കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ കുത്തനെ കുറഞ്ഞു; റോഡുകളിൽ അച്ചടക്കം തിരിച്ചുവരുന്നു

നിയമലംഘനങ്ങൾ വൻതോതിൽ കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കിയതും പരിശോധനകൾ ശക്തമാക്കിയതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്.

author-image
Ashraf Kalathode
New Update
download

കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ ഗതാഗത നിയമലംഘനങ്ങൾ വൻതോതിൽ കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കിയതും പരിശോധനകൾ ശക്തമാക്കിയതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. പ്രത്യേകിച്ച് റൗണ്ട് എബൗട്ടുകളിലും ട്രാഫിക് സിഗ്നലുകളിലും മറ്റിതര പ്രധാന ജംഗ്ഷനുകളിലും ഉണ്ടായിരുന്ന നിയമലംഘനങ്ങളിൽ അഭൂതപൂർവമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഒക്ടോബറിൽ ഒരു ദിവസം മാത്രം 823 ഓവർലാപ്പിംഗ് (വരി തെറ്റിച്ചുള്ള ഡ്രൈവിംഗ്) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, ജനുവരി 5 തിങ്കളാഴ്ച ഇത് വെറും 45 ആയി കുറഞ്ഞു. ഡ്രൈവർമാർക്കിടയിൽ നിയമത്തോടുള്ള പ്രതിബദ്ധത വർധിച്ചതിന്റെ തെളിവാണിതെന്ന് സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കർശന നടപടികളുമായി മന്ത്രാലയം: റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. വരി തെറ്റിച്ചുള്ള ഡ്രൈവിംഗിന് 15 ദിനാറും, മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നതിന് 20 ദിനാറുമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ വാഹനം രണ്ട് മാസം വരെ പിടിച്ചെടുക്കാനും കോടതിയിലേക്ക് കേസ് റഫർ ചെയ്യാനും നിയമം അനുശാസിക്കുന്നു.

പുതുവർഷത്തിന്റെ തുടക്കത്തിൽ നടത്തിയ പരിശോധനകളിൽ അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനും 60 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 19,000 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 254 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, താമസം നിയമം ലംഘിച്ച 11 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 4 പേരെയും പിടികൂടി.

റോഡുകളിൽ അച്ചടക്കം കൊണ്ടുവരുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി വിട്ടുവീഴ്ചയില്ലാത്ത പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

traffic violations