കുവൈത്ത് വിഷമദ്യ ദുരന്തം: 63 പേര്‍ ചികിത്സയില്‍, കൂടുതലും മലയാളികള്‍

മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരും 2 പേര്‍ നേപ്പാള്‍ സ്വദേശികളുമാണെന്നാണ് സൂചന. അതേസമയം എത്ര പേരാണ് മരിച്ചതെന്നല്ലാതെ ഏതൊക്കെ രാജ്യക്കാരാണ് എന്നതിനെക്കുറിച്ച് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല

author-image
Biju
New Update
kuwait

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വിവിധ ആശുപത്രികളിലായി 63 പേര്‍ ചികിത്സയിലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ദുരന്തത്തില്‍പ്പെട്ടവരില്‍ നാല്‍പതോളം പേര്‍ ഇന്ത്യക്കാരാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി. നാട്ടിലെ കുടുംബത്തിന് ബന്ധപ്പെടാന്‍ ഹെല്‍പ് ലൈന്‍ സജ്ജം. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് 965 65501587 എന്ന നമ്പറില്‍ വാട്‌സാപ്പിലോ അല്ലെങ്കില്‍ നേരിട്ടോ വിളിക്കാമെന്നും എംബസി അറിയിച്ചു.

മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരും 2 പേര്‍ നേപ്പാള്‍ സ്വദേശികളുമാണെന്നാണ് സൂചന. അതേസമയം എത്ര പേരാണ് മരിച്ചതെന്നല്ലാതെ ഏതൊക്കെ രാജ്യക്കാരാണ് എന്നതിനെക്കുറിച്ച് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. 

പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസി തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്. വിവിധ രാജ്യക്കാരായ 63 പേര്‍ക്കാണ് അദാന്‍, ഫര്‍വാനിയ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കിയതെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. 

ഒരേ സ്ഥലത്ത് നിന്ന് മദ്യം വാങ്ങി വിവിധ സ്ഥലങ്ങളില്‍ വച്ച് കഴിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. അല്‍ ഷുയൂഖ ബ്ലോക്ക് നാലില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് കിഡ്‌നി ഡയാലിസിസിന് വിധേയരായവരും വെന്റിലേറ്ററില്‍ കഴിയുന്നവരുമുണ്ട്. സ്ഥിരമായും ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

വിഷ മദ്യം കഴിച്ച 40 ഇന്ത്യക്കാരില്‍ ചിലര്‍ മരണമടഞ്ഞു. മറ്റ് ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ചലര്‍ അപകടനില തരണം ചെയ്തതായും ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആശുപത്രികളില്‍ കഴിയുന്ന ഇന്ത്യക്കാരെ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തിയതായും അധികൃതര്‍ പറഞ്ഞു. മികച്ച വൈദ്യ പരിചരണം ഉറപ്പാക്കുന്നതിനാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എംബസി വ്യക്തമാക്കി. 

ദുരന്തത്തിന് ഇരയായവരുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ എംബസി പ്രത്യേക ഹെല്‍പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എംബസി വ്യക്തമാക്കി.  

വിഷമദ്യ വില്‍പന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പരിശോധനയും കൂടുതല്‍ സമഗ്രമാക്കിയിട്ടുണ്ട്. മദ്യം കഴിച്ച് അവശനിലയിലായതായി സംശയിക്കപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

kuwait