/kalakaumudi/media/media_files/2025/09/08/nepa-4-2025-09-08-21-39-15.jpg)
കാഠ്മണ്ഡു:നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു.
അഴിമതിക്കും സമൂഹമാധ്യമങ്ങള്‍ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ നിരോധനത്തിനും എതിരെ കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
ഉച്ചകഴിഞ്ഞ് 3:30 മുതല്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും, തലസ്ഥാന നഗരിയിലെ പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. കാഠ്മണ്ഡുവില്‍ മാത്രം വിവിധ ആശുപത്രികളിലായി കുറഞ്ഞത് 17 പേരുടെ മരണം സ്ഥിരികരിച്ചിട്ടുണ്ട്. പരിക്കേറ്റ 347 പേരില്‍ നിരവധി ആളുകള്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഫെഡറല്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും വെടിയുണ്ടകളും ഉപയോഗിച്ചു. പൊഖാറ, ബിരാട്‌നഗര്‍, ജനക്പുര്‍, ഹെറ്റൗഡ, നേപ്പാള്‍ഗഞ്ച് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും സമാനമായ പ്രതിഷേധങ്ങള്‍ വ്യാപിച്ചു.
ഝാപ്പയില്‍, പ്രകടനക്കാര്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ വസതിക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് പലതവണ വെടിയുതിര്‍ത്തു. ടയറുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍ ഈസ്റ്റ്-വെസ്റ്റ് ഹൈവേയുടെ പല ഭാഗങ്ങളും ഉപരോധിച്ചു. സുരക്ഷാ സേനയും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. സമാധാനപരമായി വിയോജിക്കാനുള്ള അവകാശം ഭരണഘടനയും അന്താരാഷ്ട്ര നിയമവും ഉറപ്പുനല്‍കുന്നുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. അക്രമങ്ങളിലേക്കും അമിതമായ ബലപ്രയോഗത്തിലേക്കും കാര്യങ്ങള്‍ നീങ്ങിയത് 'ഖേദകരമാണെന്നും' അവര്‍ വിശേഷിപ്പിച്ചു.
വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളില്‍ ഒത്തുകൂടലുകള്‍ക്കും സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയും നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചുമാണ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്. പരിക്കേറ്റവരുടെ എണ്ണം കൂടിയതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തില്‍, കാഠ്മണ്ഡുവിലെയും മറ്റ് പട്ടണങ്ങളിലെയും പ്രധാന കവലകളില്‍ സുരക്ഷാ സേന പട്രോളിംഗ് തുടരുകയാണ്.