/kalakaumudi/media/media_files/2026/02/12/traffic-dubai-2026-02-12-12-03-16.jpg)
ദുബായ് നഗരത്തിലെ റോഡുകളിൽ അനുഭവപ്പെടുന്ന വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് പിന്നിൽ വിനോദസഞ്ചാരമോ വിനോദയാത്രകളോ അല്ല പ്രധാന കാരണമെന്ന് ഗതാഗത വിദഗ്ധർ വ്യക്തമാക്കുന്നു. നഗരത്തിലെ റോഡ് ട്രാഫിക്കിന്റെ 90 ശതമാനവും ജോലി, ബിസിനസ് സംബന്ധമായ യാത്രകൾ മൂലമാണെന്ന് പ്രമുഖ ട്രാഫിക് സുരക്ഷാ വിദഗ്ധൻ ഡോ. മുസ്തഫ അൽ ദാഹ് ചൂണ്ടിക്കാട്ടി. സ്കൂൾ സമയങ്ങളിലും ഓഫീസുകൾ തുറക്കുന്ന വേളയിലുമുള്ള തിരക്കാണ് പ്രധാനമായും റോഡുകളെ സ്തംഭിപ്പിക്കുന്നത്.
രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ഭൂരിഭാഗം ആളുകളും ഒരേ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സമയം യാത്ര ചെയ്യുന്നത് റോഡുകളുടെ ശേഷിയേക്കാൾ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ കാരണമാകുന്നു. ദുബായിലെ റോഡ് ശൃംഖലകൾ അതിനൂതനമാണെങ്കിലും, ഈ നിശ്ചിത സമയങ്ങളിലെ വാഹനപ്പെരുപ്പം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ വേണ്ടിയുള്ള യാത്രകൾ വളരെ കുറഞ്ഞ ശതമാനം മാത്രമേ വരുന്നുള്ളൂവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഗതാഗതക്കുരുക്കിന് പരിഹാരമായി കമ്പനികൾ ഫ്ലെക്സിബിൾ വർക്കിംഗ് ടൈം (Flexible working hours) ഏർപ്പെടുത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (Work from home) പ്രോത്സാഹിപ്പിക്കുന്നതും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിക്കായി പുറപ്പെടുന്ന സമയം ഓരോ സ്ഥാപനങ്ങളും വ്യത്യസ്ത രീതിയിൽ ക്രമീകരിച്ചാൽ റോഡുകളിലെ സമ്മർദ്ദം കുറയ്ക്കാനാകും. അതോടൊപ്പം പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
