/kalakaumudi/media/media_files/2025/02/01/hqHB2m5VhTvdzJqtnfCl.jpg)
Balochistan
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ബലോച് സ്വാതന്ത്ര്യ സമര പോരാളികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥരും 12 സ്വാതന്ത്ര്യസമര പോരാളികളും കൊല്ലപ്പെട്ടു. മാംഗോച്ചാര്‍ മേഖലയില്‍ രാത്രിയില്‍ റോഡ് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പാകിസ്താന്‍ ആര്‍മിയുടെ മീഡിയ വിംഗ് ഐഎസ്പിആര്‍ പറയുന്നതനുസരിച്ച്, ജനുവരി 31 നും ഫെബ്രുവരി 1 നും രാത്രി കാലാട്ട് ജില്ലയിലെ മംഗോച്ചാര്‍ പ്രദേശത്ത് ബലോച് സ്വാതന്ത്ര്യ സമര പോരാളികള്‍ റോഡ് തടയാന്‍ ശ്രമം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തടയുകയും പരസ്പരം ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. ബലൂചിസ്ഥാന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശത്രുക്കളുടെ പ്രേരണയാലുള്ള ഭീകര പ്രവര്‍ത്തനമാണ് നടന്നതെന്ന് പാകിസ്താന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിക്കുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. നിരവധി വര്‍ഷങ്ങളായി ഇവിടെ സുരക്ഷാ സ്ഥിതി വളരെ മോശമാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന പോരാളികളും സൈനികരുമായി ഇവിടെ നിരന്തരം ഏറ്റുമുട്ടല്‍ നടക്കാറുണ്ട്. കൂടാതെ താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ആകെ 444 ഭീകരാക്രമണങ്ങള്‍ ആണ് ഉണ്ടായത്. 685 സൈനികര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.