കാനഡയിലെ വെടിവയ്പ്പ്: പ്രതി 18 വയസ്സുള്ള ട്രാന്‍സ്‌ജെന്‍ഡര്‍; ആദ്യം അമ്മയെ കൊന്നു

പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം, പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി

author-image
Biju
New Update
trans

ഒട്ടാവ: കാനഡയിലെ സ്‌കൂളില്‍ ഒന്‍പതുപേരെ വെടിവച്ച് കൊലപ്പെടുത്തിയത് 18 വയസ്സുള്ള ട്രാന്‍സ് വുമണ്‍ ആണെന്ന് പൊലീസ്. ജെസ്സി വാന്‍ റൂട്ട്സെലാര്‍ എന്നാണ് പ്രതിയുടെ പേരെന്നും സ്‌കൂളിലെ വെടിവെപ്പിന് മുന്‍പ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം, പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലെത്തിയ ജെസ്സി സ്‌കൂളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിച്ചു.

വീട്ടില്‍വെച്ച് ആദ്യം അമ്മയെയും സഹോദരനെയുമാണ് ജെസ്സി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്‌കൂളിലെത്തി ആക്രമണം തുടരുകയായിരുന്നു. ഒരു അധ്യാപികയും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ് ഇവിടെവെച്ച് കൊല്ലപ്പെട്ടവര്‍. ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായ ജെസ്സി നാലുവര്‍ഷം മുന്‍പ് പഠനം ഉപേക്ഷിച്ചിരുന്നു. ജെസ്സിയുടെ പേരില്‍ നേരത്തേ ഒരു തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇതിന്റെ കാലാവധി കഴിഞ്ഞതായാണ് വിവരം. പ്രതിയുടെ വീട്ടില്‍നിന്ന് നേരത്തേ ആയുധങ്ങളും കണ്ടെടുത്തിരുന്നു. മാനസികപ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ജെസ്സിയെക്കുറിച്ചുള്ള ആശങ്കകള്‍ പൊലീസ് പലതവണ കുടുംബത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ പലതവണ പൊലീസ് സംഘം ജെസ്സിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തുകയും ഒരിക്കല്‍ മാനസികാരോഗ്യ നിയമപ്രകാരം പരിശോധനയ്ക്കായി ജെസ്സിയെ കസ്റ്റഡിയിലെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.