ലോകത്തിലെ ഏറ്റവും ക്രൂരനോ... എടുത്തുചാട്ടക്കാരനോ ഒക്കെ ആയി അറിയപ്പെടുന്ന നേതാവാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍... നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആണവായുധം പ്രയോഗിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന കിമ്മന്റെ 500 പട്ടാളക്കാരെ വധിച്ചുവെന്ന വാര്‍ത്തകഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
യുക്രൈന്‍ സൈന്യം റഷ്യയില്‍ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഒരു ജനറലും 500 ഓളം ഉത്തരകൊറിയന്‍ സൈനികരും അടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്. റഷ്യയെ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ അയച്ച സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ വലേറി സൊളോദ്ചക്ക് ആണ് കൊല്ലപ്പെട്ടത്.
കൂടാതെ റഷ്യയുടെ 18 ഓളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ ഒരു ജനറലിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈന്‍ ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ പ്രയോഗിക്കുന്നത്. ആക്രമണത്തില്‍ ഒരു കമാന്‍ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സൈനിക സംവിധാനങ്ങള്‍ തകര്‍ന്നതായും റഷ്യയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ഇനിയും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ അത് റഷ്യക്കും ഉത്തരകൊറിയയ്ക്കും അങ്ങേയറ്റം തിരിച്ചടിയാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ഒരു ഭൂഗര്‍ഭ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകള്‍ പ്രയോഗിച്ചത്. മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. യുക്രൈന്റെ ആക്രമണത്തിന്റെ തൊട്ടു പിന്നാലെ റഷ്യ കനത്ത തിരിച്ചടി നല്‍കിയതായും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 500ലധികം സൈനികരും ഉന്നത ജനറല്‍മാരും കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിസാരമൊരു പ്രത്യാക്രമണം എന്ന അവകാശവാദം മാത്രമാണോ ഉണ്ടായതെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഡിനിപ്രോ മേഖലയില്‍ തങ്ങള്‍ ഹൈപ്പര്‍സോണിക്ക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കിയത്. വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യ താക്കീത് നല്‍കിയതും ഈ സാഹചര്യത്തിലാണെന്നും പറയുന്നു.
റഷ്യയുടെ ആണവനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പുട്ടിന്‍ കൈക്കൊണ്ടതും ഇതിനെ തുടര്‍ന്നാണ്. റഷ്യയുടെ തെക്കും കിഴക്കും പ്രവിശ്യകളില്‍ ഉള്ള സൈനികരാണ് യുക്രകൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഡിഫന്‍സ് കോര്‍പ്പ് എന്ന സംഘടനയാണ് 500 ഓളം ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.
പതിനായിരത്തോളം ഉത്തരകൊറിയന്‍ സൈനികരാണ് റഷ്യയെ സഹായിക്കുന്നതിന് വേണ്ടി എത്തിയിരുന്നത്. സൈബീരിയന്‍ അതിര്‍ത്തിയിലാണ് ഇവര്‍ ഭൂരിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിംജോങ് ഉന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ റഷ്യയിലേക്ക് എത്തിയത്.
ഉത്തരകൊറിയയുടെ ഈ നീക്കത്തിന് എതിരെ നാറ്റോ സഖ്യകക്ഷികള്‍ പലരും രംഗത്ത് വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറുമെന്ന് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. ബ്രിട്ടന്റെ സ്റ്റോം ഷാഡോ മിസൈലുകള്‍ അതീവ പ്രഹരശേഷിയുള്ളവയാണ്. ജി.പി.എസ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ മിസൈല്‍ ആക്രമണം നടത്തുന്നത്.
കൂടുതല്‍ പ്രകോപിതരായ റഷ്യ ചില ബ്രിട്ടീഷ് സൈനികരെയും അറസ്റ്റ് ചെയ്തതായി റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യ നാറ്റോ സഖ്യത്തിന് എതിരെ ഒരാക്രമണത്തിന് തുനിഞ്ഞാല്‍ ആദ്യം ചാമ്പലാക്കാന്‍ പോകുന്ന രാജ്യം ബ്രിട്ടനായിരിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധമായ റിപ്പോര്‍ട്ട് കൈമാറി കഴിഞ്ഞതായും വര്‍ത്തകള്‍ എത്തിക്കഴിഞ്ഞു. മാത്രമല്ല, ഇറാന്‍ അനുകൂല ഗ്രൂപ്പായ ഹൂതികള്‍ക്ക് കൂടുതല്‍ ആധുനിക ആയുധങ്ങള്‍ നല്‍കി, ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പ്രധാന നാറ്റോ രാജ്യങ്ങളുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കാനും റഷ്യ ഇടപെടല്‍ നടത്തുന്നതായാണ് അമേരിക്കന്‍ ചേരി ആരോപിക്കുന്നത്. ഇതില്‍ തന്നെ ബ്രിട്ടീഷ് കപ്പലുകള്‍ പ്രധാന ടാര്‍ഗറ്റായി മാറുമെന്നാണ് നാറ്റോ സംശയിക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ, അമേരിക്കയുടെ യുക്രെയിന്‍ സഹായത്തിന് വിരാമമിടുമെന്നാണ് റഷ്യ കരുതുന്നത്. അമേരിക്കക്ക് ഒപ്പം നിന്ന് ഏത് നാറ്റോ രാജ്യം റഷ്യക്ക് നേരെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുമെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ട്.
തങ്ങളുടെ രാജ്യത്തേക്ക് ദീര്‍ഘദൂര മിസൈല്‍ അയക്കാന്‍ യുക്രെയിന് ബ്രിട്ടണ്‍ അനുമതി നല്‍കിയതും തുടര്‍ന്ന് യുക്രെയിന്‍ അത് പ്രയോഗിച്ചതുമാണ് ബ്രിട്ടനെ ശത്രുവായി പ്രഖ്യാപിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തിന് തൊട്ട് പിന്നാലെ, അത്യന്തം അപകടകാരിയായ ഒറെഷ്നിക് മിസൈല്‍ യുക്രെയിനിലേക്ക് തൊടുത്തുവിട്ട റഷ്യ ഈ മിസൈലിന്റെ പരിധിയില്‍ ബ്രിട്ടനെയും കൊണ്ടുവന്നിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.
ആണവ പോര്‍മുന വഹിക്കാന്‍ പറ്റുന്നതും ലോകത്ത് ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്തതുമായ ഈ മിസൈലിന്റെ ആദ്യ പരീക്ഷണത്തിന് ശേഷം ബ്രിട്ടണിലെ ആര്‍എഎഫ് ലേക്കന്‍ഹീത്ത് ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന ബ്രിട്ടീഷ് സൈനിക താവളങ്ങളില്‍ അജ്ഞാതമായ ഒന്നിലധികം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ട്.
ഇതാകട്ടെ, ആക്രമിക്കുന്നതിന് മുന്‍പായി റഷ്യ നടത്തിയ നിരീക്ഷണമായാണ് അമേരിക്കയും ബ്രിട്ടനും സംശയിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയാണ് അജ്ഞാത ഡ്രോണുകള്‍ സംബന്ധമായ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കന്‍ ആണവായുധങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച നിര്‍ണ്ണായക താവളമായാണ് ആര്‍എപ് ലേക്കന്‍ഹീത്ത് അറിയപ്പെടുന്നത്. ഇപ്പോഴും ആണവായുധം അവിടെ ശേഖരിക്കപ്പെട്ടിട്ടുള്ളതിനാല്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയാല്‍ ഈ താവളം മാത്രമല്ല, ബ്രിട്ടണ്‍ തന്നെയാണ് ഭൂപടത്തില്‍ ഇല്ലാതായി മാറുകയെന്നുറപ്പാണ്. കാണം സ്വന്തം സൈനികരെ ഇല്ലാതാക്കിയതിലൂടെ കിം ജോങ് ഉന്നും ആകെകലിപ്പിലായിരുക്കുകയാണ്.
ബ്രിട്ടന് എതിരായി പോര്‍മുന തിരിക്കുന്നതിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ ബ്രിട്ടന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടുന്ന കൂടുതല്‍ ദൃശ്യങ്ങളും റഷ്യ ഇപ്പോള്‍ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്. 2023 വരെ ബ്രിട്ടീഷ് ആര്‍മിയില്‍ സിഗ്നല്‍മാനായി സേവനമനുഷ്ഠിച്ച ജെയിംസ് സ്‌കോട്ട് റൈസ് ആന്‍ഡേഴ്സണ്‍ എന്ന യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്.
റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റുകള്‍ അടങ്ങുന്ന യുക്രെനിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്നതിനിടെയാണ്, ബ്രിട്ടീഷുകാരന്‍ പിടിക്കപ്പെട്ടിരിക്കുന്നത്. റഷ്യന്‍ പ്രദേശത്തിന് ഏകദേശം 5 കിലോമീറ്റര്‍ അകലെ പ്ലെഖോവോ ഗ്രാമത്തിനടുത്ത് നിന്നാണ് 22 കാരനായ യുവാവിനെ പിടികൂടിയതെന്നാണ് വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റഷ്യ ടുഡേയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.
യുവാവിനെ റഷ്യന്‍ സൈന്യം ചോദ്യം ചെയ്യുന്നതിന്റെ നിരവധി വീഡിയോകളും റഷ്യന്‍ ടെലിഗ്രാം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2019 മുതല്‍ 2023 വരെ ബ്രിട്ടീഷ് ആര്‍മിയിലെ 1-ാം സിഗ്നല്‍ ബ്രിഗേഡ്, 22 സിഗ്നല്‍ റെജിമെന്റ്, 252 സ്‌ക്വാഡ്രണ്‍ എന്നിവയില്‍. സിഗ്നല്‍മാനായി താന്‍ സേവനമനുഷ്ഠിച്ചതായി ആന്‍ഡേഴ്സണ്‍ സമ്മതിച്ചിട്ടുണ്ട്.
യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഇയാള്‍ ലണ്ടനില്‍ നിന്ന് പോളണ്ടിലെ ക്രാക്കോവിലേക്ക് പോവുകയും യുക്രെയിന്‍ അതിര്‍ത്തിയിലുള്ള മെഡികയിലേക്ക് എത്തുകയുമാണുണ്ടായത്. തന്റെ താല്‍പര്യത്തിന് വിരുദ്ധമായി നിര്‍ബന്ധിതമായാണ് തന്നെ റഷ്യന്‍ മണ്ണില്‍ യുദ്ധത്തിനായി അയച്ചതെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ മുന്‍ സൈനികനെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍, ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിരിക്കുകയാണ്. തടങ്കലില്‍ കഴിയുന്ന യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുകയാണെന്നു മാത്രമാണ് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം, ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം ആദ്യം, യുക്രെയിനുമായുള്ള പോരാട്ടത്തിനിടെ കോണ്‍വാളിലെ ഗണ്ണിസ്ലേക്കില്‍ നിന്നുള്ള ഒരു യുവാവിനേയും അജ്ഞാത സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. റഷ്യന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ യുക്രെയിന്‍ അവരുടെ ഏറ്റവും മികച്ച സായുധ സംഘത്തെയാണ് വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ബ്രിട്ടനിലേത് ഉള്‍പ്പെടെയുള്ള നിരവധി ചാവേറുകളും ആധുനിക ആയുധങ്ങളും ഉണ്ടെന്നാണ് റഷ്യ വിലയിരുത്തുന്നത്.
ഇതൊക്കെ ഉണ്ടായിട്ടും, റഷ്യയുടെ മുന്നേറ്റത്തിനു മുന്നില്‍, യുക്രെയിന് ഡോണ്‍ബാസ് മേഖല കൈവിട്ട് പോവുക മാത്രമല്ല അവിടെ മാത്രം, 34,500-ലധികം സൈനികരെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കുര്‍സ്‌കില്‍ നൂറുകണക്കിന് യുക്രെയിന്‍ സൈനിക ടാങ്കുകളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ബ്രിട്ടന്റെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും ടാങ്കുകളും ഉള്‍പ്പെടും. റഷ്യയുമായുള്ള യുദ്ധത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ സൈനികരുടെ കുറവ് നികത്താന്‍ യുക്രെയിന്‍ നിലവില്‍ വല്ലാതെ പാടുപെടുകയാണ്. ഇതിനു പുറമെയാണ്, സന്നദ്ധ പോരാളികള്‍ എന്ന രൂപത്തില്‍ ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെ അയച്ച കൂലിപടയാളികളുടെ ഒഴുക്കിലും കാര്യമായ കുറവുണ്ടായിരിക്കുന്നത്.
ഈ പാശ്ചാത്യ പ്രോക്സി യുദ്ധത്തില്‍, യുക്രെയിന്‍ ജനതയെ 'പീരങ്കികളുട കാലിത്തീറ്റ' ആയി സെലെന്‍സ്‌കി ഉപയോഗിക്കുകയാണെന്നാണ് റഷ്യ ഔദ്യഗികമായി പ്രതികരിച്ചിരിക്കുന്നത്. തന്റെ വ്യക്തിപരമായ അധികാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സെലെന്‍സ്‌കി ഈ കൂട്ടകൊലപാതകത്തില്‍ പങ്കാളിയാണെന്നും റഷ്യ ആരോപിച്ചിട്ടുണ്ട്.
യുക്രെയിന്‍ നുഴഞ്ഞുകയറ്റത്തെ സായുധ പോരാട്ടത്തിലെ ഒരു സുപ്രധാന വഴിത്തിരിവായാണ് റഷ്യ വിശേഷിപ്പിക്കുന്നത്. യുക്രെയിന്റെ എല്ലാ സൈനികരെയും കുര്‍സ്‌ക് മേഖലയില്‍ നിന്ന് പുറത്താക്കുന്നതുവരെ ഒരു സമാധാന ചര്‍ച്ചയും നടക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇതാണ് റഷ്യയുടെ നിലപാടെങ്കില്‍ യുക്രെയിനെ 'എത്ര കാലം വേണമെങ്കിലും' പിന്തുണയ്ക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പ്രതികരിച്ചിട്ടുണ്ട്്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്ന അനുമതിയും ഇതിന്റെ ഭാഗമാണ്. ഈ തെറ്റായ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുമ്പോള്‍, ബ്രിട്ടണ്‍ ഭയക്കുക തന്നെ വേണമെന്നാണ് നയതന്ത്രവിദഗ്ദ്ധരുടെ വിലയിരുത്തല്‍.