കുവൈറ്റിൽ ട്രാഫിക് നിയമം കടുക്കുന്നു: ഗുരുതര നിയമലംഘനം നടത്തിയാൽ പ്രവാസികൾക്ക് നാടുകടത്തൽ

ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയാൽ പ്രവാസികളുടെ താമസരേഖ (റെസിഡൻസി) റദ്ദാക്കി അവരെ നാടുകടത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാദ് അൽ ഖത്തൂവൻ അറിയിച്ചു

author-image
Ashraf Kalathode
New Update
download (1)

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയാൽ പ്രവാസികളുടെ താമസരേഖ (റെസിഡൻസി) റദ്ദാക്കി അവരെ നാടുകടത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാദ് അൽ ഖത്തൂവൻ അറിയിച്ചു.

പുതിയ നിയമം നടപ്പിലാക്കിയ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം ഇത്തരത്തിൽ 15 പ്രവാസികളെ നാടുകടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തി എത്ര തവണ നിയമം ലംഘിച്ചു എന്നതല്ല, മറിച്ച് ലംഘനത്തിന്റെ ഗൗരവം പരിശോധിച്ചായിരിക്കും നടപടി സ്വീകരിക്കുക. അന്വേഷണത്തിന് ശേഷം ഡ്രൈവിംഗ് റെക്കോർഡുകൾ വിലയിരുത്തിയാകും നാടുകടത്തൽ നടപടികളിലേക്ക് കടക്കുക.

കർശന നിരീക്ഷണം, കനത്ത പിഴ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട് 35 കോടതി വിധികൾ പുറത്തുവന്നു. ഇതിൽ 11 പേർക്ക് തടവുശിക്ഷയും 24 പേർക്ക് പിഴയും ലഭിച്ചു. രണ്ട് മാസത്തെ തടവ്, ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കൽ, 1000 കുവൈറ്റ് ദിനാർ പിഴ എന്നിവയാണ് കോടതി വിധിച്ച പ്രധാന ശിക്ഷകൾ.

download

അമിതവേഗത, അപകടകരമായ രീതിയിലുള്ള വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയവയാണ് ഗുരുതര നിയമലംഘനങ്ങളുടെ പട്ടികയിൽ വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കുമെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ ക്യാമറകൾ സ്ഥാപിച്ചതോടെ ഇത്തരം നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നുണ്ട്.

ലൈസൻസ് പുതുക്കലിനും നിബന്ധനകൾ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും നിലനിർത്തുന്നതിനും നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റമുണ്ടായാൽ ലൈസൻസ് റദ്ദാക്കും. മിനിമം 600 ദിനാർ ശമ്പളം, സർവ്വകലാശാല ബിരുദം, രണ്ട് വർഷത്തെ താമസം തുടങ്ങിയ മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കാത്ത വിഭാഗക്കാർക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. ജോലി മാറുന്നതിലൂടെയോ മറ്റോ ഈ യോഗ്യതകൾ നഷ്ടമായാൽ ലൈസൻസ് തിരികെ നൽകേണ്ടി വരും.

കുട്ടികൾ വാഹനമോടിച്ചാൽ മാതാപിതാക്കൾ കുടുങ്ങും ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർദ്ധിക്കുന്നതിൽ അധികൃതർ ആശങ്ക രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ മാത്രം ഇത്തരത്തിൽ 232 കുട്ടികളെയാണ് പിടികൂടിയത്. കുട്ടികൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്ന മാതാപിതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വാഹന ഉടമയ്ക്ക് പിഴയും തടവും ലഭിക്കാൻ ഇത് കാരണമാകും.

പുതിയ ട്രാഫിക് നിയമം നിലവിൽ വന്നതോടെ രാജ്യത്തെ വാഹനാപകടങ്ങളിൽ 54 ശതമാനവും മരണനിരക്കിൽ 75 ശതമാനവും കുറവുണ്ടായതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമങ്ങൾ കർശനമായി പാലിക്കുന്നത് വഴി പിഴകളിൽ നിന്നും നാടുകടത്തൽ നടപടികളിൽ നിന്നും പ്രവാസികൾക്ക് രക്ഷനേടാമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

traffic