/kalakaumudi/media/media_files/2026/03/01/whatsap-2026-03-01-12-00-58.jpeg)
തെഹ്‌റാൻ: മുപ്പത്തിയാറ് വർഷമായി ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ "ഓപ്പറേഷൻ എപിക് ഫ്യൂറി" (Operation Epic Fury) എന്ന സൈനിക നീക്കത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചത്. തെഹ്‌റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതിയും ഓഫിസും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലുണ്ടായ ശക്തമായ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖാംനഈയുടെ മകളും ഭർത്താവും കൊച്ചുമകനും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) തലവനും പ്രധാന സുരക്ഷാ ഉപദേഷ്ടാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/03/01/whatsapp-i-2026-03-01-12-04-23.jpeg)
ഇറാനിയൻ മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' (Truth Social) വഴി ഖാംനഈ കൊല്ലപ്പെട്ട വിവരം ലോകത്തെ അറിയിച്ചിരുന്നു.
"ലോകത്തിലെ ഏറ്റവും ക്രൂരരായ ഭരണാധികാരികളിൽ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്." - ട്രംപ് കുറിച്ചു.
ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനും ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ശക്തമായ മിസൈൽ പ്രത്യാക്രമണം നടത്തി. കുവൈറ്റ്, യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണം ഈ സംഘർഷത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/03/01/whatsapp-2026-03-01-12-04-44.jpeg)
1989-ൽ ആയത്തുല്ല ഖൊമേനിയുടെ മരണശേഷം ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ഖാംനഈ, രാജ്യത്തിന്റെ സൈനിക, രാഷ്ട്രീയ, മത മേഖലകളിൽ അനിഷേധ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഇസ്രായേലിനും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂപീകരിച്ച 'പ്രതിരോധ അച്ചുതണ്ടിന്റെ' (Axis of Resistance) പ്രധാന ശക്തിയും അദ്ദേഹമായിരുന്നു.
ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അടിയന്തര യോഗം രാജ്യത്തെ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' ഉടൻ വിളിച്ചുചേർക്കുമെന്നാണ് വിവരം. നിലവിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സമിതി ഭരണകാര്യങ്ങൾ നിയന്ത്രിക്കും.
കടപ്പാട്: IRANA, BBC, Al Jazeera, Reuters, Associated Press (AP).
റിപ്പോർട്ട്:
ശാഫി എം.കെ / ജിതേഷ് രാജൻ താഴത്ത്, കുവൈറ്റ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
