/kalakaumudi/media/media_files/2026/01/25/2780776-2026-01-25-11-54-30.webp)
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് മുന്നോടിയായി പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 'ഫിറ കുവൈത്ത്' (FIRA Kuwait) ചർച്ചാ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന സംഗമത്തിൽ കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫിറ സ്ഥാപക കൺവീനർ ബാബു ഫ്രാൻസീസിനെ ചടങ്ങിൽ ആദരിച്ചു. പ്രവാസി സമൂഹത്തിനിടയിലെ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ നാമനിർദ്ദേശത്തെ സംഗമം വിലയിരുത്തിയത്. ബാബു ഫ്രാൻസീസ് സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാന ആവശ്യങ്ങൾ പ്രവാസികൾ നേരിടുന്ന നിരന്തരമായ പ്രശ്നങ്ങൾ കേരള സർക്കാരിന്റെയും ലോക കേരള സഭയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. പ്രവാസികൾക്ക് വിദേശത്ത് നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുക. പ്രവാസി പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുക. നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന 'നോർക്ക കെയർ' ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൂടുതൽ വിപുലപ്പെടുത്തുക. നാട്ടിലേക്കുള്ള വിമാനയാത്ര നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക. തുടങ്ങിയ വിഷയങ്ങളിൽ തയ്യാറാക്കിയ നിവേദനം ലോക കേരള സഭയിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫിറ ജോയിന്റ് കൺവീനർ ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതം പറഞ്ഞു. മധു മാഹി, നിജിൻ ബേബി, സക്കീർ പുതുനഗരം, അനിൽ കുമാർ, അജിത നായർ തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഫിറ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബത്താർ വൈക്കം നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
