ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേരെ കാണാതായി. കോഗി സംസ്ഥാനത്തെ ഡാംബോയ്ക്ക് സമീപം നൈജര്‍ നദിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ തിരക്കേറിയ നദീജലപാതയാണിത്.
ഇരുപതുകൊല്ലത്തോളം പഴക്കമുള്ള ബോട്ടാണു മറിഞ്ഞത്. മരിച്ചവരിലേറെയും വനിതകളാണെന്നാണ് വിവരം. ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നകാര്യം വ്യക്തമല്ല. യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ലെന്ന് സ്‌റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി പ്രതിനിധി സാന്‍ഡ്ര മുസ പറഞ്ഞു. അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന.
ബോട്ട് മറിയാനുള്ള കാരണം വ്യക്തമായിട്ടില്ല. ബോട്ട് ഓപ്പറേറ്റര്‍മാര്‍ ലൈഫ് ജാക്കറ്റുകള്‍ കരുതുന്ന പതിവില്ലെന്നും അതിനാല്‍ത്തന്നെ കണ്ടെടുത്ത മൃതദേഹങ്ങളിലൊന്നും ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും സാന്‍ഡ്ര മുസ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസവും നൈജര്‍ നദിയില്‍ ബോട്ട് മറിഞ്ഞിരുന്നു. അന്ന് നൂറുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അന്നും മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.