ഇസ്‌ലാമാബാദ് ∙ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മദ്രസയിലെ പ്രധാന ഹാളിൽ നടന്ന സ്ഫോടനത്തിൽ മതപുരോഹിതർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്
1947ല്‍ മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്. മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ ഈ മദ്രസയിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. അക്കാലം മുതല്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു മദ്രസ പ്രവര്‍ത്തിച്ചിരുന്നത്.
ചാവേർ ആക്രമണമാണ് നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാൻ ആയതിനാൽ സ്ഫോടന വിവരം രാജ്യാന്തര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. സ്ഫോടനത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു.