/kalakaumudi/media/media_files/2026/03/01/uae4-2026-03-01-19-32-36.jpg)
അബുദാബി: ഇറാന്‍ - അമേരിക്ക - ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന്റെ ഭാഗമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ 3 പേര്‍ കൊല്ലപ്പെട്ടു.100ലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടിയേക്കാമെന്നാണ് വിവരം.
ഇതോടെ യുഎഇയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മിസൈല്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്വകാര്യ - സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി ദുബായ് ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാല്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
