നീയും ഞാനും ഒറ്റയാകുമ്പോൾ -കഥ – രജിത മോഹൻ ഏണിക്കര

മരവിച്ചുപോയ ഉമിനീർ ഗ്രന്ഥികൾക്ക് ഇപ്പോൾ ദാഹജലത്തിനായി തുടിക്കാൻ പോലും ശക്തിയില്ല. ശരീരം മുഴുവൻ ഉണങ്ങി പൊടിഞ്ഞുപോയതുപോലെ. എങ്കിലും എൻ്റെ ചോട്ടു — അവളെക്കുറിച്ച് ചിന്തിക്കുമ്പോൾ മാത്രം — അറിയാതെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-25 at 10.39.01 AM

നീയും ഞാനും ഒറ്റയാകുമ്പോൾ
കഥ – രജിത മോഹൻ ഏണിക്കര

...............................................................

എൻ്റെ പ്രിയ മെയ്തേൻ,

എന്നെപ്പോലെ അനവധി മനുഷ്യർക്കിടയിൽ ജീവിച്ചിരുന്നെങ്കിലും, ഇന്നിവിടെ ഞാൻ അത്യന്തം ഏകാകിനിയാണ്. ഇടതൂർന്ന കുറ്റിക്കാടുകളുടെ നിശ്ചല നിഴലുകൾക്കു താഴെ, ചൂടേറ്റു പൊട്ടിത്തെറിച്ച ഈ പാറക്കെട്ടുകൾക്കിടയിൽ, ഒരു നിശ്വാസത്തിൻ്റെയോ ഇമയനക്കത്തിൻ്റെയോ ചെറു ശബ്ദം പോലും ഇല്ലാതെ പകലുകളും രാത്രികളും അനവധി തവണ വന്നുപോയി. കാലം കടന്നുപോകുന്നതു പോലും ഇവിടെ കേൾവിയില്ലാത്ത ഒരു നിശ്ശബ്ദ വേദനയായി മാത്രം അനുഭവപ്പെടുന്നു.

മരവിച്ചുപോയ ഉമിനീർ ഗ്രന്ഥികൾക്ക് ഇപ്പോൾ ദാഹജലത്തിനായി തുടിക്കാൻ പോലും ശക്തിയില്ല. ശരീരം മുഴുവൻ ഉണങ്ങി പൊടിഞ്ഞുപോയതുപോലെ. എങ്കിലും എൻ്റെ ചോട്ടു — അവളെക്കുറിച്ച് ചിന്തിക്കുമ്പോൾ മാത്രം — അറിയാതെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ എൻ്റെ വറ്റിയ നാവിനെ നനയ്ക്കുന്നു. വെന്തമണ്ണിൽ പതിഞ്ഞുപോയ കാലുകൾ ഒന്നുയർത്തി മാറ്റാനാകുന്നില്ലെനിക്ക്. ഈ നിലയിൽ എന്നെ ആരും ഒന്നിനും നിർബന്ധിച്ചിട്ടില്ല, എന്നിട്ടും ഞാൻ ഇങ്ങനെയായിരിക്കുന്നു...!

നീയും... അങ്ങനെ തന്നെയോ?

കണ്ണുകൾ ഇറുകെയടച്ചിട്ടും കട്ടിയുള്ള ചെമന്നവെയിൽ കൺപോളകളെ കുത്തിത്തുളയ്ക്കുന്നു. തീപ്പൊരി പോലെ വീഴുന്ന വെളിച്ചം ചർമത്തിനുള്ളിലേക്ക് വരെ കടന്നുചെന്ന് നാഡികളെയാകെ ചൂടാക്കുന്നു. ഇവിടെനിന്നാൽ എനിക്ക് സിംഫാൽ താഴ്‌വരയാകെ കാണാം — നദിക്കരയിൽ തിങ്ങിനിൽക്കുന്ന പ്രാപ്പിടിയൻ പക്ഷികളെ, അവയുടെ മൂർച്ചയേറിയ നഖങ്ങളിൽ കോർത്തെടുത്ത നിശ്ചല ശരീരങ്ങളെ. ആ കാഴ്ചകളിൽ മനുഷ്യജീവിതത്തിന്റെ വിലാപം ഒളിഞ്ഞിരിക്കുന്നു.

അവിടെ സ്ത്രീനഗ്നത പ്രദർശിപ്പിക്കപ്പെടുന്ന ഘോഷയാത്രയിൽ നീയും ഞാനും അവരുമെല്ലാം ബിംബങ്ങളാകുന്നു. ശരീരങ്ങൾ മാത്രം ദൃശ്യമായ, ആത്മാക്കൾ മൂടിക്കെട്ടിയ ഒരു ക്രൂര ഉത്സവം. നാടുവാഴി മൗനിയായിരിക്കുന്നു — വിശുദ്ധമെന്ന് കരുതുന്ന ചെങ്കോൽ ചുഴറ്റിചുംബിച്ച് വേദഗ്രന്ഥങ്ങൾക്കിടയിൽ അടയാളമാക്കി വയ്ക്കുന്നു. ധർമ്മം പേജുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നു; അധർമ്മം തെരുവുകളിൽ ഉല്ലസിക്കുന്നു. ഇനിയുമുണ്ടായേക്കാം ഇതുപോലുള്ള നാടകങ്ങൾ — കൃത്രിമ കരച്ചിലും നിർദയ അട്ടഹാസവും നിറഞ്ഞ രക്തനാടകങ്ങൾ.

നാടകങ്ങളിൽ:
"ആരവിടെ!"

പിന്നെ അട്ടഹാസം. പിന്നണി മന്ത്രമുഖരിതമാകുമ്പോൾ കളഭത്താലങ്ങളിൽ സുഗന്ധധൂപങ്ങൾ ചുറ്റിപ്പടരും. അക്രമത്തിന്റെ ദുർഗന്ധം മറയ്ക്കാൻ കൃത്രിമമായ വിശുദ്ധവാസനകൾ.

“കൊണ്ടുവരിക കീടങ്ങളെ!”
അടിമകളോട് ആജ്ഞാപിക്കും.

പകൽമുഴുവനും തെരുവിനു കെട്ടുകാഴ്ചയായ പെൺശരീരങ്ങൾ കീടങ്ങളായി പ്രഖ്യാപിക്കപ്പെടും. വെന്തും വിയർത്തും കിതച്ചും മുറിപ്പെട്ടും, മത്സരിച്ച കാമപ്പെയ്ത്തുകൾക്ക് നിലമായവർ — അവർക്ക് മനുഷ്യപ്പേരില്ല, മനുഷ്യബഹുമാനമില്ല. തെരുവോരത്തെ തണലിൽ തളർന്നുവീഴുമ്പോൾ പൊന്നുതമ്പുരാൻ്റെ കിങ്കരന്മാർ, പ്രച്ഛന്നരൂപികളായി അരങ്ങുതകർക്കും. അവിടെ കലാപകാരികൾക്കും നിയമപാലകർക്കും ഒരേ വേഷം എങ്ങനെ വന്നുവെന്ന് നീയും ചിന്തിച്ചില്ലല്ലോ, അല്ലേ?

പ്രിയ മെയ്തേൻ,
നിനക്കറിയില്ലേ അവർ എൻ്റെ സഹോദരിമാരായിരുന്നെന്ന്! അവരെ വിവസ്ത്രരാക്കിയവരിൽ, അവരുടെ കവിളുകളെയും ചുണ്ടുകളെയും സ്തനങ്ങളെയും മൃഗീയ ക്രൂരതയോടെ കടിച്ചുപറിച്ച പേപിടിച്ച നായകളിൽ നിൻ്റെ അനുജനോ, ജ്യേഷ്ഠനോ, അതോ നീയോ…?

ഇന്ന് സിംഫാൽ താഴ്‌വരയിൽ നിന്നെത്തിയ കാറ്റുപോലും “ഇനി നിന്നെക്കാണാതിരിക്കൂ” എന്നു പുലമ്പുന്നതെന്തിനാണ്? എൻ്റെ സഹോദരൻ്റെ നിണമിറ്റുന്ന ശിരസ്സ് അവിടെ പ്രദർശിപ്പിച്ചത് കണ്ടിട്ടാകുമോ? നെൽപ്പാടങ്ങളിൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ വെടിയേറ്റു വീഴുമ്പോൾ, വർഗ്ഗീയവിദ്വേഷത്തിന്റെ നഗ്നമായ അഴിഞ്ഞാട്ടം ഒരു ദേശത്തെ മനുഷ്യരെ കുരുതി കൊടുക്കുമ്പോൾ —

WhatsApp Image 2026-02-25 at 10.39.01 AM (1)

“ജാതി വർഗ്ഗവർണ്ണഭേദമേതുമില്ല നമ്മളിൽ
ഇന്ത്യയൊന്നൊരേവികാരമൊറ്റമർത്യരാക നാം.”

എന്ന് വരികൾ ചൊല്ലിക്കൊണ്ട് മണിപുരം കുന്നുകയറുന്നവരിൽ നിന്നു നീ ഇറങ്ങിവന്നാൽ, നീ പ്രതീക്ഷിക്കുന്നതുപോലെ —

“എൻ്റെ പ്രിയ കുക്കിനൂ”

എന്ന നിൻ്റെ വിളിയിൽ മയങ്ങി, നിൻ്റെ നെഞ്ചോട് ചേർന്നുനിന്ന് ഇരു കവിളിലും ചുംബനങ്ങളേറ്റുവാങ്ങി അങ്ങനെ… അങ്ങനെ നിൽക്കാൻ… എനിക്കാകുമോ? അറിയില്ല.

നമ്മൾ ഓടിനടന്ന മണിപുരം കുന്നുകളും, സ്വപ്നങ്ങൾ പങ്കിട്ടില്ലിക്കാടുകളും കത്തിയമർന്നിരിക്കുന്നു. പച്ചപ്പിൻ്റെ പകരം കരിഞ്ഞ ചാരമാണ്. തകർക്കപ്പെട്ട് അഗ്നിക്കിരയാക്കിയ ദേവാലയങ്ങൾ നോക്കി എൻ്റെ ഗോത്രക്കാരുടെ വിലാപം കേൾക്കാൻ നീ ചെവി ചേർത്താൽ, ഭൂമി തന്നെ കരയുന്നതു നിനക്കും കേൾക്കും. തോക്കുധാരികൾ എന്നെ തൊട്ടുതൊട്ടില്ലെന്ന പോലെ മുകളിലേയ്ക്കു കയറിപ്പോകുമ്പോൾ, ശ്വാസം നിലച്ചപോലെ ഞാൻ നിശ്ചലമാകുന്നു. ഇനിയുമെത്രനാൾ ഇവരുടെ കണ്ണിൽപ്പെടാതെ…? അറിയില്ല.

എൻ്റെ മാ, ബാപ്പു — അവരുടെ നിലവിളികൾ എൻ്റെ കാതുകളിൽ അനുനാദിക്കുന്നു. ശ്വാസം മുട്ടിപ്പിടയുന്ന എൻ്റെ ബാബുജി ഒരിറ്റുചൂടുവെള്ളത്തിനും വൈദ്യസഹായത്തിനുമായി കെഞ്ചിപ്പിടയുന്നതു ഞാൻ കേൾക്കുന്നു. എൻ്റെ ദീതിമാ അഭയാർത്ഥി ക്യാമ്പിനുള്ളിൽ പേറ്റുനോവിനാൽ പുളയുന്നതുപോലെ, ഞാനും എൻ്റെ അടിവയറുപുകഞ്ഞ് തുട നനഞ്ഞൊഴുകുന്നു. കൺമുന്നിൽ അപമാനിക്കപ്പെടുന്ന അമ്മയെ നോക്കാനാകാതെ അവിടെ ബന്ധനസ്ഥനായ ഒരു മകൻ — ആ അലർച്ച, ആ നിലവിളി, എല്ലാം എൻ്റെ കാതുകളിൽ തിളച്ച കാറ്റായി തുളച്ചുകയറുന്നു.

കൊലവിളിയുമായി പാഞ്ഞുനടക്കുന്നവർ സിംഫാൽ താഴ്‌വരയാകെ തകർത്തെറിയുമെന്ന് ഞാൻ ഭയക്കുന്നു. കാരണം ഞങ്ങൾക്കാവശ്യമുള്ളതൊന്നും മുകളിലേയ്ക്കയക്കാനവർ അനുവദിക്കുന്നില്ല. വികസനം എന്ന പേരിൽ മണിപുരം മലകളാകെ അളന്നു തൂക്കി അന്യദേശക്കാർക്ക് തീറെഴുതാനെങ്കിൽ; പൊന്നുതമ്പുരാൻ്റെ വളർത്തുനായകളുടെ യന്ത്രക്കയ്യുകളാൽ മാന്തിനിരത്തി മൃതസഞ്ജീവനി പാകാനും അവരുടെ പുഷ്പകവിമാനങ്ങൾക്ക് നിലമൊരുക്കാനും രാജപാതകൾ തെളിക്കാനുമെങ്കിൽ — എൻ്റെ ഗോത്രത്തിൻ്റെ ശവക്കല്ലറ സിംഫാൽ താഴ്‌വരകളിൽ തീർക്കപ്പെട്ടേക്കാം.

ഇനിയുമൊരുപാട് പറയാനുണ്ട്. ഹൃദയത്തിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങൾ ഇനിയും രക്തം ചിന്തുന്നു. പക്ഷേ നമ്മുടെ… നമ്മുടെ ചോട്ടു വഴിക്കണ്ണുമായി നിന്നെ കാത്തിരിക്കുന്നു.

“കുക്കിമാ” എന്നു എന്നെ വിളിച്ച്, വിശന്ന വയറുമായി, പേടിച്ച്, കരഞ്ഞുതളർന്ന്, ഓടിനടക്കുന്നു.

ഹോ! അവളെ ഓർക്കുമ്പോൾ എൻ്റെ വറ്റിയ മുലകൾ വീണ്ടും ചുരക്കുന്നതുപോലെ പനിച്ചുവിങ്ങുന്നു. ഹൃദയം പൊട്ടിത്തെറിക്കുന്നതുപോലെ. കുഞ്ഞാണെങ്കിലും അത് പെണ്ണാണ്. അവരുടെ കണ്ണിൽപ്പെട്ടാൽ… പിന്നെ ഞാനും.

എങ്കിലും ഞാനിറങ്ങട്ടെ.

നമുക്കു പിരിയാനാകുമോ മെയ്തേൻ?
എന്നും…

നിൻ്റെ മാത്രം കുക്കിനു.

story