കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടന്‍ രവി കിഷന്‍. ഹിന്ദി സിനിമ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരയാകും എന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. ചെറുപ്പത്തില്‍ ആളുകള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് 55കാരനായ നടന്‍ തുറന്നു പറഞ്ഞത്. എന്നാല്‍ എളുപ്പവഴിയിലൂടെ ആര്‍ക്കും താരമാകാന്‍ ആവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ ചെറുപ്പവും കാണാന്‍ സുന്ദരനും ഫിറ്റും കയ്യില്‍ പൈസയില്ലാത്തവനുമാണെങ്കില്‍ ചില ആളുകള്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കും. സിനിമയില്‍ മാത്രമല്ല ഒരുപാട് മേഖലകളില്‍ ഇത് നടക്കുന്നുണ്ട്. ശരിയാകും എന്ന വിശ്വാസത്തില്‍ അവര്‍ ശ്രമിക്കും. - കിഷന്‍ വ്യക്തമാക്കി.
തനിക്കും ചെറുപ്പത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ സഹിക്കേണ്ടിവന്നു. ഞാന്‍ മെലിഞ്ഞതായിരുന്നു നീണ്ട മുടിയുണ്ടായിരുന്നു. ഞാന്‍ കമ്മലണിഞ്ഞിരുന്നു. അതേസമയം വിജയത്തിന് കുറുക്കുവഴിയില്ല എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇത്തരം എളുപ്പവഴി സ്വീകരിച്ച നിരവധി പേരെ എനിക്ക് അറിയാം. പിന്നീട് അവര്‍ ക്ക് അതില്‍ കുറ്റബോധമുണ്ടായി.അങ്ങനെയുള്ളവർ പിന്നീട് ലഹരിക്ക് അടിമപ്പെടുകയോ സ്വയം ജീവനെടുക്കുകയോ ചെയ്യുന്നു. എളുപ്പവഴിയിലൂടെ താരങ്ങളായ ആരെയും ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ സമയം വരും, അതിനായി ക്ഷമയോടെ കാത്തിരിക്കണം. എനിക്കു വേണ്ടി സൂര്യനുദിക്കുമെന്ന് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു. 90കളിലെ എന്റെ സുഹൃത്തുക്കളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരെല്ലാം സൂപ്പര്‍താരങ്ങളായി. പക്ഷേ ഞാന്‍ എന്റെ സമയത്തിനായി കാത്തിരുന്നു.- രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു.