അമേരിക്കയില്‍ നാളെ ഒരുലക്ഷം പേര്‍ രാജിവയ്ക്കും

ഗവണ്‍മെന്റിന്റെ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്‍ പാസാക്കാന്‍ എതിര്‍പക്ഷമായ ഡെമോക്രാറ്റുകള്‍ വിമുഖത കാട്ടുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ട്രംപും ഡെമോക്രാറ്റ് നേതാക്കളും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചയും നടത്തും

author-image
Biju
New Update
us

വാഷിങ്ടണ്‍: അമേരിക്കയില്‍ നാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുന്നത് ഒരുലക്ഷം പേര്‍. വിവിധ വകുപ്പുകളുടെ പുനഃസംഘടനയുടെയും ചെലവുചുരുക്കലിന്റെയും ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന 'സ്വയം വിരമിക്കല്‍' പദ്ധതിപ്രകാരമാണ് കൂട്ടരാജി.

ഗവണ്‍മെന്റിന്റെ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്‍ പാസാക്കാന്‍ എതിര്‍പക്ഷമായ ഡെമോക്രാറ്റുകള്‍ വിമുഖത കാട്ടുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ട്രംപും ഡെമോക്രാറ്റ് നേതാക്കളും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചയും നടത്തും. ചര്‍ച്ച പൊളിഞ്ഞാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിലേക്ക് അതു നയിക്കുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേര്‍ ഫെഡറല്‍ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുന്നത്. പദ്ധതിപ്രകാരം ആകെ രാജിവയ്ക്കുന്നത് 2.75 ലക്ഷം പേരാണ്. ഇവരെ തുടക്കത്തില്‍ 8 മാസത്തെ ലീവിലേക്കാണ് പറഞ്ഞുവിടുക. ഈ 8 മാസവും ശമ്പളം ലഭിക്കും. വിരമിക്കല്‍ ആനുകൂല്യമായി മൊത്തം 14.8 ബില്യന്‍ ഡോളറിന്റെ (1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടം നേരിടും. എന്നാല്‍, ഇത്രയും പേര്‍ രാജിവയ്ക്കുന്നതു വഴി പ്രതിവര്‍ഷം 28 ബില്യന്‍ ഡോളര്‍ (2.5 ലക്ഷം കോടി രൂപ) ഗവണ്‍മെന്റിന് ലാഭിക്കാനാകുമെന്നാണ് വൈറ്റ്ഹൗസിന്റെ വിലയിരുത്തല്‍.

'സ്വയം വിരമിക്കല്‍ പദ്ധതിക്ക്' (വിആര്‍എസ്) സമാനമാണ് ട്രംപ് ഭരണകൂടം നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 'ഡിഫറഡ് റെസിഗ്‌നേഷന്‍' ഓഫര്‍. ഇതു അംഗീകരിച്ചാണ് 2.75 ലക്ഷം പേര്‍ പടിയിറങ്ങുന്നതും. അതേസമയം, പലരെയും നിര്‍ബന്ധിച്ച് പദ്ധതിയില്‍ ചേര്‍ക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ, പണിപോകുന്ന പലരും അതു രഹസ്യമായി വയ്ക്കാനും താല്‍പര്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ജോലി തേടുന്നതിന് ഈ 'രഹസ്യാത്മകത' സഹായിക്കുമെന്ന് അവര്‍ കരുതുന്നു. ഫെഡറല്‍ സര്‍വീസില്‍ തന്നെ വൈകാതെ തിരിച്ചുകയറാനാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

donald trump