ഇസ്രായേലിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം;രണ്ട് മരണം,അഞ്ചുപേർക്ക് പരിക്ക്

ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

author-image
Greeshma Rakesh
New Update
2 killed by hezbollah rocket fire in northern israel

2 killed by hezbollah rocket fire in northern israel

ടെൽ അവീവ്: ഇസ്രായേലിന്​ നേരെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഹൈഫയിൽ റോക്കറ്റ് വർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിര്യത് ശമോനയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ലബനാനിൽ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ഹൈഫ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കിൽ റോക്കറ്റ് പതിച്ച് വൈദ്യുതി തടസ്സപ്പെട്ടു. മേഖലയിൽ പരക്കെ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു.

ലബനാന് നേരെ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണങ്ങൾക്കിടെ മാരകമായ തിരിച്ചടി നേരിട്ട ദിവസമാണ് ഇന്നലെയെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തിൽ മുതിർന്ന സൈനികോദ്യോഗസ്ഥൻ കൊല്ല​പ്പെട്ടിരുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം, ഹൈഫയുടെ തെക്ക് കാർമൽ മേഖലയിലേക്ക് ഹിസ്ബുല്ല അയച്ച രണ്ട് മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശ​പ്പെട്ടിരുന്നു. സെപ്റ്റംബർ 23ന് ലബനാന് ​നേരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഹിസ്ബുല്ല 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് ഐ.ഡി.എഫ് പറയുന്നത്. ഹിസ്ബുല്ല ആക്രമണം ഭയന്ന് 2023 ഒക്‌ടോബർ മുതൽ 60,000 ഇസ്രായേലി പൗരന്മാരെ മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

അതിനിടെ, ദക്ഷിണ ലബനാനിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ. ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി ഇവിടെ വിന്യസിച്ചു. വ്യാപക വ്യോമാക്രമണത്തിനൊപ്പമാണ് അധികമായി കരസേനയെ അയച്ചത്. സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്തും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ലബനാനിൽ ഇതിനകം 2100 ലേറെ പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വടക്കൻ ഗസ്സയിൽ കൂട്ട കുടിയൊഴിപ്പിക്കൽ നാലുലക്ഷം പേരെ പുതുതായി അഭയാർഥികളാക്കിയതിന് പിറകെ ഗസ്സയിലെ കുരുതിയുടെ കണക്ക് 42,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 45 പേർകൂടി കൊല്ലപ്പെട്ടതോടെ സ്ഥിരീകരിച്ച മരണസംഖ്യ 42,010 ആയി. 97,720 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 10,000ലേറെ പേരിൽ ഏറെയും കെട്ടിടാവശിഷ്ടങ്ങളിൽ വീണ്ടെടുക്കാനാവാത്ത വിധം ജീവൻ പൊലിഞ്ഞവരാണ്.

ഗസ്സയിലുടനീളം കനത്ത ബോംബിങ്ങിനൊപ്പം വടക്കൻ ഗസ്സയിൽ കരസേന നീക്കവും തുടരുകയാണ്. ലബനാനിൽ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ യു.എസും യു.എന്നും കടുത്ത മുന്നറിയിപ്പ് നൽകിയത് അവഗണിച്ചാണ് വീണ്ടും സൈനികരെ കൂട്ടമായി എത്തിച്ചത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തി വഴി നിരവധി ലബനാൻ ഗ്രാമങ്ങളിൽ ഇസ്രായേൽ സൈന്യം കടന്നുകയറിയെന്നും റിപ്പോർട്ടുണ്ട്. ഇവിടങ്ങളിൽ വ്യാപക കുടിയൊഴിപ്പിക്കലും തുടരുകയാണ്.

ഡമസ്കസിലെ മെസ്സീഹിൽ ഇറാൻ ഉദ്യോഗസ്ഥർ താമസിച്ചതെന്ന് കരുതുന്ന കെട്ടിടങ്ങളിലാണ് മൂന്ന് ഇസ്രായേൽ മിസൈലുകൾ പതിച്ചത്. ഗോലാൻ കുന്നുകളിൽനിന്നായിരുന്നു മിസൈൽ വർഷം. സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ സ്വന്തം പൗരന്മാരില്ലെന്ന് ഇറാൻ അറിയിച്ചു. അതിനിടെ, വടക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുകയാണ്.



hezbollah israel hezbollah war lebanon israel