കേംബ്രിജ്: കാലാവസ്ഥാ പ്രവചനത്തിന് നൂതനമായ ആര്‍ട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ പുറത്തിറക്കി കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍. ആഡ്വാക്ക് വെതര്‍ എന്ന പുതിയ എ.ഐ സംവിധാനത്തിന് നിലവിലുള്ള കാലാവസ്ഥാ പ്രവചന രീതികളേക്കാള്‍ ആയിരം മടങ്ങാണ് വേഗത. കാലാവസ്ഥാ പ്രവചന രീതികളില്‍ക്ക് മുതല്‍ക്കൂട്ടാകും ആഡ്വാക്ക് എഐയുടെ കണ്ടുപിടുത്തം. കൂടുതല്‍ വേഗത്തിലുള്ളതും, ചെലവ് കുറഞ്ഞതും, കൃത്യതയുള്ളതുമാക്കി മാറ്റാന്‍ ഇതിന് സാധിക്കും. എട്ട് ദിവസത്തെ വരെ കാലാവസ്ഥാ പ്രവചനം കൃത്യമായി നടത്താനാവുമെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ എഐ സംവിധാനങ്ങള്‍ക്ക് അഞ്ച് ദിവസത്തെ പ്രവചനമാണ് സാധിക്കുക. പുനരുപയോഗ ഊര്‍ജ നിര്‍മാണ കമ്പനികള്‍ക്ക് കാറ്റിന്റേ വേഗം അളക്കാനും കൃഷിക്കാര്‍ക്ക് താപനില അളക്കാനും നിര്‍ദ്ദിഷ്ട വ്യവസായങ്ങള്‍ക്കും മറ്റുമുള്ള സ്ഥലത്തെ കാലാവസ്ഥ പ്രവചിക്കാനും ആഡ്വാക്ക് ഉപയോഗിക്കാനാവും. കാലാവസ്ഥാ പ്രവചനത്തിനായി നിലവില്‍ ഉപയോഗിക്കുന്ന എഐ സാങ്കേതിക വിദ്യകള്‍ സങ്കീര്‍ണമായാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ പലതിനും സൂപ്പര്‍ കംപ്യൂട്ടറുകളില്‍ പോലും പ്രോസസ് ചെയ്യാനാകാത്ത വിധം സമയമെടുക്കും. എന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ക്കെല്ലാം പകരമാവുകയാണ് ആഡ്വാക്ക് എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍. ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, കാലാവസ്ഥാ നിരീക്ഷണ സെന്‍സറുകള്‍ എന്നിവയിലെയെല്ലാം വിവരങ്ങള്‍ ഉപയോഗിച്ചാണ് ആഡ്വാക്കിന്റെ പ്രവര്‍ത്തനം.