണൊരുത്തിയായി...
മറ്റു ചിലർക്ക് അവൾ ഫെമിനിച്ചിയായി...
സാധാരണക്കാരായ ചിലർ അവളെ മുണ്ടു താത്ത എന്ന് വിളിച്ചു .
അങ്ങനെ അവരെ പലരും പലപ്പോഴും പല പേരിൽ വിളിച്ചിരുന്നു.എങ്കിലും കാദർ തുടങ്ങിവച്ച തുടച്ചി എന്ന പേരാണ് നാട്ടുകാർ അവൾക്കായി പതിച്ചു നൽകിയത്.
ചന്തയിൽ അവൾ മുണ്ട് മടക്കി കുത്തി തന്നെ നിൽക്കും.
നീ ആരെടാ എന്ന ഭാവം മുഖത്ത് നിഴലിക്കും. ഇറച്ചി വാങ്ങാൻ വന്ന ചില എമ്പോക്കികൾ പോത്തിന്റെ ചോരത്തുടിപ്പുള്ള തുടയിലേക്ക് നോക്കുന്നതിന് പകരം അവളുടെ തുടയിലേക്ക് കൊതിയോടെ നോക്കി.
അവളുടെ മുറുക്കിച്ചുവപ്പിച്ച വായിൽ നിന്ന് നിന്ന് ഒരാട്ടുകിട്ടുന്നത് വരെ മാത്രം.
ആ കൊതിക്കുറവ് നികത്താൻ പലരും അവളെ രഹസ്യമായി "തുടച്ചി" എന്ന് വിളിച്ചു.
നാട്ടിലെ കൊടികെട്ടിയ പോക്കിരിയായ കാദറിന്റെ മുഖത്തടിച്ചതായിരുന്നു തുടച്ചി എന്ന പേര് നാട്ടുകാർ അരക്കിട്ടുറപ്പിക്കാൻ കാരണം ഇറച്ചിക്കടയിൽ എത്തിയ കാദർ അറുത്തു വിൽക്കാൻ വേണ്ടി കെട്ടി തൂക്കിയിരിക്കുന്ന മാംസഭാഗത്ത് കൈവെച്ചു ഉഴിഞ്ഞുകൊണ്ട് ആ വഷളൻ ചോദ്യം ചോദിച്ചു.
"നിന്റെ തുടക്ക് എന്താടീ വില രണ്ടിനും ഒരേ വിലയാണോ"
അതോടെ കാദറിന്റെ മുഖം പോത്തിൻ ചോര പതിഞ്ഞ കൈപ്പത്തിക്കൊപ്പം തിണർത്തു കിടന്നു. കാദറിന് അതൊരു നാണക്കേടും വൈരാഗ്യവുമായി.
തുടച്ചി എന്ന പേര് നാട്ടുകാരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ കാദർ മുൻപന്തിയിൽ തന്നെ നിന്നു.
ഒപ്പം ചില സിൽബന്ധികളും
അങ്ങനെ സുബൈദയും തുടയും ഒക്കെ നാട്ടിൽ പലപല കഥകളായി പ്രചരിച്ചു...
മഴയും വെയിലും മാറിമാറി വന്നു.
ജനനങ്ങളും മരണങ്ങളും ഉണ്ടായി
ഇതിനിടയിൽ എപ്പോഴോ
തുടച്ചി എന്ന പേര് ഒരു കുടുംബപ്പേരോ സ്ഥാനപ്പേരോ പോലെ നാട്ടിൽ ഒരു സാധാരണ പേരായി മാറി.
ഭാര്യമാർ ഭർത്താക്കന്മാരോട് പറഞ്ഞു ആ തുടച്ചിയുടെ കടയിൽ നിന്നും വാങ്ങിച്ചാൽ മതി ട്ടാ..
ഉമ്മമാർ കുട്ടികളോട് പറഞ്ഞു തുടച്ചി താത്തയുടെ കടയിൽ നിന്നും വാങ്ങിക്കോ...
അതൊരു വിശ്വാസമായിരുന്നു നല്ലത് കിട്ടും എന്ന വിശ്വാസം അറവിലും അളവിലും സുബൈദ ചതി കാണിക്കാറില്ല...
സുബൈദയുടെ പണിക്കാർ അവളുടെ ഗുണ്ടകൾ ആണെന്നാണ് നാട്ടിൽ സംസാരം.
കബീറും അലി മോനും റസാക്കും എല്ലാം ഒന്നിനൊന്ന് പോന്നവർ തന്നെ..
അതുകൊണ്ടുതന്നെ തന്റേതായ ഒരു ലോകം ആ മാർക്കറ്റിൽ സൃഷ്ടിച്ചെടുക്കാൻ വളരെ പെട്ടെന്ന് തന്നെ അവൾക്ക് കഴിഞ്ഞു.
കഥ അറിയാവുന്നവരും മുതിർന്നവരും രഹസ്യമായി അവളെ തുടച്ചി എന്ന് വിളിച്ചപ്പോൾ കുട്ടികളിലേക്ക് എത്തിയപ്പോൾ അത് പരസ്യമായ തുടച്ചിതാത്ത ആയി മാറി. പക്ഷേ കുട്ടികളുടെ ആ വിളി സുബൈദ ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു.
വീണ്ടും വേനലും വിഷുവും വല്യപെരുന്നാളും വെള്ളിയാഴ്ചകളും ഏറെക്കടന്നു പോയി.
ഒരു വെള്ളിയാഴ്ച കച്ചവടം നടക്കുന്നതിനിടയിലാണ് കാദർ വീണ്ടും തുടച്ചിയുടെ കടയിലെത്തുന്നത്. ആ പഴയ സംഭവത്തിനുശേഷം കാദർ ആ വഴി വരാറെയില്ലായിരുന്നു .
"എന്താ കാദറെ.. ഇറച്ചി വേണോ.."!
സുബൈദ ദേഷ്യമോ പിണക്കമോ കാണിക്കാതെ തന്നെ ചോദിച്ചു. അല്ലെങ്കിലും അതൊക്കെ കഴിഞ്ഞിട്ട് മൂന്നുനാലു വർഷമായില്ലേ...
വീടും മക്കളും കച്ചവടവും ജീവിതവും അതിങ്ങനെ ഒരു പുഴ പോലെ ഒഴുകി കൊണ്ടിരിക്കും. അതിനിടയിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങളെ മനസ്സിൽ വച്ചു കൊണ്ടിരിക്കുന്നത് എന്തിന്? അന്ന് അവൻ ഒരു വേണ്ടാത്തത് പറഞ്ഞു അതിനുള്ള മറുപടി അപ്പോൾ തന്നെ കൊടുത്തു. സുബൈദയെ സംബന്ധിച്ചിടത്തോളം അത് അവിടെ തീർന്നു. പിന്നീട് അത് മനസ്സിൽ വച്ചിരിക്കേണ്ടതില്ലല്ലോ..
അല്ലെങ്കിലും വാശിയും ദേഷ്യവും കുനുറ്റും കുന്നായ്മയുമൊക്കെ മനസ്സിൽ വച്ചോണ്ടിരുന്നാൽ മയ്യത്തിന് കനം കൂടും..
കാദർ പരുങ്ങി നിൽക്കുകയാണ്.
"എന്താ കാദറെ ഇറച്ചി വേണ്ടേ"
സുബൈദ വീണ്ടും ചോദിച്ചു
"വേണ്ട"
"പിന്നെ"
ആ ചോദ്യത്തിൽ ചെറിയൊരു മൂർച്ച ഉണ്ടായിരുന്നു. ഇവൻ വീണ്ടും വെകിളിത്തരത്തിനു വന്നതാണോ എന്ന ചിന്തയും അവളിൽ നിറഞ്ഞു.
"എന്റെ മോള് ആശുപത്രിയിലാണ്..."
കാദറിന്റെ വിങ്ങി പൊട്ടുന്ന സ്വരം.
പൊതുവേ പരുക്കനായ കാദറിൽ നിന്ന് അങ്ങനെയൊരു സ്വരം സുബൈദ പ്രതീക്ഷിച്ചതെയല്ല.
"ആര് സഹലമോളോ? അവൾക്ക് എന്താ പറ്റിയെ "!
നിനക്ക് പൈസ വല്ലതും വേണോ!
അവളുടെ അലിവിന്റെ ആ പെൺസ്വരൂപം ഒന്നുണർന്നു.
സഹല മോളെ സുബൈദക്ക് നന്നായി അറിയാം നജിതയുടെ കൂടെയാണ് അവൾ പഠിക്കുന്നത് രണ്ടുപേരും കൂട്ടുകാരികളും ആണ്..
" മോൾക്ക് കിഡ്നിക്ക് അസുഖം ആണ് മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത് ഇപ്പോ അത്യാവശ്യമായി കുറച്ച് ബ്ലഡ് വേണം " " ഒ നെഗറ്റീവ്"
കാദറിന്റെ കണ്ണുകളിൽ നനവ്
"ക്ലബ്ബുകാരോട് അന്വേഷിച്ചപ്പോൾ ഇവിടെ നിങ്ങൾ മാത്രമേ ഉള്ളൂ 'ഒ' നെഗറ്റീവ് ഗ്രൂപ്പ് ഉള്ളത്"!
"അത്രേ ഉള്ളൂ ഞാൻ വരാലോ "
"അലിമോനെ കട നോക്കിക്കോണേ " "ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം"
എന്ന് പറഞ്ഞ് അവൾ വീട്ടിലേക്ക് നടന്നു.
അത്ര ദൂരത്തൊന്നുമായിരുന്നില്ല ഹോസ്പിറ്റൽ അവിടെ എത്തുമ്പോൾ കാദറിന്റെ ഭാര്യ റഷീദ തളർന്നിരിപ്പുണ്ട്. സുബൈദയെ കണ്ടപ്പോൾ അവൾ കൈപിടിച്ച് വിങ്ങിപ്പൊട്ടി.
"എന്റെ മോള്"
സുബൈദ റഷീദയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
രക്തം കൊടുത്തതിനു ശേഷം സഹലമോളുടെ അടുത്തിരിക്കുമ്പോഴാണ് ഡോക്ടർ റൗണ്ട്സിന് വന്നത്..
" എന്തായി ഡോണറെ കിട്ടിയോ "
"ഇല്ല"
കാദർ സങ്കടം കൊണ്ട് തല താഴ്ത്തി കളഞ്ഞു.
"എത്രയും പെട്ടെന്ന് ഡോണറെ സംഘടിപ്പിക്കുക കഴിയാവുന്നതും വേഗം കിഡ്നി മാറ്റിവെക്കണം ഇല്ലെങ്കിൽ പിന്നെ..... "
ഡോക്ടർ അർദ്ധോക്തിയിൽ നിർത്തി....
ഒരു നിശബ്ദത അവിടെ പരന്നു . അതിനെ ഭേദിച്ചുകൊണ്ട് സുബൈദയുടെ ശബ്ദം കേട്ടു.
" എന്റെ കിഡ്നി മതിയാവുമോ ഡോക്ടറെ"
സർവ്വരും അത്ഭുതസ്തംബരായിപ്പോയി.
സർവ്വോപരി തന്റേടിയും ആരെയും കൂസാത്തവളുമായ സുബൈദ എന്ന തുടച്ചിയുടെ ആ ചോദ്യവും തീരുമാനവും അവരെ മാത്രമല്ല ആ നാടിനെ മൊത്തം ഞെട്ടിക്കുന്നതായിരുന്നു..
റഷീദ സുബൈദയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കാദറും നിലത്തേക്ക് ഇരുന്നു പോയി സുബൈദയുടെ കാൽക്കലേക്ക് എന്നവണ്ണം.
ഡോക്ടർ മാത്രം ചിരിച്ചു.
സഹലമോളുടെ ഓപ്പറേഷൻ കഴിഞ്ഞു. ആരെയും കാത്തു നിൽക്കാതെ വർഷങ്ങൾ പിന്നെയും കഴിഞ്ഞു പോയി. സഹലക്കും നജിതാക്കും കല്യാണപ്രായമായി ഇപ്പോൾ ഇറച്ചിക്കട നടത്തുന്നത് കാദറാണ്. സുബൈദയോട് ഏറ്റവും അടുപ്പമുള്ള അയൽക്കാരനും നാട്ടുകാരനും സഹോദരനും കാദർ തന്നെ. കൂടെപ്പിറപ്പിനേക്കാൾ സ്നേഹം.
സഹോദരങ്ങളാകാൻ ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കണമെന്ന് ആരാണ് പറഞ്ഞത്.
സുബൈദയുടെ ഈ ത്യാഗത്തെക്കുറിച്ച് പിന്നീട് ആരോ ചോദിച്ചപ്പോൾ അവർ പറഞ്ഞു.
"എല്ലാ ഇറച്ചിയും വിൽക്കാനുള്ളതല്ല"
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
